കേരളവും യുഎസും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശനും യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. ഉന്നത വിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, മാരിടൈം മേഖല എന്നിവയില്‍ സഹകരണം ശക്തമാക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കൊച്ചി തുറമുഖവും കേന്ദ്രീകരിച്ചുള്ള മാരിടൈം ലോജിസ്റ്റിക്സ്, കപ്പല്‍ നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണി തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ മുഖ്യമന്ത്രി, യുഎസ് സംഘവുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചു. കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍ യുഎസ് കമ്പനികളുമായി ബന്ധിപ്പിക്കുന്നതിനായി അമേരിക്കയില്‍ ഒരു ഇന്‍വെസ്റ്റ് ഡെസ്ക് സ്ഥാപിക്കുന്നതും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
‘സിസ്റ്റര്‍ സിറ്റി’ ബന്ധം ആകാമെന്ന് ഗോര്‍
കേരളവും അമേരിക്കയും തമ്മിലുള്ള സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതും ചര്‍ച്ചയായി. സംയുക്ത ഗവേഷണം, അക്കാദമിക് എക്സ്ചേഞ്ചുകള്‍, ഇന്നൊവേഷന് പദ്ധതികള്‍ എന്നിവയിലൂടെ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സഹകരണത്തിന് സാധ്യത തേടും. കേരളത്തിന്റെ വെല്‍നസ്, ആയുര്‍വേദ ടൂറിസം സാധ്യതകളെയും ഗോര്‍ പ്രത്യേകം പരാമര്‍ശിച്ചു. കേരളത്തിലെ നഗരങ്ങളും അമേരിക്കന്‍ നഗരങ്ങളും തമ്മില്‍ ‘സിസ്റ്റര്‍ സിറ്റി’ ബന്ധം സ്ഥാപിക്കുന്നതും പരിഗണിക്കാമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാരുമായും ചര്‍ച്ച
കര്‍ണാടക സന്ദര്‍ശനത്തിന് ശേഷമാണ് സെര്‍ജിയോ ഗോര്‍ കേരളത്തിലെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും ബെംഗളൂരുവില്‍ പൂര്‍ണമായ യുഎസ് കോണ്‍സുലേറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്ത് ആയിരത്തിലധികം അമേരിക്കന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായി ഗോര്‍ ചൂണ്ടിക്കാട്ടി. പ്രതിരോധം, ആരോഗ്യം, അത്യാധുനിക സാങ്കേതികവിദ്യ, സപ്ലൈ ചെയിന്‍, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ ഇന്ത്യ-യുഎസ് സഹകരണത്തിനും വലിയ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായും ഗോര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിദ്യാര്‍ഥികളുടെ യുഎസ് വിസ, വേഗത്തിലുള്ള അപ്പോയിന്റ്മെന്റുകള്‍, എച്ച്-1ബി വിസ പുതുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ലൈഫ് സയന്‍സസ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണം തുടങ്ങിയ മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം ആകര്‍ഷിക്കാനും തെലങ്കാന ശ്രമം നടത്തി.




