ഇന്ത്യയുടെ ഡാറ്റ സെന്റര്‍ ബിസിനസിന്റെ ഹബ്ബായി മാറാനൊരുങ്ങുകയാണ് ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണം. 1 ഗിഗാവാട്ട് കപ്പാസിറ്റി വരുന്ന ഡാറ്റ സെന്റര്‍ 15 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് വിശാഖ പട്ടണത്ത് നിര്‍മിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചതോടെ ഈ മേഖല ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍ ഈ പ്രൊജക്റ്റിനെയും കടത്തിവെട്ടുന്ന ഡാറ്റ സെന്റര്‍ പദ്ധതിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ വൈസാഗില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 17 ബില്യണ്‍ ഡോളര്‍ അഥവാ 1.6 ലക്ഷം കോടി രൂപ നിക്ഷേപിച്ച് 1.5 ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റ സെന്റര്‍ റിലയന്‍സ് വിശാഖപട്ടണത്ത് സ്ഥാപിക്കും. ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ നല്കുന്ന വമ്പന്‍ ഇന്‍സെന്റീവുകളാണ് ഡാറ്റ സെന്റര്‍ വമ്പന്മാരെ ആകര്‍ഷിക്കുന്നത്.
അദാനി എന്റര്‍പ്രൈസുമായി ചേര്‍ന്നാണ് ഗൂഗിള്‍ തങ്ങളുടെ ഡാറ്റ സെന്റര്‍ നിര്‍മിക്കുന്നത്. അദാനി എന്റര്‍പ്രൈസസും എഡ്ജ്കണക്സും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ അദാനി കണക്സാവും ഗൂഗിളിന്റെ പങ്കാളി. എയര്‍ടെലും ഈ സംരംഭത്തിന്റെ ഭാഗമാണ്. എന്നാല്‍ ഈ പ്രൊജക്റ്റിനെയും കടത്തിവെട്ടുന്ന ഡാറ്റ സെന്റര്‍ പദ്ധതിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 17 ബില്യണ്‍ ഡോളര്‍ അഥവാ 1.6 ലക്ഷം കോടി രൂപ നിക്ഷേപിച്ച് 1.5 ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റ സെന്റര്‍ റിലയന്‍സ് വിശാഖപട്ടണത്ത് സ്ഥാപിക്കും. ഡാറ്റ സെന്റര്‍ ബിസിനസിലെ വമ്പന്‍ മല്‍സരങ്ങള്‍ക്ക് ഇതോടെ വിശാഖപട്ടണം വേദിയാകുമെന്ന് ഉറപ്പായി.
സിഫി, 500 മെഗാവാട്ടിന്റെ ഡാറ്റ സെന്ററും ഡിജിറ്റല്‍ കണക്ഷന് 1 ഗിഗാവാട്ടിന്റെ ഡാറ്റ സെന്ററും നിര്‍മിക്കുന്നതും വൈസാഗിലാണ്. റിയല്‍ എസ്റ്റേറ്റ് വമ്പനായ അനന്ത് രാജ് 300 മെഗാവാട്ടിന്റെ ഡാറ്റ സെന്ററും വിശാഖ പട്ടണത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍എംസെഡ് 1 ഗിഗാവാട്ടിന്റെയും തില്‍മാന്‍ ഗ്ലോബല്‍ 300 മെഗാവാട്ടിന്റെയും ഡാറ്റ സെന്ററുകള്‍ നിര്‍മിക്കാനും ആന്ധ്ര പ്രദേശിലെ ചന്ദ്രബാബു നായിഡു സര്‍ക്കാരുമായി ധാരണയായിരിക്കുന്നു.
ഡാറ്റ സെന്റര്‍ പോളിസി 4.0 യിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് നായിഡു സര്‍ക്കാരും ഐടി മന്ത്രി നാര ലോകേഷും. വമ്പന്‍ ഇന്‍സെന്റീവുകളാണ് ഐടി വമ്പന്മാരെ വിശാഖപട്ടണത്തേക്ക് ആകര്‍ഷിക്കുന്നത്. 100% ജിഎസ്ടി റീഇംബേഴ്സ്മെന്റും മെഷീനറിക്ക് മേല്‍ 10% കാപിറ്റല്‍ സബ്സിഡിയും നേരിട്ട് വൈദ്യുതി വാങ്ങാനുള്ള ലൈസന്‍സുമടക്കം നല്‍കിയാണ് ആന്ധ്രയുടെ ഡാറ്റ സെന്റര്‍ പ്രോല്‍സാഹനം. ഗുജറാത്തും മഹാരാഷ്ട്രയും തമിഴ്നാടുമടക്കമുള്ള സംസ്ഥാനങ്ങളുയര്ത്തിയ വെല്ലുവിളി മറികടന്ന് ഡാറ്റ സെന്റര്‍ സംരംഭകരെ ആകര്‍ഷിക്കാന്‍ ആന്ധ്ര പ്രദേശിന് സാധിച്ചിട്ടുണ്ടെന്ന് കരാറുകളുടെ ബാഹുല്യം തെളിയിക്കുന്നു. ഹൈദരാബാദിനെ സൈബറാബാദാക്കിയ ചന്ദ്ര ബാബു നായിഡു വൈസാഗിനെ ഡാറ്റ സെന്ററുകളുടെ ആസ്ഥാന നഗരമായും മാറ്റുമോ? എല്ലാ സാധ്യതകളും വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്.




