രാജ്യത്തെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക ഇടപാടുകളെയും നേരിട്ട് സ്വാധീനിച്ചേക്കാവുന്ന നിരവധി സുപ്രധാന നിയമ മാറ്റങ്ങൾ വന്നിരിക്കുകയാണ്. ബാങ്കിങ്, റെയിൽവേ, എൽപിജി, കെവൈസി തുടങ്ങി വിവിധ മേഖലകളിലാണ് നിരവധി പുതിയ നിയമങ്ങളും പരിഷ്കാരങ്ങളും പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
തത്കാൽ ടിക്കറ്റ് ബുക്കിംഗ്
റെയിൽവേ റിസർവേഷൻ കൗണ്ടറുകളിലൂടെ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാൻ ഇന്ത്യൻ റെയിൽവേ പുതിയ സംവിധാനം നടപ്പാക്കി. ഓഗസ്റ്റ് 1 മുതൽ തത്കാൽ ബുക്കിങ് ആരംഭിക്കുന്ന സമയത്തിന് അനുസരിച്ചായിരിക്കും ടോക്കണുകൾ വിതരണം ചെയ്യുക.
മുമ്പ് ടോക്കൺ ലഭിക്കുന്നതിനായി ഒരു ക്യൂവിലും തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി മറ്റൊരു ക്യൂവിലും യാത്രക്കാർ നിൽക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പുതിയ സംവിധാനത്തിലൂടെ ഈ ഇരട്ടി കാത്തിരിപ്പ് ഒഴിവാക്കി ബുക്കിങ് നടപടിക്രമം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ഇതോടെ റിസർവേഷൻ കൗണ്ടറുകളിലെ തിരക്ക് കുറയുകയും യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയുകയും തത്കാൽ ടിക്കറ്റ് ബുക്കിങ് കൂടുതൽ വേഗത്തിലും സുഗമമായും പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
ക്രെഡിറ്റ് കാർഡ് റിവാർഡുകളിലും സേവന നിരക്കുകളിലും മാറ്റം
നിരവധി ബാങ്കുകൾ അവരുടെ ക്രെഡിറ്റ് കാർഡ് സേവനങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ഇന്ന് മുതൽ മാറ്റം നടപ്പാക്കും. റിവാർഡ് പോയിന്റ് പദ്ധതികൾ, വാർഷിക മെയിന്റനൻസ് ഫീസ്, മറ്റ് സേവന നിരക്കുകൾ എന്നിവയിലാണ് പ്രധാനമായും പരിഷ്കാരങ്ങൾ വരുന്നത്.
ഈ മാറ്റങ്ങൾ ബാങ്കുകൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നതിനാൽ, ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ തങ്ങളുടെ ബാങ്ക് പുറത്തിറക്കിയ പുതിയ നിരക്കുകളും നിബന്ധനകളും വിശദമായി പരിശോധിക്കുന്നത് ഉചിതമാണ്. ഇത്തരം മാറ്റങ്ങൾ റിവാർഡ് ആനുകൂല്യങ്ങളെയും പ്രതിമാസ ക്രെഡിറ്റ് കാർഡ് ചെലവിനെയും ബില്ലിനെയും നേരിട്ട് സ്വാധീനിച്ചേക്കാം.
സി-കെവൈസി
ബാങ്കിങ്, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് മേഖലകളിൽ നവീകരിച്ച സെൻട്രൽ നോ യുവർ കസ്റ്റമർ (CKYC) സംവിധാനം ഇന്ന് മുതൽ നിലവിൽ വരും. ഉപഭോക്താവിന്റെ സമ്മതത്തോടെ ഒരു കേന്ദ്രീകൃത ഡാറ്റാബേസിൽ നിന്ന് ആവശ്യമായ കെവൈസി വിവരങ്ങൾ വിവിധ ധനകാര്യ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷത.
ഇതോടെ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോഴോ ഇൻഷുറൻസ് പോളിസി എടുക്കുമ്പോഴോ മറ്റ് ധനകാര്യ സേവനങ്ങൾ ഉപയോഗിക്കുമ്പോഴോ ഓരോ തവണയും കെവൈസി രേഖകൾ വീണ്ടും സമർപ്പിക്കേണ്ട സാഹചര്യം ഒഴിവാകും. നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാനും കടലാസ് രേഖകളുടെ ഉപയോഗം കുറയ്ക്കാനും ഉപഭോക്തൃ വിവരങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാനുമാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.




