കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടറായി അലക്സാണ്ടര്‍ ജോര്‍ജിനെ നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. 2026 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നേതൃമാറ്റത്തിന് കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ അംഗീകാരം തേടും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി കമ്പനിയെ നയിച്ച നിലവിലെ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനാകും. അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തന്ത്രപരമായ വഴികാട്ടിയായും പുതിയ നേതൃത്വത്തിന് മാര്‍ഗ്ഗദര്‍ശിയായും അദ്ദേഹം തുടരുമെന്ന് കമ്പനി അറിയിച്ചു.
റെക്കോര്‍ഡ് സാമ്പത്തിക പ്രകടനവും മികച്ച ബിസിനസ് വളര്‍ച്ചയുമായി മുന്നേറ്റം തുടരുമ്പോഴാണ് മുത്തൂറ്റ് ഫിനാന്‍സ് നേതൃമാറ്റത്തിന് ഒരുങ്ങുന്നത്. 2026 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വായ്പാ ആസ്തി 1.91 ലക്ഷം കോടി രൂപ പിന്നിട്ടു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 10,606 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം നേടാനും കമ്പനിക്ക് സാധിച്ചു.

കഴിവു തെളിയിച്ച് തലപ്പത്തേക്ക്
മുത്തൂറ്റ് ഫിനാന്‍സ് മുന്‍ ചെയര്മാന്, പരേതനായ എം ജി ജോര്‍ജ് മുത്തൂറ്റിന്റെ ഇളയ മകനാണ് അലക്സാണ്ടര്‍ ജോര്‍ജ്. നിലവില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറായ അലക്സാണ്ടര്‍, യുഎസ്എയിലെ ഫ്ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമയും തണ്ടര്‍ബേര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. കുടുംബ ബിസിനസില്‍ മാനേജരായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം, സ്വന്തം കഴിവ് തെളിയിച്ചാണ് ഉന്നത പദവികളിലേക്ക് ഉയര്‍ന്നുവന്നത്.
2006 മുതല്‍ കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അദ്ദേഹം, ഹോള്‍-ടൈം ഡയറക്ടര്‍ എന്ന നിലയില്‍ ഉത്തരേന്ത്യ, കിഴക്കന്‍ ഇന്ത്യ, പശ്ചിമേന്ത്യ എന്നിവിടങ്ങളിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ബ്രാഞ്ചുകള്‍ വിപുലീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. സാങ്കേതികവിദ്യ, ഡിജിറ്റല്‍ ബാങ്കിംഗ്, ഉപഭോക്തൃ അനുഭവം, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് തുടങ്ങിയ മേഖലകളില്‍ നിരവധി മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിക്കും (സിഎസ്ആര്‍) ഇന്‍ഡിവിഡ്വല്‍ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിക്കും (ഐഎസ്ആര്) അദ്ദേഹം വലിയ പ്രാധാന്യം നല്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രോഹിണി, നോയിഡ, അമൃത്സര്‍, ഫിറോസാബാദ്, ഉന്നാവോ, ഹൂഗ്ലി തുടങ്ങിയ പ്രദേശങ്ങളിലെ പ്രൈമറി സ്കൂളുകളിലും സന്നദ്ധ സംഘടനകളിലും സാങ്കേതികവിദ്യയിലധിഷ്ഠിതമായ ‘മുത്തൂറ്റ് സ്മാര്‍ട്ട് കമ്പ്യൂട്ടര്‍ ക്ലാസ് റൂമുകള്‍’ സ്ഥാപിച്ചു. കൂടാതെ, മീററ്റ് ജില്ലാ ജയിലിലെ ‘റേഡിയോ പര്‍വാസ് സെന്റര്‍’ പോലെയുള്ള തടവുകാരുടെ പുനരധിവാസ പദ്ധതിക്ക്, 2026-ലെ ഗ്ലോബല്‍ സി.എസ്.ആര്, ഇ.എസ്.ജി ആന്‍ഡ് സസ്റ്റൈനബിലിറ്റി അവാര്‍ഡില്‍ ‘ബെസ്റ്റ് സോഷ്യല്‍ വെല്‍ഫെയര്‍ ഇനിഷ്യേറ്റീവ് ഓഫ് ദി ഇയര്‍’ പുരസ്കാരവും ലഭിച്ചു.
പ്രധാന പുരസ്കാരങ്ങള്‍
ബിസിനസ് മികവ്: ഹുറുണ്‍ ഇന്ത്യയും ആസ്ക് വെല്‍ത്തും ചേര്‍ന്ന് നല്കിയ ‘ടോപ്പ് 50 സക്സസ്ഫുള്‍ സക്സസര്‍ അവാര്‍ഡ്’ (2026), ബ്രിക്സ് – സിസിഐ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് (2023), ജയ്പൂരില്‍ വച്ച് നടന്ന ബിസിനസ് ലീഡര്‍ അവാര്‍ഡ് 2023, ടെക് സര്‍ക്കിള്‍സ് ബിസിനസ് ട്രാന്സ്ഫോര്മേഷന് അവാര്‍ഡ്.
കോര്‍പ്പറേറ്റ് ഗവേണന്‍സ് & സിഎസ്ആര്‍: പിആര്‍സിഐ നല്കിയ ചാണക്യ അവാര്‍ഡ് 2022, അലിക എജ്യുക്കേഷണല്‍ & ഹെല്‍ത്ത് സൊസൈറ്റിയുടെ ഭാരത് സമ്മാന്‍ അവാര്‍ഡ്, മുത്തൂറ്റ് ഫിനാന്‍സിന് വേണ്ടി ഏറ്റുവാങ്ങിയ ഗോള്‍ഡന്‍ പീക്കോക്ക് സിഎസ്ആര്‍ അവാര്‍ഡ്.
സാമൂഹിക സേവനം: വടക്കുകിഴക്കന്‍ ഇന്ത്യയിലെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഒളിംപിക് മെഡല്‍ ജേതാവ് മേരി കോം, മഹാത്മാ ഗാന്ധിയുടെ കൊച്ചുമകള്‍ താരാ ഗാന്ധി എന്നിവരില്‍ നിന്ന് പ്രത്യേക ആദരം.
ഫാമിലി ബിസിനസ്: മണി കണ്ട്രോളിന്റെ ഇന്ത്യന്‍ ഫാമിലി ബിസിനസ് അവാര്‍ഡ്സ് 2022-ല്‍ ‘ബെസ്റ്റ് ഫാമിലി ബിസിനസ് അവാര്‍ഡ്’.
ആഗോള തലത്തിലുള്ള അംഗീകാരങ്ങള്‍: യു.എ.ഇ സര്‍ക്കാരിന്റെ യു.എ.ഇ ഗോള്‍ഡന്‍ വിസ, ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ‘വിശിഷ്ട സേവാ സാംസ്കാരിക പുരസ്കാരം’, ‘ന്യൂ ഏജ് ഐക്കണ്‍ ചേഞ്ച്മേക്കേഴ്സ് 2020 – ഹാള്‍ ഓഫ് ഫെയിം’ ഒന്നാം സ്ഥാനം.
കെ ആര് ബിജിമോന്‍ സിഇഒയാകും
നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ കെ ആര് ബിജിമോനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഉയര്‍ത്താനും ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അദ്ദേഹം കഴിഞ്ഞ 3 പതിറ്റാണ്ടുകളായി മുത്തൂറ്റ് ഗ്രൂപ്പിന്റെ സാമ്പത്തിക ഭദ്രതയിലും വളര്‍ച്ചയിലും സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്.
ഡയറക്ടര്‍മാരായ ജോര്‍ജ് എം. ജോര്‍ജ്, ജോര്‍ജ് എം. ജേക്കബ്, ജോര്‍ജ് അലക്സാണ്ടര്‍, ഈപ്പന് അലക്സാണ്ടര്‍ എന്നിവരടങ്ങുന്ന പരിചയസമ്പന്നരായ നേതൃത്വ സംഘവും മുതിര്‍ന്ന മാനേജ്മെന്റും അലക്സാണ്ടര്‍ ജോര്‍ജിനൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ബോര്‍ഡ് ഉറപ്പുനല്‍കി.
നേതൃത്വം കൈമാറാന്‍ അനുയോജ്യ സമയം: ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്
അടുത്ത തലമുറയ്ക്ക് നേതൃത്വം കൈമാറാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് സ്ഥാനമൊഴിയുന്ന മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പ്രതികരിച്ചു. ‘വിശ്വാസത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായാണ് മുത്തൂറ്റ് ഫിനാന്‍സ് വളര്‍ന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സ്വര്‍ണ്ണപ്പണയ വായ്പകളെ കൂടുതല്‍ സംഘടിതവും ജനപ്രിയവുമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അടുത്ത തലമുറയ്ക്ക് നേതൃത്വം കൈമാറാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. അലക്സാണ്ടറിന്റെ നേതൃപാടവത്തില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. പുതിയ പദവിയിലും കമ്പനിയുടെ സുഗമമായ മാറ്റത്തിനും വളര്‍ച്ചയ്ക്കും ഞാന്‍ ഒപ്പമുണ്ടാകും.’ അദ്ദേഹം പറഞ്ഞു.
ഡയറക്ടര്‍ ബോര്‍ഡ് തന്നിലര്‍പ്പിച്ച വിശ്വാസത്തിന് അലക്സാണ്ടര്‍ ജോര്‍ജ് നന്ദി രേഖപ്പെടുത്തി. ‘എന്റെ പിതാവ് പരേതനായ എം ജി ജോര്‍ജ് മുത്തൂറ്റ്, നിലവിലെ എം ഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് എന്നിവരില്‍ നിന്ന് ബിസിനസ് പഠിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഒരു സമ്പൂര്‍ണ്ണ ധനകാര്യ സ്ഥാപനമായി വളരുമ്പോഴും ഉപഭോക്തൃ സംതൃപ്തിക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക സേവനങ്ങള്‍ക്കും ഞങ്ങള്‍ മുന്‍ഗണന നല്‍കും,’ അദ്ദേഹം പറഞ്ഞു.
അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് ഫിനാന്‍സിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് ബോര്‍ഡിന് പൂര്‍ണ്ണ ഉറപ്പുണ്ടെന്ന് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. 7,500-ഓളം ശാഖകളും 50,000-ത്തിലധികം ജീവനക്കാരുമുള്ള മുത്തൂറ്റ് ഫിനാന്‍സ്, തുടര്‍ന്നും ഉത്തരവാദിത്തമുള്ള വളര്‍ച്ചയും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




