അരട്ടൈ, ആ പേര് കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിങ്ങള്‍ ഒരുപക്ഷേ കേട്ടിരിക്കും, കേള്‍ക്കാത്തവരും ഉണ്ടാകും. പക്ഷേ സോഹോ എന്ന പേര് നിങ്ങള്‍ക്കത്ര അപരിചതമായിരിക്കില്ല. തമിഴ്നാട്ടുകാരനായ ശ്രീധര്‍ വെമ്പു സ്ഥാപിച്ച, ആഗോളതലത്തില്‍ പേരെടുത്ത സോഫ്റ്റവയര്‍ കമ്പനി. ആത്മനിര്‍ഭരത, സ്വദേശി എന്നിങ്ങനെയുള്ള വാക്കുകള്‍ ഇന്നത്തെ പോലെ ചര്‍ച്ചയാകാതിരുന്ന ഒരു കാലത്ത് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍, പുറത്ത് നിന്നും ഒരു നിക്ഷേപവും സ്വീകരിക്കാതെ ചെറിയൊരു കമ്പനിയായി തുടങ്ങി, പ്രദേശവാസികളായ യുവതീയുവാക്കള്‍ക്ക് സാങ്കേതിക പരിശീലനം നല്കി, ആഗോള ടെക് കമ്പനികളുമായി കിടപിടിക്കുന്ന ബിസിനസ് സോഫ്റ്റ്വെയറുകള് പുറത്തിറക്കിയ കമ്പനി. ഇന്ന് 180ലധികം രാജ്യങ്ങളില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് അമ്പതോളം ക്ലൗഡ്-അധിഷ്ഠിത സോഫ്റ്റ്്വെയര്‍ സേവനങ്ങള്‍ നല്കുന്ന ലോകത്തിലെ മുന്‍നിര ടെക്ക് കമ്പനികളില്‍ ഒന്നാണ് സോഹോ.
ആ സോഹോയുടെ മെസ്സേജിംഗ് ആപ്പ് ആണ് അരട്ടൈ.
അരട്ടൈ തരംഗമാകുന്നത് എന്തുകൊണ്ട്
സ്വദേശി ഉല്‍പ്പന്നങ്ങളെ കുറിച്ച് രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു സമയമാണിത്. ‘ചിപ്പ് മുതല്‍ ഷിപ്പ്’ വരെ നമ്മള് ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ചുവടുപറ്റി ടെക്നോളജിയിലടക്കം നമ്മള് സ്വദേശിലേക്ക് മാറണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ പറഞ്ഞിരുന്നു. അന്ന് അവര്‍ എടുത്തുപറഞ്ഞ രണ്ട് പേരുകളാണ് സോഹോ, അരട്ടൈ എന്നിവ. ഇന്ത്യക്കാര്‍ പ്രോദേശിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്രപ്രധാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അന്ന് അദ്ദേഹം പേരെടുത്ത് പരാമര്‍ശിച്ച ആപ്പാണ് അരട്ടൈ. കഴിഞ്ഞ ആഴ്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ഭാഗമായി ഇനിമുതല്‍ സോഹോയുടെ ഓഫീസ് സോഫ്റ്റ്വെയര് ആണ് ഐടി മന്ത്രാലയം പ്രെസന്റേഷനുകള്ക്കും മറ്റുമായി ഉപയോഗിക്കുക എന്നും പ്രഖ്യാപിച്ചിരുന്നു.
ഈയൊരു പശ്ചാത്തലത്തിലാണ് സോഹോയും അരട്ടൈ ആപ്പും ഇന്ത്യയില്‍ വലിയ ചര്‍ച്ചയായത്. ഇപ്പോഴിതാ ആപ്പ് സ്റ്റോറില്‍ വാട്ട്സ്ആപ്പിനെ പിന്തള്ളിക്കൊണ്ട് നമ്പര്‍ വണ്‍ ആപ്പായി അരട്ടൈ എത്തിയിരിക്കുന്നു.
അരട്ടൈയുടെ അര്‍ത്ഥമെന്ത്
അരട്ടൈ എന്ന പേരിനെ ചൊല്ലി നിരവധി മീമുകളാണ് പുറത്തിറങ്ങുന്നത്. നാവിന് വഴങ്ങാത്ത പേരെന്നും ഒരു മെസേജിംഗ് ആപ്പിന് ചേരാത്ത പേരെന്നുമൊക്കെ ആക്ഷേപമുണ്ടെങ്കിലും ശ്രീധര്‍ വെമ്പുവിന്റെ മാതൃഭാഷപ്രേമമാണ് ആ പേരിന് പിന്നില്‍. അരട്ടൈ എന്നാല്‍ തമിഴില്‍ കൊച്ചുവര്‍ത്തമാനം എന്നാണ് അര്‍ത്ഥം.
വാട്ട്സ്ആപ്പ് കില്ലറോ
സന്ദേശക്കൈമാറ്റത്തിന് ആളുകള്‍ അരട്ടൈ പോലുള്ള സ്വദേശി ആപ്പുകള്‍ ഉപയോഗിക്കണമന്ന കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ ആഹ്വാനത്തിന് പിന്നാലെ അരട്ടൈ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണ്. ഐഒഎസിലും ആന്‍ഡ്രോയിഡിലും വാട്ട്സ്ആപ്പ്, ടെലഗ്രാം, സിഗ്നല്‍ എന്നീ മെസ്സേജിംഗ് ആപ്പുകള്‍ക്കിടയില്‍ വന്‍മുന്നേറ്റമാണ് അരട്ടൈ നേടിയത്.
സുരക്ഷിതവും ഉപയോഗിക്കാന്‍ സുഗമവും തികച്ചും സൗജന്യവുമായ ആപ്പെന്നാണ് എക്സ് പോസ്റ്റില്‍ മന്ത്രി അരട്ടൈയെ വിശേഷിപ്പിച്ചത്. അതേസമയം ടെക് സംരംഭകനായ വിവേക് വദ്വ അരട്ടൈ ഉപയോഗിച്ച ശേഷം തന്റെ അഭിപ്രായം എക്സില്‍ കുറിച്ചിരുന്നു. ഇന്ത്യയുടെ വാട്ട്സ്ആപ്പ് കില്ലര്‍ എന്നാണ് അദ്ദേഹം അരട്ടൈയെ വിശേഷിപ്പിച്ചത്. കാഴ്ചയിലും ഉപയോഗത്തിലും അരട്ടൈ വാട്ട്്സ്ആപ്പിനോട് ചേര്‍ന്നുപോകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആപ്പ് ഇപ്പോഴും ആല്‍ഫ (പരീക്ഷണഘട്ടം) സ്റ്റേജിലാണെന്നും വേഗത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ശ്രീധര്‍വെമ്പു തന്നോട് പറഞ്ഞതായും അദ്ദേഹം എക്സില്‍ കുറിച്ചു. അതേസമയം ഉപയോഗിച്ച് അഭിപ്രായം പറയാന്‍ പറഞ്ഞ വെമ്പുവിനോട് എല്ലാവര്ക്കും പറയാവുന്ന രീതിയില്‍ അതിന്റെ പേര് മാറ്റണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെക്കുന്നതായും വാദ്വ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു.
അരട്ടൈയുടെ പ്രത്യേകതകള്‍
ഒരു മെസേജിംഗ് ആപ്പില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറുകളും അരട്ടൈയ്ക്കുണ്ട്. സന്ദേശങ്ങള്‍ കൈമാറുക, ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുക, ആയിരം പേരെ വരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗ്രൂപ്പ് ചാറ്റ്, വോയിസ്, വീഡിയോ കോളുകള്‍ വിളിക്കുക, സ്റ്റോറി പോസ്റ്റ് ചെയ്യുക, ഡോക്യുമെന്റുകള്‍ അയക്കുക, വാട്ട്സ്ആപ്പ് ചാനലിലേത് പോലെ ബിസിനസുകള്‍ക്കായി ബ്രോഡ്കാസ്റ്റ് ചാനലുകള്‍ തുടങ്ങിയ പ്രത്യേകതകളെല്ലാം അരട്ടൈയിലുണ്ട്. ഡെസ്ക്ടോപ്പിലും ആന്‍ഡ്രോയിഡ് ടിവി ആപ്പുകളിലും ഉള്‍പ്പടെ ഒന്നിലധികം ഉപകരണങ്ങളില്‍ അരട്ടൈ പ്രവര്‍ത്തിപ്പിക്കാം.
സ്വകാര്യത സംബന്ധിച്ച അരട്ടൈയുടെ നയം വാട്ട്സ്ആപ്പ് ഉള്‍പ്പടെയുള്ള എതിരാളികളില്‍ നിന്നും വ്യത്യസ്തമാണ്. പരസ്യത്തിനായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നില്ല എന്നതാണ് അതില്‍ പ്രധാനം. സ്വകാര്യവിവരങ്ങള്‍ വില്‍ക്കില്ലെന്നും ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുമെന്നും കമ്പനി പറയുന്നുണ്ട്. ഇന്ത്യയെ പോലെ സൈബര്‍ സുരക്ഷയും ഡിജിറ്റല്‍ ഇടങ്ങളിലെ സ്വകാര്യതാ ലംഘനങ്ങളും ഏറെ ആശങ്കകള്‍ സൃഷ്ടിക്കുന്ന ഒരു രാജ്യത്ത് അരട്ടൈ മുന്നോട്ടുവെക്കുന്ന സ്വകാര്യതാനയങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്.
കോളുകള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉറപ്പുതരുന്നുണ്ട് അരട്ടൈ. അതായത് വിളിക്കുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കും മാത്രമേ അതിലെ ഉള്ളടക്കം ലഭിക്കൂ. എന്നാല്‍ സന്ദേശങ്ങളുടെ കാര്യത്തില്‍ ഈ ഉറപ്പ് തരുന്നില്ല എന്നത് അരട്ടൈയുടെ ഒരു ന്യൂനതയായി പറയുന്നുണ്ട്. അതേസമയം വാട്ട്സ്ആപ്പ് സന്ദേശങ്ങളിലും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നല്‍കുന്നുണ്ട്.
‘ബിസിനസുകാര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദം’
സോഹോയുടെ ബിസിനസ് സ്യൂട്ട് ഉപയോഗിക്കുന്നവരെ സംബന്ധിച്ചെടുത്തോളം അരട്ടൈയുടെ ഫീച്ചറുകള്‍ ശരിക്കും ഗുണകരമാണെന്ന് അരട്ടൈ ഉപയോഗിക്കുന്ന റോബോട്ടിക് സംരംഭകനും ജെന്‍ റോബോട്ടിക്സ് കമ്പനിയുടെ സിഇഒയുമായ വിമല്‍ ഗോവിന്ദ് പറയുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള ഉപയോഗത്തില്‍ അരട്ടൈ വാട്ട്സ്ആപ്പിനേക്കാള്‍ നിലവാരത്തിലുള്ളതാണെന്ന് പറയാം. വാട്ട്്സ്ആപ്പ് ബിസിനസ് പ്രത്യേകമായി ഉണ്ടെങ്കിലും അടിസ്ഥാനപരമായ ഫീച്ചറുകള്‍ മാത്രമേ അത് നല്കുന്നുള്ളു. അതല്ലെങ്കില്‍ ഹൈലെവല്‍ ബിസിനസുകള്‍ക്ക് മാര്‍ക്കറ്റിംഗിനായി വാട്ട്സ്ആപ്പ് ബിസിനസ് എപിഐ ഉപയോഗിക്കേണ്ടിവരും. എന്നാല്‍ അരട്ടൈ ബിസിനസുകാര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ തന്നെയുള്ള ഡിസൈനിലുള്ളതാണ്. എക്സിപിരയന്സും മികച്ചതാണ്. സോഹോയുമായി ഏകീകരിച്ചുള്ള ഉപയോഗം ബിസിനസുകളെ സംബന്ധിച്ച് ഗുണകരമാണ്. ഭാവിയില്‍ അത് കുറേക്കൂടി വികസിക്കുമെന്നാണ് കരുതുന്നത്.പൊതുവെ വാട്ട്സ്ആപ്പിനേക്കാള്‍ ലളിതമാണ് അരട്ടൈ എന്നുപറയാമെന്നും വിമല്‍ പറയുന്നു.
അരട്ടൈയുടെ എടുത്തുപറയേണ്ട മറ്റൊരു ഗുണം സ്വകാര്യത നയങ്ങളാണെന്നും വിമല്‍ പറയുന്നു. നമ്മുടെ വിവരങ്ങള്‍ പുറത്തുപോകില്ലെന്ന ഉറപ്പ് അരട്ടൈ നല്‍കുന്നുണ്ട്. മറ്റ് കമ്പനികള്‍ ഡാറ്റ വില്‍ക്കുകയും അത് ഉപയോഗപ്പെടുത്തിയുള്ള സെല്ലിംഗ് നടക്കുന്നുമുണ്ട്. അതിനാല്‍ തന്നെ ഡാറ്റയ്ക്ക് സംരക്ഷണം നല്കുന്ന അരട്ടൈയുടെ സ്വകാര്യത നയങ്ങള്‍ പ്രധാനപ്പെട്ടതായി കരുതുന്നുവെന്നും വിമല്‍ അഭിപ്രായപ്പെടുന്നു.
വെല്ലുവിളികള്‍
വിജയത്തോടൊപ്പം വെല്ലുവിളികളും വരുന്നത് സ്വാഭാവികമാണ്. അരട്ടൈയില്‍ പെട്ടെന്നുണ്ടായ ഉപയോക്താക്കളുടെ തള്ളിക്കയറ്റം സെര്‍വറുകളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. സെര്‍വറുകള്‍ വിപുലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സോഹോ കോര്പ്പറേഷന് ഇതിനോട് പ്രതികരിച്ചുകഴിഞ്ഞു. നേരത്തെ ആപ്പ് ഉപയോഗിച്ചവര്‍ക്ക് സൈന്‍ അപ്പിനും പല ഉപകരണങ്ങളിലെ ഉപയോഗത്തിന് മെസേജ് സിങ്ക് ചെയ്യുന്നതിനും കാലതാമസം വരുന്നതും ഒരു പ്രശ്നമായി പറയുന്നുണ്ട്. ചിലര്‍ക്ക് ഒടിപി വരുന്നതില്‍ താമസോ അല്ലെങ്കില്‍ വരാതിരിക്കലോ, കോണ്ടാക്ടുകള് സിങ്ക് ചെയ്യുന്നതില്‍ താമസമോ, ഫോണ്‍വിളിയില്‍ പ്രശ്നങ്ങളോ ഒക്കെ ഉണ്ടാകാമെന്ന് കമ്പനി തന്നെ സമ്മതിച്ചുകഴിഞ്ഞു. അപ്രതീക്ഷിതമായ ലോഡ് സെര്‍വറുകളില്‍ ഉള്ളതുകൊണ്ടുള്ള പ്രശ്നങ്ങളാണ് അവയെന്നും കുറച്ചുദിവസങ്ങള്‍ കൊണ്ടുമാത്രമേ അവ പരിഹരിക്കാനാകൂ എന്നും അരട്ടൈയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ കമ്പനി അറിയിച്ചിട്ടുണ്ട്.
വാട്ട്സ്ആപ്പിന് മറികടക്കുമോ
സാങ്കേതികവിദ്യ അടക്കം സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം നല്‍കാനും പ്രാദേശിക കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കാനും മള്‍ട്ടിനാഷണല്‍ ടെക് കമ്പനികളിലുള്ള ആശ്രിതത്വം കുറയ്ക്കാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയില്‍ പെട്ടെന്ന് അരട്ടൈയ്ക്ക് ഇത്രയധികം ഉപയോക്താക്കള്‍ ഉണ്ടാകാനുള്ള കാരണം.
അതേസമയം വാട്ട്സ്ആപ്പിനെ മറികടക്കുന്ന രീതിയില്‍ ഇന്ത്യയില്‍ അരട്ടൈ വളരുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇപ്പോഴും വളരെ ശക്തമായ 500 ദശലക്ഷം ഉപയോക്താക്കള്‍ ഇന്ത്യയില്‍ വാട്ട്സ്ആപ്പിനുണ്ട്. ചാറ്റ് ചെയ്യാനും ഫോണ്‍ വിളിക്കാനും ബിസിനസ് ഇടപാടുകള്‍ നടത്താനും ആളുകള്‍ സ്വാഭാവികമായും തിരഞ്ഞെടുക്കുന്നത് വാട്ട്സ്ആപ്പാണ്. വാട്ട്സ്ആപ്പിന്റെ ഈ പ്രചാരത്തെ മറികടക്കാന്‍ പെട്ടെന്നൊന്നും അരട്ടൈയ്ക്ക് സാധിക്കില്ല എന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല സന്ദേശങ്ങളില്‍ വാട്ട്സ്ആപ്പ് നല്കുന്ന അത്രയും സുരക്ഷ നിലവില്‍ അരട്ടൈ നല്‍കുന്നില്ല എന്നതും ഒരു ന്യൂനതയാണ്. സ്വദേശിയായ മെസേജിംഗ് ആപ്പെന്ന നിലയിലുള്ള കൗതുകവും സര്‍ക്കാരില്‍ നിന്നുള്ള ശുപാര്‍ശയും കണക്കിലെടുത്ത് നിരവധിയാളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടെങ്കിലും ദീര്‍ഘകാല ഉപയോഗത്തിന് അവര്‍ ഈ പ്ലാറ്റ്ഫോമില്‍ തുടരുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.
സോഹോയെ സംബന്ധിച്ചെടുത്തോളം ഉപയോക്താക്കളുടെ എണ്ണം കൂടിയതും ആപ്പ് സ്റ്റോറിലെ ഒന്നാംനമ്പര്‍ സ്ഥാനവും അവരുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഒരു അവസരമായി ഉപയോഗപ്പെടുത്താം. ഉപയോഗിച്ച് നോക്കി ഇഷ്ടപ്പെട്ടാല്‍ സ്വദേശിയായ ആപ്പിന് തന്നെയായിരിക്കും ജനങ്ങള്‍ മുന്‍ഗണന നല്‍കുക.




