ഇറാന്റെ നിര്‍ദേശങ്ങള്‍ തൃപ്തികരമല്ലെന്ന് ട്രംപ്
പാകിസ്ഥാന് മുഖേന ഇറാന് മുന്നോട്ടുവെച്ച സമാധാന കരാര്‍ നിര്‍ദേശങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ഇറാന്റെ നിര്‍ദേശങ്ങള്‍ ഒട്ടും തൃപ്തികരമല്ലെന്ന് ട്രംപ് പറഞ്ഞു. മാനുഷികമായ പരിഗണന നല്കി ആക്രമണം പുനരാരംഭിക്കുന്നത് ഒഴിവാക്കുകയാണെന്നും ട്രംപ് പറഞ്ഞു. യുഎസും ഇസ്രയേലുമായുള്ള സംഘര്‍ഷം വരും ദിവസങ്ങളില്‍ വീണ്ടും രൂക്ഷമായേക്കാമെന്ന് സമാധാന നിര്‍ദേശങ്ങള്‍ ട്രംപ് തള്ളിയതിന് പിന്നാലെ ഇറാന് പ്രതികരിച്ചു. ഏതു തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാന്‍ ഇറാന് സൈന്യം സജ്ജമാണെന്നും സൈനിക കമാന്‍ഡറായ സര്‍ദാര്‍ മൊഹമ്മദ് ജാഫര്‍ ആസാദി പറഞ്ഞു.
എണ്ണവിലയില്‍ കുതിപ്പ്, ഇന്ത്യയിലും വിലവര്‍ധനക്ക് സാധ്യത
ഇറാന് സംഘര്‍ഷ സാധ്യത വര്‍ധിച്ചതോടെ എണ്ണവിലയിലും വര്‍ധന. ബ്രൈന്റ് ക്രൂഡ് വില 3.5% ഉയര്‍ന്ന് ബാരലിന് 113.8 ഡോളറിലെത്തി. ഇന്ത്യയില്‍ ഇന്ധന വിലവര്‍ധന ഉണ്ടായേക്കുമെന്ന ആശങ്കകളും ഇതോടെ വര്‍ധിച്ചു. പെട്രോള്‍, ഡീസല്‍ വിലയില്‍ 5 രൂപ വരെ വര്‍ധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്വര്‍ണം താഴേക്ക്
സ്വര്‍ണവിലയിലും ചാഞ്ചാട്ടം തുടരുകയാണ്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്്ട്ര സ്വര്‍ണവില 0.22% ഇടിഞ്ഞ് 4612 ഡോളറിലേക്കെത്തി. അതേസമയം ഇന്ത്യയില്‍ സ്വര്‍ണവില ഉയര്‍ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ച് 13,835 രൂപയിലെത്തി. പവന് 240 രൂപ വര്‍ധിച്ച് 1,10,680 രൂപയാണ് ഇന്നത്തെ വില.
രോഹിത് ജയിന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍
റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടറായ രോഹിത് ജയിനിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കഴിഞ്ഞമാസം വിരമിച്ച ടി രബി ശങ്കറിന് പകരമായാണ് നിയമനം. മൂന്നു വര്‍ഷം രോഹിത് ജയിന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി സേവനം അനുഷ്ഠിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായത്തില്‍ 13.4% വര്‍ധന
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റ ലാഭത്തില്‍ നാലാം പാദത്തില്‍ 13.4% വര്‍ധന. 4026 കോടി രൂപയാണ് നാലാം പാദത്തില്‍ ബാങ്ക് നേടിയ ലാഭം. കിട്ടാക്കടം 1.2 ശതമാനത്തിലേക്ക് താഴ്ന്നു. ഓഹരിയൊന്നിന് 65 പൈസ ലാഭവിഹിതം ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.




