ഹോര്‍മുസ് തുറക്കാന്‍ ധാരണയായെന്ന് സൗദി മാധ്യമങ്ങള്‍
ഹോര്‍മുസ് കടലിടുക്ക് ഘട്ടംഘട്ടമായി വാണിജ്യത്തിന് തുറന്നുകൊടുക്കുന്നത് സംബന്ധിച്ച് ഇറാനും യുഎസും ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കരാര്‍ പ്രഖ്യാപിച്ചേക്കുമെന്ന് ചര്‍ച്ചകളുമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി മീഡിയയായ അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇറാനും യുഎസും ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചില്ല. യുഎസിന്റെ 14 ഇന പദ്ധതി ഇറാന്റെ പരിഗണനയിലാണെന്നാണ് ഔദ്യോഗിക നിലപാട്.
—————-
വിപണി കുതിച്ചു, പിന്നെ ലാഭമെടുപ്പില്‍ വീണു
ഇറാന് യുഎസ് കരാറായെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വമ്പന്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ ഓഹരി വിപണി. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമില്ലാത്ത സാഹചര്യത്തില്‍ വിപണി താഴേക്ക് ഇടിഞ്ഞു. 78,834 വരെ ഉയര്‍ന്ന ശേഷം സെന്‍സെക്സ് 550 പോയന്റ് ഇടിഞ്ഞ് 77,844 ലേക്ക് താഴ്ന്ന് വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 24,482 വരെ കുതിച്ച ശേഷം 24,326 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉയര്‍ന്ന ലെവലില്‍ ലാഭമെടുപ്പും ശക്തമായിരുന്നു. എഫ്എംസിജി, ബാങ്കിംഗ്, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു. ഓട്ടോ, എനര്‍ജി മേഖലകളില്‍ മികച്ച മുന്നേറ്റവും ദൃശ്യമായി. നിഫ്റ്റി മിഡ്കാപ് 100 സൂചിക 62,094 എന്ന സര്‍വകാല ഉയരത്തിലെത്തി.
————–
എണ്ണവില 4% ഇടിഞ്ഞു, സ്വര്‍ണത്തില്‍ കുതിപ്പ്
ഇറാന് സമാധാന കരാര്‍ അരികെയെന്ന പ്രതീക്ഷയില്‍ അന്താരാഷ്ട്ര എണ്ണവില താഴ്ന്നു തന്നെയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 4% താഴ്ന്ന് 97 ഡോളറിനരികെയാണ് ട്രേഡ് ചെയ്യുന്നത്. അതേസമയം സ്വര്‍ണത്തില്‍ കുതിപ്പ് തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 1.4 ശതമാനത്തിലേറെ ഉയര്‍ന്ന് 4752 ഡോളറിലെത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 14,025 രൂപയായി. പവന് 640 രൂപ വര്‍ധിച്ച് 1,12,200 രൂപയാണ് ഇന്നത്തെ വില.




