എഫ്പിഐകളെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം
ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം വീണ്ടും ശക്തമാക്കുന്നതിനായി വിവിധ മന്ത്രാലയങ്ങളിലെയും സെബിയിലെയും ഉദ്യോഗസ്ഥര്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുമായി (എഫ്പിഐ) ചര്‍ച്ചകള്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ എഫ്പിഐകള് ഏകദേശം 30,000 കോടി രൂപ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചെങ്കിലും, 2026 ല്‍ ആകെ നോക്കുമ്പോള്‍ 2.4 ലക്ഷം കോടി രൂപ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. വിദേശ വിപണികള്‍ കുതിക്കുമ്പോഴും ഇന്ത്യന്‍ വിപണി ഏതാനും വര്‍ഷമായി കാര്യമായ ചലനമില്ലാതെ കിടക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് എഫ്പിഐകളുടെ പിന്‍വാങ്ങലാണ്. ദീര്‍ഘകാല മൂലധന നേട്ട നികുതി (എല്‍ടിസിജി) ഒഴിവാക്കുക, ഡെറിവേറ്റീവുകളിലെ എസ്ടിടി കുറയ്ക്കുക, കെവൈസിയും നികുതി റീഫണ്ട് നടപടികളും ലളിതമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദേശ ഫണ്ടുകള്‍ സര്‍ക്കാരിനോട് ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടത്.
ചാഞ്ചാട്ടം കുറച്ച് സൂചികകള്‍
പുതിയ ക്ലോസിംഗ് ഓക്ഷന് സെഷന് (സിഎഎസ്) സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമായി സെന്‍സെക്സിലെയും നിഫ്റ്റിയിലെയും അവസാനഘട്ട ചാഞ്ചാട്ടം ഗണ്യമായി കുറഞ്ഞു. ഇന്ന് 3.15 ലെ പ്രൈസായ 78,491 ല്‍ നിന്ന് അധികം അകലെയല്ലാതെ 78,499 ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. 3.15 ലെ പ്രൈസായ 24,557 ന് സമീപം 24,570 ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തില്‍ നിഫ്റ്റി 0.27 ശതമാനവും സെന്‍സെക്സ് 0.59 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഓട്ടോ സൂചിക 1.84 ശതമാനവും നിഫ്റ്റി ഐടി സൂചിക 1.42 ശതമാനവും മുന്നേറി. സംവര്‍ധന മദേഴ്സണ് 8.71 ശതമാനവും ടിസിഎസ് 3.4% കുതിച്ചു.
എസ്ബിഐക്ക് മികച്ച ഒന്നാം പാദം
രാജ്യത്തെ ഏറ്ററ്വും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2026-27 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ അറ്റാദായം 10.23% ഉയര്‍ന്ന് 21,121.22 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 19,160.44 കോടിയായിരുന്നു അറ്റ ലാഭം. പലിശ വരുമാനം 14.88% ഉയര്‍ന്ന് 46,992 കോടിയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് ആദ്യമായി 110 ലക്ഷം കോടി രൂപക്ക് മുകളിലെത്തി. മൊത്തം നിക്ഷേപം 9.73% ഉയര്‍ന്ന് 60.06 ലക്ഷം കോടി രൂപയായി. ജിഎന്‍പിഎ 1.47%ലേക്കും നെറ്റ് എന്‍പിഎ 0.38% ലേക്കും കുറഞ്ഞതോടെ ആസ്തി ഗുണമേന്മയും മെച്ചപ്പെട്ടു.
എഫ്ടിഎ നേട്ടമായി; കയറ്റുമതി ഉയര്‍ന്നു
2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) പങ്കാളി രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 25% ഉയര്‍ന്ന് 43.14 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം 34.65 ബില്യണ്‍ ഡോളറായിരുന്നു ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി. ഇതേ കാലയളവില്‍ ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതി 16% ഉയര്‍ന്ന് 111.57 ബില്യണ്‍ ഡോളറില്‍ നിന്ന് 129.32 ബില്യണ്‍ ഡോളറായി. മൊത്തം കയറ്റുമതിയില്‍ എഫ്ടിഎ പങ്കാളി രാജ്യങ്ങളുടെ വിഹിതം 31.1% ല്‍ നിന്ന് 33.4% ആയി ഉയര്‍ന്നു.
ആദ്യ പാദത്തില്‍ 81.3 കോടി രൂപ ലാഭമുണ്ടാക്കി മുത്തൂറ്റ് മൈക്രോഫിന്‍
ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സി-മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മികച്ച നേട്ടം. കമ്പനിയുടെ മൊത്തം വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20.0% വും മുന്‍പാദത്തെ അപേക്ഷിച്ച് 5.0% വും വര്‍ദ്ധിച്ച് 670.6 കോടി രൂപയായി. അറ്റ ലാഭം മുന്‍ വര്‍ഷത്തെ 6.2 കോടി രൂപയില്‍ നിന്ന് 12 ഇരട്ടി വളര്‍ന്ന് 81.3 കോടി രൂപയിലെത്തി. റെക്കോഡ് വായ്പാ വിതരണമാണ് കമ്പനി ആദ്യ പാദത്തില്‍ കൈവരിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 49% വര്‍ദ്ധനവോടെ 2,645 കോടി രൂപയുടെ വായ്പാ വിതരണം കമ്പനി നടത്തി. മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18% വര്‍ദ്ധിച്ച് 14,457 കോടി രൂപയായി.
ഫോര്‍ച്യൂണ്‍ സണ്‍ഫ്ളവര്‍ ഓയിലിന് എഫ്എസ്എസ്എഐയുടെ പിഴ
ഫോര്‍ച്യൂണ്‍ ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കുന്ന ഫ്രയോള റിഫൈന്‍ഡ് സണ്‍ഫ്ളവര്‍ സീഡ് ഓയിലിന്റെ ഗോവയില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ നിശ്ചിത ഫോര്ട്ടിഫിക്കേഷന് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എഫ്എസ്എസ്എഐ, നിര്‍മാതാക്കളായ എഡബ്ല്യുഎല്‍ അഗ്രി ബിസിനസിന് പിഴ ചുമത്തി. പ്രാഥമിക പരിശോധനയില്‍ വിറ്റാമിന്‍ എ, ഡി എന്നിവ നിര്‍ദേശിച്ച അളവിനേക്കാള്‍ കുറവായിരുന്നു. കമ്പനിയുടെ അപ്പീലിനെ തുടര്‍ന്ന് റഫറല്‍ ലാബ് നടത്തിയ പരിശോധനയിലും വിറ്റാമിന്‍ ഡി നിര്‍ദേശിച്ച പരിധിയേക്കാള്‍ ഗണ്യമായി കുറവാണെന്ന് സ്ഥിരീകരിച്ചു. ഗോവയിലെ താജ് ഫോര്‍ട്ട് അഗ്വാഡ റിസോര്‍ട്ട് & സ്പായില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. എന്നാല്‍ പിഴത്തുക എഫ്എസ്എസ്എഐ വെളിപ്പെടുത്തിയിട്ടില്ല.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




