ഇ-ടു-വീലര്‍ സബ്സിഡി 2028 സാമ്പത്തിക വര്‍ഷം വരെ നീട്ടി
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്സിഡി 2028 സാമ്പത്തിക വര്‍ഷം വരെ നീട്ടി. ഇലക്ട്രിക് ടൂവീലറുകള്‍ക്കായുള്ള സബ്സിഡി ഫണ്ട് 1,000 കോടി രൂപ വര്‍ധിപ്പിച്ച് 2,767 കോടി രൂപയാക്കി. നിലവിലെ 2.4 ദശലക്ഷത്തില്‍ നിന്ന് 4.57 ദശലക്ഷത്തിലേക്ക് സബ്സിഡി ലഭിക്കാന്‍ അര്‍ഹതയുള്ള വാഹനങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം ഇ-ടു-വീലര്‍ സബ്സിഡിക്ക് അപേക്ഷിക്കേണ്ട അവസാന തിയതി 2027 ഡിസംബര്‍ 31 ആണ്.
200 കോടി പോളിമര്‍ നോട്ടുകള്‍ പുറത്തിറക്കാന്‍ അനുമതി
10, 20 രൂപ മൂല്യമുള്ള പോളിമര്‍ ബാങ്ക് നോട്ടുകള്‍ വിപണിയിലിറക്കി പരീക്ഷിക്കാന്‍ ആര്‍ബിഐക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. റിസര്‍വ് ബാങ്ക് 10 ന്റെയും 20 ന്റെയും 100 കോടി പോളിമര്‍ നോട്ടുകള്‍ വീതം പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. പരീക്ഷണം വിജയിച്ചാല്‍ ഇവ സ്ഥിരമായി പുറത്തിറക്കുന്നതിനുള്ള നടപടിയിലേക്ക് കടക്കും. നിലവിലെ പേപ്പര്‍ നോട്ടുകള്‍ പ്രചാരത്തില്‍ തുടരും.
ക്രൂഡ് വില 90 ഡോളറിലേക്ക്; വിപണി ഇടിഞ്ഞു
ഉയരുന്ന ക്രൂഡ് ഓയില്‍ വിലയും പശ്ചിമേഷ്യയിലെ അനിശ്ചിതത്വവും നിക്ഷേപകരെ സമ്മര്‍ദത്തിലാക്കിയതോടെ ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 388 പോയിന്റ് ഇടിഞ്ഞ് 78,154 ലും നിഫ്റ്റി 112 പോയിന്റ് താഴ്ന്ന് 24,471 ലുമാണ് ക്ലോസ് ചെയ്തത്. ബ്രെന്റ് ക്രൂഡ് വില 2 ശതമാനത്തോളം ഉയര്‍ന്ന് 90 ഡോളറിനരികെയാണ് ട്രേഡ് ചെയ്യുന്നത്.
സ്വര്‍ണത്തില്‍ ‘കയറ്റിറക്കം’
അന്താരാഷ്ട്ര സ്വര്‍ണവിലയും ഏതാനും ദിവസത്തെ കുതിപ്പിനു ശേഷം ഇന്ന് ഇടിഞ്ഞു. 4,435 ഡോളര്‍ വരെ ഉയര്‍ന്ന അന്താരാഷ്ട്ര സ്വര്‍ണവില 4,380 ഡോളറിലേക്ക് താഴ്ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 290 രൂപയും പവന് 2,320 രൂപയും ഉയര്‍ന്നെങ്കിലും ഉച്ചക്ക് ശേഷം ഗ്രാമിന് 120 രൂപ ഇടിഞ്ഞ് 14,100 രൂപയും പവന് 960 രൂപ ഇടിഞ്ഞ് 1,12,800 രൂപയിലുമെത്തി.




