ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട നാടായ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇന്ന് വേഗത്തിൽ വളരുന്ന ഒരു ബിസിനസ്സാണ് ‘എയർ ബിഎൻബി’ . വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ ഭംഗിയും സംസ്കാരവും ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് താമസിക്കാൻ വീടുകളും മുറികളും നൽകി വരുമാനമുണ്ടാക്കാൻ ഇതിലൂടെ സാധിക്കും. വിനോദസഞ്ചാരത്തിന് വളരെ പേരു കേട്ട സംസ്ഥാനമായതുകൊണ്ട് തന്നെ വർഷം മുഴുവൻ വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ കേരളത്തിലേക്ക് വരാറുണ്ട്. വലിയ തുക നിക്ഷേപിക്കാനില്ലാതെ തന്നെ സ്വന്തം വീടോ, ഒഴിഞ്ഞുകിടക്കുന്ന മുറികളോ ഉപയോഗിച്ച് നല്ല വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. എന്നാൽ ഈ രംഗത്തേക്ക് ഇറങ്ങുന്നതിന് മുൻപ് ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും കൃത്യമായി മനസ്സിലാക്കണം . എയർബിഎൻബി ബിസിനസ്സിനെക്കുറിച്ചും അതിന്റെ പ്രധാന ഗുണദോഷങ്ങളെക്കുറിച്ചും കൂടുതലറിയാം
ലിസ്റ്റിംഗ്
എയർബിഎൻബിയിൽ നിങ്ങളുടെ റൂമുകളോ വീടോ ലിസ്റ്റ് ചെയ്യുന്നതും അതിലൂടെ പണം സമ്പാദിക്കുന്നതും വളരെ ലളിതവും സുതാര്യവുമായ ഒരു പ്രക്രിയയാണ്. ഇതിന്റെ ആദ്യപടി എന്ന നിലയിൽ, എയർബിഎൻബി വെബ്സൈറ്റിലോ ആപ്പിലോ സൗജന്യമായി ഒരു ‘ഹോസ്റ്റ്’ അക്കൗണ്ട് ഉണ്ടാക്കുകയും, നിങ്ങളുടെ വീടിന്റെ അല്ലെങ്കിൽ മുറിയുടെ ആകർഷകമായ ചിത്രങ്ങളും അവിടെ ലഭ്യമായ സൗകര്യങ്ങളും ഉദാഹരണത്തിന് Wi-Fi, എയർകണ്ടീഷണർ, പാർക്കിംഗ്, നീന്തൽക്കുളം മുതലായവ കൃത്യമായി നൽകുകയും വേണം. തുടർന്ന്, ടൂറിസം സീസണുകൾക്കനുസരിച്ച് വാടക തുക ക്രമീകരിക്കാവുന്നതാണ്. ഉദാഹരണത്തിന് ഡിസംബർ, ജനുവരി അല്ലെങ്കിൽ ഓണം തുടങ്ങിയ ഉത്സവ-അവധി സീസണുകളിൽ ഉയർന്ന വാടകയും, ഓഫ് സീസണുകളിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ തുക കുറച്ചും നിശ്ചയിക്കാൻ കഴിയും. ഒരു അതിഥി നിങ്ങളുടെ മുറി ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ, വാടക തുക എയർബിഎൻബി നേരിട്ട് അതിഥിയിൽ നിന്ന് മുൻകൂറായി ഈടാക്കുന്നു. തുടർന്ന് അതിഥി നിങ്ങളുടെ വീട്ടിൽ വന്ന് താമസിച്ച് കൃത്യമായി ചെക്ക്-ഇൻ ചെയ്ത് 24 മണിക്കൂറിനുള്ളിൽ, എയർബിഎൻബി സ്വന്തം കമ്മീഷൻ തുക കഴിച്ചുള്ള പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സുരക്ഷിതമായി ട്രാൻസ്ഫർ ചെയ്തു തരുന്നു. ഇത് പണമിടപാടുകളിൽ പൂർണ്ണമായ സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നു.
നേട്ടങ്ങളേറെ
കേരളത്തിൽ എയർബിഎൻബി വഴി വീടുകളോ മുറികളോ നൽകുന്നത് സാധാരണ പ്രതിമാസ വാടകയ്ക്ക് നൽകുന്നതിനേക്കാൾ വലിയ സാമ്പത്തിക ലാഭമാണ് നൽകുന്നത്. ദിവസേനയുള്ള വാടക കണക്കാക്കുമ്പോൾ മാസാവസാനം വളരെ ഉയർന്ന വരുമാനം നേടാൻ ഇതിലൂടെ സാധിക്കും. വീട് മുഴുവനായി വാടകയ്ക്ക് നൽകാൻ സാധിക്കാത്തവർക്ക് തങ്ങളുടെ വീട്ടിലെ ഒഴിഞ്ഞുകിടക്കുന്ന ഒരു മുറി മാത്രമായും നൽകാം എന്നത് ഇതിന്റെ മറ്റൊരു വലിയ സവിശേഷതയാണ്. എപ്പോൾ അതിഥികളെ സ്വീകരിക്കണം, എപ്പോൾ മുറി ഒഴിവില്ല എന്ന് കാണിക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉടമസ്ഥനുണ്ട്. കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദേശികളായ അതിഥികളെ സ്വീകരിക്കുന്നതിലൂടെ പുതിയ സംസ്കാരങ്ങൾ പരിചയപ്പെടാനും മികച്ച സൗഹൃദങ്ങൾ കെട്ടിപ്പടുക്കാനും അവസരം ലഭിക്കുന്നു. താമസത്തിനിടയിൽ അതിഥികൾ വീട്ടിലെ സാധനങ്ങൾക്കോ വസ്തുവകകൾക്കോ എന്തെങ്കിലും കേടുപാടുകൾ വരുത്തിയാൽ, അത് പരിഹരിക്കുന്നതിനായി എയർബിഎൻബി എയർ കവർ എന്നൊരു ഇൻഷുറൻസ് പരിരക്ഷ ഉടമസ്ഥർക്ക് നൽകുന്നുണ്ട്. ഇതുകൊണ്ടു എന്തെങ്കിലും സാധനങ്ങൾ ചീത്തയായാൽ തന്നെ എയർ ബി എൻ ബി അതിന് നഷ്ട്ടപരിഹാരം നൽകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എയർബിഎൻബി വഴി നല്ല വരുമാനം ഉണ്ടാക്കാമെങ്കിലും, ഇതിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന വെല്ലുവിളികളുമുണ്ട്. സ്ഥിരമായ ഒരു പ്രതിമാസ വരുമാനം ഇതിൽ ഉറപ്പുനൽകാൻ കഴിയില്ല. പ്രത്യേകിച്ച് കേരളത്തിലെ ശക്തമായ മഴക്കാലത്തും ടൂറിസം കുറവുള്ള ഓഫ്-സീസൺ മാസങ്ങളിലും ബുക്കിംഗുകൾ ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. ഓരോ അതിഥി താമസിച്ച് ഇറങ്ങുമ്പോഴും മുറി വൃത്തിയാക്കുക, ബെഡ്ഷീറ്റുകളും ടവലുകളും കഴുകി മാറ്റുക, അടുത്ത അതിഥിക്കായി മുറി ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ കൃത്യമായി ചെയ്യേണ്ടിവരുന്നത് വലിയൊരു അധ്വാനമാണ്. കൂടാതെ, എന്നും അപരിചിതരായ ആളുകൾ വന്നുപോകുന്നത് അയൽക്കാർക്കും നാട്ടുകാർക്കും ചിലപ്പോൾ അതൃപ്തിയുണ്ടാക്കാം. കേരള ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ഹോംസ്റ്റേ ലൈസൻസ് എടുക്കുക, വിദേശ അതിഥികൾ വരുമ്പോൾ നിയമപരമായി ഫോം-സി സമർപ്പിച്ച് പോലീസിനെ അറിയിക്കുക തുടങ്ങിയ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. അതിഥികൾ എയർകണ്ടീഷണറും മറ്റ് ഉപകരണങ്ങളും അമിതമായി ഉപയോഗിക്കുന്നത് വഴി വൈദ്യുതി, വെള്ളം ബില്ലുകൾ കുത്തനെ കൂടുന്നതും ഉടമസ്ഥർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കാം.
വൃത്തി പ്രധാനം
എയർബിഎൻബി ബിസിനസ്സിൽ വിജയിക്കാനും കൂടുതൽ ബുക്കിംഗുകൾ നേടാനും നിങ്ങളുടെ സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനം വീട്ടിലെ ശുചിത്വമാണ്. മുറികളും ശുചിമുറികളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് അതിഥികൾക്ക് മികച്ച അനുഭവം നൽകും. കൂടാതെ, ആപ്പിൽ നിങ്ങളുടെ വീടിന്റെ ഭംഗിയും വെളിച്ചവും വ്യക്തമാക്കുന്ന നല്ല ക്വാളിറ്റിയുള്ള ഫോട്ടോകൾ ചേർക്കുന്നത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കും. അതിഥികളെ പുഞ്ചിരിയോടെയും സ്നേഹത്തോടെയും സ്വീകരിക്കുകയും, അവർക്ക് സ്വാദിഷ്ടമായ നാടൻ കേരളീയ ഭക്ഷണങ്ങൾ ഒരുക്കി നൽകുകയും ചെയ്യുന്നത് അവരുടെ മനസ്സ് നിറയ്ക്കും. ഇത്തരത്തിൽ മികച്ച അനുഭവം ലഭിക്കുന്ന അതിഥികൾ ആപ്പിൽ നൽകുന്ന നല്ല റിവ്യൂകളും റേറ്റിംഗുകളും ഭാവിയിൽ കൂടുതൽ പുതിയ അതിഥികളെ നിങ്ങളുടെ വീട്ടിലേക്ക് ആകർഷിക്കാനും ബിസിനസ്സ് വലിയ വിജയമാക്കാനും സഹായിക്കും.




