പുതിയ റിബൽ 300 ക്രൂസർ ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. 2.22 ലക്ഷം രൂപയാണ് മോഡലിന്റെ അടിസ്ഥാന വേരിയന്റിന്റെ എക്സ്-ഷോറൂം വില. ഇ-ക്ലച്ച് സംവിധാനമുള്ള ഉയർന്ന വേരിയന്റിന് 2.62 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
286 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ഹോണ്ട റിബൽ 300-ന്റെ കരുത്ത്. 30 ബിഎച്ച്പി പരമാവധി പവറും 27.5 എൻഎം ടോർക്കും നൽകുന്ന എൻജിനൊപ്പം ആറ് സ്പീഡ് ഗിയർബോക്സാണ് ഒരുക്കിയിരിക്കുന്നത്.
ബൈക്കിലെ ശ്രദ്ധേയമായ ഫീച്ചറുകളിലൊന്നാണ് ഹോണ്ടയുടെ ഇ-ക്ലച്ച് സാങ്കേതികവിദ്യ. ക്ലച്ച് ലിവർ ഉപയോഗിക്കാതെ ഗിയർ മാറ്റാൻ ഈ സംവിധാനം സഹായിക്കുന്നു. അതേസമയം, ആവശ്യമുള്ളപ്പോൾ റൈഡർക്ക് മാനുവലായി ക്ലച്ച് നിയന്ത്രിക്കാനുള്ള സൗകര്യവും ലഭിക്കും.
690 മില്ലിമീറ്ററാണ് ഹോണ്ട റിബൽ 300-ന്റെ സീറ്റ് ഉയരം. കുറഞ്ഞ സീറ്റ് ഉയരം നഗര യാത്രകളിൽ കൂടുതൽ സൗകര്യപ്രദമായ റൈഡിംഗ് അനുഭവം നൽകുന്നതിനൊപ്പം, ഉയരം കുറഞ്ഞ റൈഡർമാർക്കും ബൈക്ക് കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കും. റൗണ്ട് എൽഇഡി ഹെഡ്ലാംപ്, സർക്കുലർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹോണ്ട റോഡ്സിങ്ക് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
ഹോണ്ടയുടെ ബിഗ്വിംഗ് ഡീലർഷിപ്പുകൾ വഴിയാണ് റിബൽ 300യുടെ വിൽപ്പന നടക്കുക. 5,000 രൂപ ടോക്കൺ തുകയ്ക്ക് ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 2026 ഒക്ടോബർ മധ്യത്തോടെ ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.




