ഇന്റർനെറ്റ് ഇല്ലാതെയും സന്ദേശങ്ങൾ കൈമാറാൻ കഴിയുന്ന ‘ബിറ്റ്ചാറ്റ്’ എന്ന മെസേജിങ് ആപ്പിന്റെ സോഴ്സ് കോഡ് ഗിറ്റ്ഹബിൽ നിന്ന് നീക്കാൻ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. മുൻ ട്വിറ്റർ സിഇഒയും സഹസ്ഥാപകനുമായ ജാക്ക് ഡോർസി വികസിപ്പിച്ച ഈ ആപ്പിന്റെ ഗിറ്റ്ഹബ് റിപ്പോസിറ്ററികൾ നീക്കം ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ (I4C) നിർദേശം നൽകിയിരിക്കുന്നത്.
സമീപകാലത്ത് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നിലവിലുണ്ടായപ്പോൾ സമരക്കാർ ബിറ്റ്ചാറ്റ് പോലുള്ള ഓഫ്ലൈൻ മെസേജിങ് സംവിധാനങ്ങൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗിറ്റ്ഹബിനുള്ള നിർദേശം പുറത്തുവന്നത്.
ബ്ലൂടൂത്ത് മെഷ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ബിറ്റ്ചാറ്റ്, മൊബൈൽ നെറ്റ്വർക്കോ വൈ-ഫൈയോ ഇന്റർനെറ്റ് കണക്ഷനോ ഇല്ലാതെയും സമീപത്തുള്ള ഉപകരണങ്ങൾ തമ്മിൽ സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്നു. കേന്ദ്ര സർവറുകളെ ആശ്രയിക്കാത്തതിനാൽ ഉപയോക്താക്കൾക്ക് ഫോൺ നമ്പറോ അക്കൗണ്ട് രജിസ്ട്രേഷനോ ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
എന്നാൽ, ഈ സാങ്കേതികവിദ്യ ഭീകരസംഘടനകൾക്കും സംഘടിത കുറ്റകൃത്യ സംഘങ്ങൾക്കും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കും നിയമപരമായ നിരീക്ഷണം മറികടക്കാൻ സഹായകരമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആശങ്ക. ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിക്കപ്പെടുന്ന സാഹചര്യങ്ങളിലും ഈ ആപ്പ് പ്രവർത്തിക്കുമെന്നതിനാൽ പൊതുസുരക്ഷയ്ക്കും നിയമനിർവഹണത്തിനും വെല്ലുവിളിയാകാമെന്നും സർക്കാർ വിലയിരുത്തുന്നു.
“ബിറ്റ്ചാറ്റ് പോലുള്ള സാങ്കേതികവിദ്യകൾ ഇന്ത്യൻ സർക്കാരിന് ഇഷ്ടമല്ല, അതുകൊണ്ടാണ് അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്”, ഗിറ്റ്ഹബിന് ലഭിച്ച നോട്ടീസിന്റെ പകർപ്പ് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ട് ജാക്ക് ഡോർസി പ്രതികരിച്ചു.
ഓപ്പൺ സോഴ്സ് പദ്ധതിയായതിനാൽ ഗിറ്റ്ഹബിൽ നിന്നുള്ള കോഡ് നീക്കം ചെയ്താലും ഇതിനകം ഫോർക്ക് ചെയ്തതോ മറ്റ് പ്ലാറ്റ്ഫോമുകളിൽ പകർത്തിയതോ ആയ പതിപ്പുകൾ തുടർന്നും ലഭ്യമായേക്കാമെന്നാണ് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.




