“എന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങും?” ഏതൊരു പ്രവാസിയും ജീവിതത്തിൽ ഒരിക്കലെങ്കിലും അഭിമുഖീകരിക്കുന്ന ഏറ്റവും പ്രയാസമേറിയ ചോദ്യങ്ങളിലൊന്നാണിത്. സ്വന്തം നാടിനെയും വീടിനെയും സ്നേഹിക്കാത്തവരായി ആരുമില്ല. എങ്കിലും, പ്രവാസം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് സ്ഥിരമായി തിരികെ വരാൻ ഭൂരിഭാഗം പ്രവാസികളും ഇന്നും മടിക്കുകയോ അത്തരം തീരുമാനങ്ങൾ നീട്ടിവെക്കുകയോ ചെയ്യാറുണ്ട്. ഇതിന് പിന്നിൽ കേവലം പണം എന്ന ഘടകം മാത്രമല്ല, അവരുടെ കുടുംബത്തിന്റെ ഭാവി, ജീവിതസൗകര്യങ്ങൾ, മാനസികസമാധാനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രായോഗിക കാരണങ്ങളുണ്ട്. എന്തുകൊണ്ടാണ് 99% പ്രവാസികളും നാടണയാൻ മടിക്കുന്നത് എന്നും, അവരുടെ ആ തീരുമാനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
കുട്ടികളുടെ ഭാവി
വിദേശത്ത് ജനിച്ച് വളരുന്ന കുട്ടികൾക്ക് അവിടുത്തെ പഠനരീതിയും അന്തരീക്ഷവുമാണ് ശീലം. ഇന്ത്യയിലെ മത്സരപ്പരീക്ഷകളോടും കടുത്ത പഠനഭാരത്തോടും പൊരുത്തപ്പെടാൻ അവർക്ക് പ്രയാസമാണ്. വിദേശ രാജ്യങ്ങളിൽ പഠനം അനുഭവങ്ങളിലൂടെയും ആശയങ്ങൾ മനസ്സിലാക്കുന്നതിലൂടെയുമാണ് സാധ്യമാകുന്നത്. എന്നാൽ ഇന്ത്യയിലാകട്ടെ മനഃപാഠമാക്കുന്നതിനും ഉയർന്ന മാർക്ക് നേടുന്നതിനുമാണ് കൂടുതൽ പ്രാധാന്യം.റാങ്ക് നേടാനും പ്രവേശനം ഉറപ്പാക്കാനും വേണ്ടി നടത്തുന്ന JEE, NEET തുടങ്ങിയ കടുത്ത മത്സരപ്പരീക്ഷകൾ വിദേശത്ത് വളർന്ന കുട്ടികളിൽ വലിയ മാനസിക സമ്മർദ്ദവും ഭയവും ഉണ്ടാക്കുന്നു.
ട്യൂഷനുകളും കോച്ചിംഗ് ക്ലാസുകളും നിറഞ്ഞ ഇന്ത്യയിലെ വിദ്യാഭ്യാസ ശൈലി, വിദേശത്ത് സർഗ്ഗാത്മകതയ്ക്കും കായികരംഗത്തിനും പ്രാധാന്യം നൽകി വളർന്ന കുട്ടികളുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതായി തോന്നും. ക്ലാസ് മുറികളിലെ വലിയ വിദ്യാർത്ഥിയെണ്ണവും, അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കർശനമായ അച്ചടക്ക രീതികളും കുട്ടികൾക്ക് എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയില്ല. സ്കൂൾ പഠനത്തിനപ്പുറം വിനോദങ്ങൾക്കും വ്യക്തിവികസനത്തിനും സമയം ലഭിക്കാത്ത ഈ അന്തരീക്ഷം കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും പഠനത്തിൽ അവർ പിന്നാക്കം പോകാൻ കാരണമാവുകയും ചെയ്യുന്നു.
ജീവിതസൗകര്യങ്ങളും ട്രാഫിക്കും
വിദേശ രാജ്യങ്ങളിലെ വൃത്തിയുള്ള അന്തരീക്ഷം, മെച്ചപ്പെട്ട വായുഗുണനിലവാരം, കൃത്യമായ ഗതാഗത നിയമങ്ങൾ എന്നിവ പ്രവാസികൾക്ക് വലിയ ആശ്വാസമാണ്. ഇന്ത്യയിലെ വൻനഗരങ്ങളിലെ കടുത്ത ട്രാഫിക്കും മലിനീകരണവും അനുദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കാറുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലും ഗൾഫ് നാടുകളിലും വായുമലിനീകരണം വളരെ കുറവാണ്. വായുഗുണനിലവാര സൂചിക സാധാരണയായി വളരെ താഴ്ന്ന നിലയിലായിരിക്കും. എന്നാൽ ഇന്ത്യയിലെ ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങിയ വൻനഗരങ്ങളിൽ വായുമലിനീകരണം വളരെ കൂടുതലാണ്. ഇത് കുട്ടികളിലും പ്രായമായവരിലും ആസ്ത്മ, അലർജി, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവ ഉണ്ടാക്കാൻ കാരണമാകുന്നുണ്ട് .
സാമ്പത്തിക സുരക്ഷിതത്വം
ജോലിസ്ഥിരത, ഉയർന്ന ശമ്പളം, മികച്ച പെൻഷൻ, സേവിങ്സ് സൗകര്യങ്ങൾ എന്നിവ വിദേശത്ത് കൂടുതൽ ലഭിക്കുന്നു. നാട്ടിൽ വന്ന് പുതിയൊരു ബിസിനസ്സോ ജോലിയോ തുടങ്ങുന്നത് സാമ്പത്തിക റിസ്ക് ആണെന്ന് പലരും കരുതുന്നു. വിദേശ രാജ്യങ്ങളിൽ ചെയ്യുന്ന അതേ ജോലിക്ക് ലഭിക്കുന്ന ശമ്പളം ഇന്ത്യയില ലഭിക്കുന്നതിനേക്കാൾ പലമടങ്ങ് കൂടുതലായിരിക്കും. കറൻസി മൂല്യത്തിലുള്ള വ്യത്യാസം കാരണം, അവിടെ നിത്യച്ചെലവുകൾ കഴിഞ്ഞാലും വലിയൊരു തുക നാട്ടിലേക്ക് അയക്കാനും സമ്പാദിക്കാനും സാധിക്കും. എന്നാൽ ഇന്ത്യയിൽ ഉയർന്ന സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പോലും നികുതിയും ഉയർന്ന ജീവനച്ചെലവും കഴിഞ്ഞാൽ വലിയൊരു തുക സമ്പാദ്യമായി മാറ്റിവെക്കാൻ കഴിയില്ല. പാശ്ചാത്യ രാജ്യങ്ങളിലും മറ്റും കൃത്യമായ തൊഴിൽ നിയമങ്ങളും തൊഴിലാളി അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നു.
അധിക സമയം ജോലി ചെയ്താൽ ഓവർടൈം അലവൻസ് ലഭിക്കും. എന്നാൽ ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലകളിൽ പലപ്പോഴും ജോലിഭാരം കൂടുതലും ‘വർക്ക്-ലൈഫ് ബാലൻസ്’ കുറവുമായിരിക്കും. തൊഴിൽ നഷ്ടപ്പെട്ടാലും പുതിയൊരു ജോലി കണ്ടെത്തുന്നത് ഇന്ത്യയിലെ കടുത്ത മത്സര അന്തരീക്ഷത്തിൽ വളരെ പ്രയാസമാണ്. യൂറോപ്പ്, കാനഡ, സിംഗപ്പൂർ തുടങ്ങിയ പല വിദേശ രാജ്യങ്ങളിലും വ്യക്തമായ സോഷ്യൽ സെക്യൂരിറ്റി സംവിധാനങ്ങളുണ്ട്. വിരമിക്കൽ കാലത്തേക്ക് മികച്ച പെൻഷൻ പദ്ധതികൾ, മികച്ച സൗജന്യ ചികിത്സ അല്ലെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് എന്നിവ അവിടെ സർക്കാരുകൾ ഉറപ്പുനൽകുന്നു. എന്നാൽ ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ പെൻഷൻ ആനുകൂല്യങ്ങൾ വളരെ കുറവാണ്. ഭാവിയിലെ വലിയ വൈദ്യചികിത്സാ ചെലവുകൾ സ്വന്തം സമ്പാദ്യത്തിൽ നിന്ന് തന്നെ എടുക്കേണ്ടി വരുമെന്ന ഭയം പലർക്കുമുണ്ട്.
മാറിയ സൗഹൃദങ്ങളും ജീവിതരീതിയും
വർഷങ്ങൾ വിദേശത്ത് കഴിയുമ്പോൾ നാട്ടിലെ സുഹൃത്തുക്കളും പഴയ ബന്ധങ്ങളും അകന്നുപോകാം. ഓർമ്മകൾ മാത്രം വെച്ച് നാട്ടിൽ വന്ന് ജീവിക്കാൻ ശ്രമിച്ചാൽ പലർക്കും ഒറ്റപ്പെടൽ അനുഭവപ്പെടാറുണ്ട്. പലരും വർഷങ്ങൾക്ക് മുൻപ് തങ്ങൾ നാട്ടിൽ വിട്ടുപോയ അതേ അന്തരീക്ഷവും സൗഹൃദങ്ങളും മനസ്സിൽ വെച്ചാണ് മടങ്ങിവരുന്നത്. എന്നാൽ കാലം മാറിയപ്പോൾ നാട്ടിലെ പഴയ കൂട്ടുകാരും ബന്ധുക്കളും അവരവരുടെ ജോലി, കുടുംബം, പുതിയ ഉത്തരവാദിത്തങ്ങൾ എന്നിവയിലേക്ക് തിരിഞ്ഞിട്ടുണ്ടാകും. പ്രവാസിയുടെ മനസ്സിൽ ഓർമ്മകൾ അന്നും ഇന്നും ഒരുപോലെ നിൽക്കുമെങ്കിലും, നാട്ടിലുള്ളവർ ജീവിതത്തിൽ മുന്നോട്ട് പോയിട്ടുണ്ടാകും.
വിദേശത്തെ ജീവിതവും സംസ്കാരവും അനുഭവങ്ങളും പ്രവാസികളുടെ ചിന്താരീതിയെയും കാഴ്ചപ്പാടുകളെയും ഒരുപാട് മാറ്റുന്നുണ്ട്. നാട്ടിൽ തിരിച്ചെത്തുമ്പോൾ, തങ്ങളുടെ ജീവിതാനുഭവങ്ങളുമായി ഒത്തുപോകുന്നവരോ, അല്ലെങ്കിൽ തങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നവരോ ചുറ്റുമില്ലെന്ന തോന്നൽ ഉണ്ടാകാം. വിശേഷങ്ങൾ ചോദിച്ചറിയുന്നതിനപ്പുറം ആഴത്തിലുള്ള സംഭാഷണങ്ങൾ നടത്താൻ ആളുകളെ കിട്ടാതെ വരുന്നു. നാട്ടിലേക്ക് മടങ്ങുമ്പോൾ കുടുംബത്തെയൊന്നാകെയാണ് ഇത് ബാധിക്കുന്നത്.
വിദേശത്ത് വച്ച് ഉണ്ടാക്കിയെടുത്ത സൗഹൃദവലയങ്ങളും അയൽപക്ക ബന്ധങ്ങളും ഉപേക്ഷിച്ചാണ് കുടുംബം വരുന്നത്. പ്രത്യേകിച്ചും പങ്കാളിക്കും കുട്ടികൾക്കും നാട്ടിലെ പുതിയ സാമൂഹിക അന്തരീക്ഷവുമായി പെട്ടെന്ന് ഇഴുകിച്ചേരാൻ കഴിഞ്ഞില്ലെങ്കിൽ വീട്ടിൽ എല്ലാവർക്കും ഒറ്റപ്പെടലും മാനസിക വിഷമവും അനുഭവപ്പെടാം. വിദേശത്തെ അച്ചടക്കമുള്ളതും ശാന്തവുമായ ജീവിതരീതിയിൽ നിന്ന് പെട്ടെന്ന് നാട്ടിലെ ബഹളങ്ങളിലേക്കും ഇടപെടലുകളിലേക്കും എത്തുമ്പോൾ പ്രവാസികൾക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടാണിത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും അനാവശ്യമായ ചോദ്യങ്ങൾ, ജീവിതത്തിലേക്കുള്ള കടന്നുകയറ്റങ്ങൾ എന്നിവ അവരെ കൂടുതൽ അകന്നുനിൽക്കാൻ പ്രേരിപ്പിക്കുന്നു.
ഓർമ്മകൾ മനോഹരമാണെങ്കിലും, ആ ഓർമ്മകൾ മാത്രം വച്ച് വർത്തമാനകാലത്ത് ജീവിക്കാൻ കഴിയില്ല. നാട്ടിൽ സ്വന്തമായി ഒരു പുതിയ ‘സൗഹൃദവലയം’ കെട്ടിപ്പടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, ജന്മനാട്ടിൽ പോലും പ്രവാസി ഒരു അപരിചിതൻ ആയി മാറാൻ സാധ്യതയുണ്ട്. പ്രവാസികൾക്ക് നാടിനോട് സ്നേഹമില്ലാഞ്ഞിട്ടല്ല; മറിച്ച് സുഖകരമായ ജീവിതസൗകര്യങ്ങൾ, കുട്ടികളുടെ ഭാവി, മാനസികസമാധാനം എന്നിവ കണക്കിലെടുത്താണ് ഭൂരിഭാഗം പേരും വിദേശത്ത് തന്നെ തുടരാൻ തീരുമാനിക്കുന്നത്.
English Summary
There is hardly anyone who does not love their hometown and homeland. Yet, despite this emotional attachment, most expatriates continue to hesitate or postpone the decision to return to India permanently after ending their life abroad. The reasons extend far beyond financial considerations. Concerns about their family's future, quality of life, access to better opportunities, and peace of mind all play a significant role in shaping this decision. Why the vast majority of Non-Resident Indians (NRIs) are reluctant to settle back in India and the key factors behind their choice.




