അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് ഇന്ത്യയുടെ സോവറിന്‍ ക്രെഡിറ്റ് റേറ്റിംഗ് ‘ബിബിബി-‘ ആയി നിലനിര്‍ത്തി; ഔട്ട്ലുക്കും ‘സ്റ്റേബിള്‍’ ആയി നിലനിര്‍ത്തിയിട്ടുണ്ട്. 2027 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.4% ആയിരിക്കുമെന്ന് ഫിച്ച് കണക്കാക്കുന്നു. കഴിഞ്ഞ 3 വര്‍ഷത്തെ ശരാശരി വളര്‍ച്ചയായ 7.4% ല്‍ കുറവാണിത്.
എന്നിരുന്നാലും ആഗോള പ്രതിസന്ധികള്‍ക്കിടെ, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാമ്പത്തികമായി മികച്ച പ്രതിരോധ ശക്തി പ്രകടിപ്പിച്ചെന്നും ഈ മികവ് തുടരുമെന്നും ഫിച്ച് വിലയിരുത്തുന്നു. 2027 സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തോടെ 733 ബില്യണ്‍ ഡോളറിലേക്ക് ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം ഉയരുമെന്നും ഏജന്‍സി കണക്കാക്കുന്നു.
ജിഡിപിയുടെ 84.4% വരുന്ന കേന്ദ്ര ഗവണ്മെന്റ് കടമാണ് ഇന്ത്യയെ സംബന്ധിച്ച ആശങ്ക. ബിബിബി- റേറ്റിംഗുള്ള രാജ്യങ്ങളുടെ കടം ശരാശരി 57 ശതമാനമാണ്. 2031 സാമ്പത്തിക വര്‍ഷത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ കടം 79 ശതമാനത്തിലേക്ക് താഴുമെന്ന് ഫിച്ച് കണക്കാക്കുന്നു.
ഒന്നാം പാദത്തില്‍ 8% വളര്‍ച്ച പ്രവചിച്ച് എസ്ബിഐ റിസര്‍ച്ച്
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച പ്രതീക്ഷിച്ചതിലും ശക്തമാകുമെന്ന് എസ്ബിഐ റിസര്‍ച്ച്. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദമായ ഏപ്രില്‍ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ യഥാര്‍ഥ ജിഡിപി വളര്‍ച്ച 8% വരെ എത്തുമെന്നാണ് പുതിയ വിലയിരുത്തല്‍. ഇത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 7% വളര്‍ച്ചാ പ്രവചനത്തേക്കാള്‍ ഒരു ശതമാനം കൂടുതലാണ്.
സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വിവിധ ഹൈ-ഫ്രീക്വന്‍സി സൂചകങ്ങള്‍ പരിശോധിച്ചാണ് എസ്ബിഐ റിസര്‍ച്ച് ഈ നിഗമനത്തിലെത്തിയത്. പഠനവിധേയമാക്കിയ 86% സൂചകങ്ങളിലും വളര്‍ച്ചാ വേഗം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉപഭോഗം, വാഹന വില്‍പ്പന, ക്രെഡിറ്റ് വളര്‍ച്ച എന്നിവയാണ് പ്രധാന പിന്തുണ നല്കുന്ന മേഖലകള്‍.
ജൂണില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന 24.1% വര്‍ധിച്ചു. ഉപഭോക്തൃ വായ്പയില്‍ 15.8%, ഇരുചക്ര വാഹന വില്‍പ്പനയില്‍ 18.7%, മുച്ചക്ര വാഹന വില്‍പ്പനയില്‍ 26.1% എന്നിങ്ങനെ വളര്‍ച്ച രേഖപ്പെടുത്തി. ശക്തമായ ഉപഭോക്തൃ ആവശ്യകത സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക പിന്തുണ നല്‍കുന്നതായാണ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍.
ഇതിന് പുറമെ വ്യാവസായിക പ്രവര്‍ത്തനവും സേവന മേഖലയും നിക്ഷേപവുമായി ബന്ധപ്പെട്ട സൂചകങ്ങളും അനുകൂലമായ ദിശയിലാണ്.
അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷം, ആഗോള വ്യാപാര അനിശ്ചിതത്വം, എണ്ണവിലയിലെ ചാഞ്ചാട്ടം തുടങ്ങിയ ബാഹ്യ അപകടസാധ്യതകള്‍ തുടര്‍ന്നും നിരീക്ഷിക്കേണ്ടതുണ്ടെന്ന് എസ്ബിഐ റിസര്‍ച്ച് പറയുന്നു.




