പിരിഞ്ഞു ജീവിക്കുന്ന ഭാര്യക്കും കുഞ്ഞിനും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക പീഡനമാണെന്നും , ഇത് ഗാർഹിക പീഡന നിയമത്തിന്റെ പരിധിയിൽ വരുമെന്നും കേരള ഹൈക്കോടതി. ഭാര്യക്ക് പീഡനം നേരിട്ടു എന്ന് തെളിയിക്കാൻ മറ്റ് തെളിവുകളൊന്നും ഇല്ലെങ്കിൽ പോലും, ജീവനാംശം നൽക നിഷേധിക്കുന്നത് തന്നെ ഗാർഹിക പീഡനമായി കണക്കാക്കാമെന്ന് കോടതി വ്യക്താക്കി.
ഹൈക്കോടതി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റേതാണ് ഈ സുപ്രധാന ഉത്തരവ്.
കേസിന്റെ പശ്ചാത്തലം
പാലക്കാട് ചിറ്റൂർ സ്വദേശിയായ 42-കാരനായ ഭർത്താവിനോട്, ഭാര്യക്കും പ്രായപൂർത്തിയാകാത്ത മകൾക്കും പ്രതിമാസം 10,000 രൂപ വീതം ജീവനാംശവും, മാനസിക പീഡനത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും വിധിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
ഭർത്താവിന്റെ വാദം
ഭാര്യക്ക് മുൻപ് പ്രൈവറ്റ് കോളേജിൽ ജോലി ഉണ്ടായിരുന്നുവെന്നും, സാമ്പത്തിക ശേഷിയുള്ളയാളാണെന്നും ഭർത്താവ് വാദിച്ചു. കൂടാതെ, താൻ ഗാർഹിക പീഡനം നടത്തിയെന്നതിന് മറ്റ് സ്വതന്ത്ര തെളിവുകളൊന്നുമില്ലെന്നും ജീവനാംശ തുക വളരെ കൂടുതലാണെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.
ഹൈക്കോടതിയുടെവിധി
ഭാര്യക്കും കുഞ്ഞിനും ജീവനാംശം നൽക നിഷേധിക്കുന്നത് നേരിട്ടുള്ള സാമ്പത്തിക പീഡനമാണ്. അത് കൊണ്ടുതന്നെ അവർക്ക് ഗാർഹിക പീഡന നിയമപ്രകാരം ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട് എന്ന് കേരളം ഹൈ കോടതി വിധിച്ചു..ഭാര്യ പ്രൈവറ്റ് കോളേജിൽ കുറഞ്ഞ ശമ്പളത്തിൽ കുറച്ചുനാൾ ജോലി ചെയ്തു എന്നത് ജീവനാംശം നിഷേധിക്കാനുള്ള കാരണമല്ല എന്ന് ഹൈ കോടതി നിരീക്ഷിച്ചു. അധ്വാനിച്ചു ജീവിക്കാൻ ശേഷിയുള്ള ഏതൊരു ഭർത്താവിനും തന്റെ ഭാര്യക്കും കുഞ്ഞിനും മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാൻ നിയമപരവും ധാർമ്മികവുമായ ബാധ്യതയുണ്ട് എന്നും കോടതി പറഞ്ഞു.
താഴത്തെ കോടതികൾ വിധിച്ച പ്രതിമാസം 10,000 രൂപ വീതമുള്ള ജീവനാംശവും 2 ലക്ഷം രൂപ നഷ്ടപരിഹാരവും ശരിവെച്ച ഹൈക്കോടതി, ഭർത്താവിന്റെ ഹർജി തള്ളി. ഭാര്യക്കും മക്കൾക്കും അർഹമായ ജീവനാംശം നൽകാതിരിക്കുന്നത് നിയമവിരുദ്ധവും പീഡനവുമാണെന്ന് കോടതി അടിവരയിട്ടു പറഞ്ഞു. ഈ വിധിയോടെ, ഗാർഹിക പീഡന നിയമം എന്നാൽ കേവലം ശാരീരികമോ മാനസികമോ ആയ ഉപദ്രവങ്ങൾ മാത്രമല്ല, മറിച്ച് അർഹതപ്പെട്ട സാമ്പത്തിക പിന്തുണ നിഷേധിക്കുന്നതും വൻ കുറ്റകൃത്യമാണെന്ന് ഹൈക്കോടതി ഒരിക്കൽക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്.
മറ്റു വലിയ തെളിവുകളൊന്നുമില്ലെങ്കിൽ പോലും, ഭാര്യക്കും കുഞ്ഞിനും മാന്യമായി ജീവിക്കാനുള്ള ജീവനാംശം നൽക നിഷേധിക്കുന്നത് തന്നെ നിയമപരമായി പീഡനമായി കണക്കാക്കാം എന്നത്, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് നിയമപരമായ വലിയൊരു സംരക്ഷണ കവചമായി മാറും.




