ഇന്ത്യൻ സായുധസേനയുടെ ആധുനികവത്കരണത്തിന് വേഗം കൂട്ടി കേന്ദ്രസർക്കാർ. 52,000 കോടി രൂപയുടെ പ്രതിരോധ ഉപകരണ സമാഹരണ പദ്ധതികൾക്ക് അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻസ് കൗൺസിൽ ആണ് കര, നാവിക, വ്യോമസേനകൾക്കായുള്ള വിവിധ പദ്ധതികൾക്ക് പ്രാഥമിക അനുമതി നൽകിയത്.
മീഡിയം റേഞ്ച് സർഫേസ്-ടു-എയർ മിസൈൽ (എം.ആർ.എസ്.എ.എം), വി-ഷോറാഡ്സ്, മാൻ പോർട്ടബിൾ ആന്റി-ടാങ്ക് ഗൈഡഡ് മിസൈൽ (എം.പി.എ.ടി.ജി.എം), ടാങ്കുകൾക്കായുള്ള ആക്ടീവ് പ്രൊട്ടക്ഷൻ സിസ്റ്റം, കാമികാസെ ഡ്രോൺ സംവിധാനം, നാവികസേനയ്ക്കായുള്ള ആളില്ലാ വ്യോമസംവിധാനങ്ങൾ, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ എന്നിവ പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നു. ഇതിലൂടെ ഇന്ത്യയുടെ വ്യോമ, കര, സമുദ്ര പ്രതിരോധ ശേഷി ഗണ്യമായി ശക്തിപ്പെടുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.
ആഭ്യന്തര പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുന്നതാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. ‘ആത്മനിർഭർ ഭാരത്’ നയത്തിന്റെ ഭാഗമായി കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ രാജ്യത്തിനകത്ത് തന്നെ നിർമ്മിക്കാനാണ് ലക്ഷ്യം. ഇതോടെ പ്രതിരോധ മേഖലയിലെ പൊതുമേഖലാ-സ്വകാര്യ കമ്പനികൾക്ക് വൻ ഓർഡറുകൾ ലഭിക്കുമെന്ന പ്രതീക്ഷയും വിപണിയിലുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ മേഖലയിലെ ഓഹരികളായ എച്.എ.എൽ., ഭാരത് ഇലക്ട്രോണിക്സ് (ബി.ഇ.എൽ), ഭാരത് ഡയനാമിക്സ് (ബി.ഡി.എൽ), മസഗൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ്, കൊച്ചിൻ ഷിപ്പ്യാർഡ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നിക്ഷേപകരുടെ ശ്രദ്ധ നേടുകയാണ്. പുതിയ ഓർഡറുകളും വരുമാന വളർച്ചയും ഈ കമ്പനികളുടെ ദീർഘകാല പ്രകടനത്തെ പിന്തുണയ്ക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.




