ഇന്ത്യയിലെ പ്രവർത്തനം കൂടുതൽ ശക്തമാക്കാനൊരുങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപിക്. ആമസോൺ ബെഡ്റോക്കിന്റെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി, കമ്പനിയുടെ ‘ക്ലോഡ് എഐ’ മോഡലുകൾ ഇനി രാജ്യത്തിനകത്ത് തന്നെ ലഭ്യമാക്കാനാണ് തീരുമാനം. ഇതോടെ ക്ലോഡ് എഐയുടെ ഡാറ്റാ പ്രോസസിങ് പൂർണമായും ഇന്ത്യയിലെ സെർവറുകളിലായിരിക്കും നടക്കുക.
ബാങ്കിങ്, സർക്കാർ സ്ഥാപനങ്ങൾ, ആരോഗ്യ മേഖല തുടങ്ങിയ അതീവ സുരക്ഷ ആവശ്യമായ മേഖലകൾക്ക് ആയിരിക്കും ഈ നീക്കം വലിയ നേട്ടമാകുക. ഡാറ്റ രാജ്യത്തിനുള്ളിൽ തന്നെ പ്രോസസ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനാൽ, എഐ സാങ്കേതികവിദ്യകൾ സ്വീകരിക്കുമ്പോൾ ഇന്ത്യയിലെ ഡാറ്റാ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് സ്ഥാപനങ്ങൾക്ക് കൂടുതൽ എളുപ്പമാകും.
ആഗോളതലത്തിൽ ക്ലോഡ് എഐയുടെ പ്രധാന വിപണികളിലൊന്നായി ഇന്ത്യ മാറിയതായി ആന്ത്രോപിക് വിലയിരുത്തി. പ്രാദേശിക സെർവറുകൾ ഉപയോഗിച്ചുള്ള എഐ സേവനങ്ങൾക്ക് ഇന്ത്യൻ ബിസിനസ് മേഖലയിൽ വലിയ ആവശ്യകതയുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ക്ലോഡ് പാർട്ണർ നെറ്റ്വർക്കിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ആന്ത്രോപിക് ചൂണ്ടിക്കാട്ടി.
എഐ മേഖലയിലെ വിദഗ്ധരെ വളർത്തുന്നതിനായി പാർട്ണർ നെറ്റ്വർക്ക് വഴി 5,000-ത്തിലധികം പ്രൊഫഷണലുകൾക്ക് പരിശീലനം നൽകാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഡാറ്റാ പ്രോസസിങ് ഇന്ത്യയിൽ തന്നെ നടക്കുന്നത് ചെറുകിട എഐ പദ്ധതികളിൽ നിന്ന് വലിയ തോതിലുള്ള മാറ്റങ്ങളിലേക്ക് മുന്നേറാൻ ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കുമെന്ന് ആന്ത്രോപിക് ഇന്ത്യ മാനേജിങ് ഡയറക്ടർ ഐറിന ഘോഷ് പറഞ്ഞു.
ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക, ഇന്ത്യൻ ഭാഷകളിലെ ക്ലോഡിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുക, പ്രാദേശിക സ്ഥാപനങ്ങളുമായി കൂടുതൽ സഹകരണം സ്ഥാപിക്കുക തുടങ്ങിയ പദ്ധതികളും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്.




