സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഇന്ന് പവന് ഒറ്റയടിക്ക് 800 രൂപയാണ് കൂടിയത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി. 1,12,000 രൂപയിലേക്ക് അടുക്കുകയാണ് നിലവിലെ വിപണിവില. ഗ്രാമിന് 100 രൂപ വർധിച്ച് 13,965 രൂപയായി. തുടർച്ചയായ വിലവർധനയോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പവന് 6,000 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. സ്വർണവിലയിലെ ഈ കുതിപ്പ് ആഭരണങ്ങൾ വാങ്ങാനൊരുങ്ങുന്ന ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്.
അതേസമയം, ദിവസങ്ങൾക്കുള്ളിൽ എത്തുന്ന ഓണക്കാല വിപണിയിൽ സ്വർണവില ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഭാഗിക ധാരണ രൂപപ്പെട്ടതിനെ തുടർന്ന് ആഗോള സാമ്പത്തിക വിപണികളിൽ അനുകൂല സൂചനകൾ പ്രകടമായിരുന്നു. എണ്ണവിലയിലും യുഎസ് ട്രഷറി ബോണ്ട് യീൽഡിലും ഉണ്ടായ ഇടിവ് സ്വർണ നിക്ഷേപത്തിലേക്കുള്ള താൽപര്യം വർധിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിലും സ്വർണവില ശക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്.
അന്താരാഷ്ട്ര സ്വർണവില, ഡോളറിന്റെ മൂല്യം, ക്രൂഡ് ഓയിൽ വില എന്നിവയിലെ മാറ്റങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ സ്വർണവിലയിലും വരും ദിവസങ്ങളിൽ ഏറ്റക്കുറച്ചിലുകൾ തുടരാൻ സാധ്യതയുണ്ട്. ഈ വർഷം ജനുവരി 29-നാണ് കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. അതേസമയം, കഴിഞ്ഞ ഡിസംബർ 23-നാണ് കേരളത്തിൽ ആദ്യമായി ഒരു പവൻ സ്വർണവില ഒരു ലക്ഷം രൂപയുടെ ചരിത്രനാഴികക്കല്ല് പിന്നിട്ടത്.




