എൽപിജി പാചകവാതക സിലിണ്ടറിന് സർക്കാർ സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കൾ ഓഗസ്റ്റ് 15-നകം നിർബന്ധമായും ഇ-കെവൈസി (e-KYC) നടപടികൾ പൂർത്തിയാക്കണമെന്ന നിർദ്ദേശവുമായി എണ്ണവിതരണ കമ്പനികൾ. നിശ്ചിത സമയത്തിനുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് എൽപിജി സബ്സിഡി ലഭിക്കുന്നത് തടസപ്പെടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഉൾപ്പെടെ സബ്സിഡി ലഭിക്കുന്ന എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും ഈ നിർദേശം ബാധകമാണ്. ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധനയിലൂടെ ഉപഭോക്താവിന്റെ വിവരങ്ങൾ സ്ഥിരീകരിക്കുന്നതാണ് ഇ-കെവൈസി നടപടിക്രമം. ഇതിലൂടെ സബ്സിഡി യഥാർഥ ഗുണഭോക്താക്കൾക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇ-കെവൈസി പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് സമീപത്തെ ഗ്യാസ് ഏജൻസിയിൽ നേരിട്ട് എത്തുകയോ, ബന്ധപ്പെട്ട എണ്ണക്കമ്പനികളുടെ മൊബൈൽ ആപ്പും ആധാർ ഫേസ് ഓതന്റിക്കേഷൻ സംവിധാനവും ഉപയോഗിക്കുകയോ ചെയ്യാം. ചില സ്ഥലങ്ങളിൽ സിലിണ്ടർ വിതരണം നടത്തുന്ന ജീവനക്കാർ മുഖേനയും ബയോമെട്രിക് പരിശോധന നടത്താനുള്ള സൗകര്യമുണ്ട്.
സമയപരിധിക്കുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കാതിരിക്കാനും പിന്നീട് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ കാലതാമസം നേരിടാനും സാധ്യതയുണ്ടെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. അതിനാൽ സബ്സിഡി തുടർന്നും ലഭിക്കണമെങ്കിൽ ഓഗസ്റ്റ് 15-നകം നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.




