ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തെ ചുറ്റിപ്പറ്റി ഒരു രാഷ്ട്രീയ ചുഴലിക്കാറ്റ് രൂപമെടുത്തിരിക്കുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആ ചുഴലിയുടെ കേന്ദ്രബിന്ദുവായുണ്ട്. ആന്‍ഡമാനില്‍ നിന്ന് അതിവേഗം അത് ഇന്ദ്രപ്രസ്ഥത്തെ ലക്ഷ്യമാക്കി വീശാനാരംഭിച്ചിരിക്കുന്നു. എന്താണ് വിവാദമെന്ന് നോക്കാം. ആന്‍ഡമാന്‍ നിക്കോബാറിലെ പരിസ്ഥിതിക്ക് വലിയ നാശമുണ്ടാക്കുന്ന തരത്തില്‍ വന്‍തോതില്‍ മരങ്ങള്‍ വെട്ടിമാറ്റി അവിടെ വിമാനത്താവളവും തുറമുഖവും മറ്റും നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിയുന്നു എന്നാണ് ആരോപണം. ഗൗതം അദാനിക്ക് നേട്ടമുണ്ടാക്കാനാണ് ഈ പദ്ധതിയെന്നും രാഹുല്‍ പറഞ്ഞുവെക്കുന്നു. സെന്റിനലീസ് അടക്കം പുറംലോകവുമായി ബന്ധമില്ലാതെ താമസിക്കുന്ന ആദിമ ഗോത്ര വിഭാഗങ്ങളെ വംശനാശത്തിലേക്ക് നയിക്കുന്നതാണ് ഈ പരിപാടിയെന്നും ആക്ഷേപിക്കപ്പെടുന്നു. ഈ വിവാദത്തില്‍ കഴമ്പുണ്ടോ? എന്താണ് കേന്ദ്ര സര്‍ക്കാര്‍ ആന്‍ഡമാനില്‍ കൊണ്ടുവരുന്ന ബൃഹദ് പദ്ധതി? പരിശോധിക്കാം…
ഗ്രേറ്റ് നിക്കോബാര്‍ പ്രൊജക്റ്റ് എന്ന പേരില്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ മുഴുവന്‍ ഔട്ട്ലുക്കും മാറ്റുന്ന ഒരു വന്‍ പദ്ധതി കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നു എന്നത് വാസ്തവം തന്നെയാണ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് അതീവ തന്ത്രപ്രധാനമായ ഒരു പദ്ധതിയാണിതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എന്തൊക്കെയാണ് പദ്ധതിയുടെ ഭാഗമായി വരുന്നതെന്ന് നോക്കാം. 75,000 കോടി രൂപയോളം ചെലവിട്ട് ഒരു സൈനിക, വാണിജ്യ ഹബ്ബാണ് ദ്വീപുകളില്‍ നിര്‍മിക്കുക. സാഗര്‍മാല പദ്ധതി പ്രകാരം 6 ലക്ഷം കോടി രൂപയാണ് 845 സമുദ്ര പദ്ധതികളിലായി ഇന്ത്യ നിക്ഷേപിക്കുക. ഇതില്‍ ഏറ്റവും തന്ത്രപ്രധാനമായ പദ്ധതിയാണ് ആന്‍ഡമാനിലേത്.
ഇന്ത്യയുടെ തെക്കന്‍ അതിര്‍ത്തി
എന്താണിപ്പോള്‍ ഇത്തരമൊരു വന്‍ പദ്ധതിയുടെ ആവശ്യം? അത് മനസിലാക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ സ്ഥാനം പരിശോധിക്കണം. ഇന്ത്യയുടെ തെക്കേയറ്റം വാസ്തവത്തില്‍ കന്യാകുമാരിയല്ല, ആന്‍ഡമാന്‍ നിക്കോബാറാണ്. ഹോര്‍മുസ് പോലെ തന്നെ പ്രധാനമായ മലാക്ക കടലിടുക്കില്‍ നിന്ന് കേവലം 40 നോട്ടിക്കല്‍ മൈല്‍ അഥവാ 75 കിലോമീറ്റര്‍ മാത്രം അകലെയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം. ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് മലാക്ക നിയന്ത്രിക്കുന്നത്. ഹോര്‍മുസ് പോലെതന്നെ ഒരു ചോക്ക് പോയന്റാണ് മലാക്ക. ഇന്ത്യന്‍ മഹാസമുദ്രത്തെയും ശാന്ത സമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഈ കടലിടുക്കാണ്.
ചൈനയുടെ മര്‍മം
ഒരേ സമയം ചൈനയുടെ ലൈഫ്ലൈനും ഒപ്പം ദൗര്‍ബല്യവുമാണ് മലാക്ക. ചൈനയിലേക്കുള്ള വ്യാപാരത്തിന്റെ 60 ശതമാനവും ഊര്‍ജ ഇറക്കുമതിയുടെ 70-80 ശതമാനവും മലാക്കയിലൂടെയാണ്. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഊര്‍ജ കേന്ദ്രങ്ങളുമായി ചൈനയെ അതിവേഗം ബന്ധിപ്പിക്കുന്ന കടലിടുക്കാണിത്. ഹോര്‍മുസ് അടഞ്ഞപോലെ മലാക്ക അടഞ്ഞാല്‍ ചൈനയുടെ സമ്പദ് വ്യവസ്ഥ തകരും. ഇറാന് എപ്രകാരമാണോ ഹോര്‍മുസ് കടലിടുക്കിനെ നിയന്ത്രിക്കുന്നത്, അതേരീതിയില്‍ മലാക്ക കടലിടുക്ക് പിടിച്ചെടുക്കാനും നിയന്ത്രിക്കാനും ചൈനക്ക് ആഗ്രഹമുണ്ട്. യുഎസ്, ഇന്ത്യന്‍ നാവികസേനകളുടെ പ്രദേശത്തെ കരുത്തുറ്റ സാന്നിധ്യം ഈ മോഹത്തിന് വിഘാതം തീര്‍ക്കുന്നു. വലിയ ആശയുണ്ടായിട്ടും തായ്വാനെ തൊടാന്‍ ചൈന മടിക്കുന്നത് മലാക്കയിലെ തിരിച്ചടി ഭയന്നാണ്. മലാക്കയിലെ ഈ ദൗര്‍ബല്യം മറികടക്കാനാണ് ചൈന പട്ടുപാത പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചത്. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിലൂടെ നടത്തിയ ശ്രമങ്ങളൊന്നും മലാക്കക്ക് പകരം വെക്കാവുന്ന ഒരു വ്യാപാര മാര്‍ഗം കണ്ടെത്താന്‍ ചൈനയെ സഹായിച്ചിട്ടില്ല.
മറുതന്ത്രം
ചൈനയുടെ ഈ മര്‍മമാണ് ഇന്ത്യയുടെ തന്ത്രപരമായ ലക്ഷ്യം. അതിനായാണ് നിക്കോബാര്‍ പ്രൊജക്റ്റ് വരുന്നത്. ചൈനയെപ്പോലെ തന്നെ ഇന്ത്യക്കും പ്രധാനമാണ് മലാക്ക കടലിടുക്ക്. ഇന്ത്യയുടെ സമുദ്ര വ്യാപാരത്തിന്റെ 60% നടക്കുന്നത് മലാക്കയിലൂടെയാണ്. എന്നാല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഇന്ത്യക്ക് മലാക്കയില്‍ കൂടുതല്‍ ഭൗമശാസ്ത്രപരമായ മുന്‍തൂക്കം നല്കുന്നു. മ്യാന്മറിലെ ക്യോക്പു, ശ്രീലങ്കയിലെ ഹംബന്‍ടോട്ട, പാകിസ്ഥാനിലെ ഗ്വാദര്‍ തുടങ്ങിയ തുറമുഖങ്ങളുടെ നിയന്ത്രണം നേടി, സ്ട്രിംഗ് ഓഫ് പേള്‍സ് തന്ത്രത്തിലൂടെ ഇന്ത്യയെ കടലിലൂടെ വളയാനുള്ള ചൈനീസ് തന്ത്രത്തിന് മറുതന്ത്രവുമാണ് ആന്‍ഡമാനില്‍ ഒരുങ്ങുന്നത്. ആന്‍ഡമാനില്‍ നിന്നും 55 കിലോമീറ്റര്‍ മാത്രം അകലെയുള്ള മ്യാന്മറിന്റെ കോകോ ദ്വീപുകളില്‍ ഇന്ത്യയെ ലക്ഷ്യമി്ട്ട് റണ്‍വേയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ചൈന നിര്‍മിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആന്‍ഡമാനെ തന്ത്രപരമായി വികസിപ്പിക്കാന്‍ ഇന്ത്യ അരയും തലയും മുറുക്കുന്നത്.
മുഖച്ഛായ മാറ്റുന്ന പദ്ധതി
സൈനിക ആവശ്യങ്ങള്‍ക്കും സിവിലിയന്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളം, ഇന്ത്യക്ക് മലാക്ക മാത്രമല്ല ഇന്ത്യന്‍ മഹാസമുദ്രമാകെ സുരക്ഷ ഒരുക്കും. നാല് എയര്‍ബേസുകള്‍ മാത്രമാണ് നിലവില്‍ ഇന്ത്യക്ക് ഇവിടെയുള്ളത്. 450 മെഗാവാട്ടിന്റെ സോളാര്‍ വൈദ്യുത പദ്ധതിയും ടൗണ്‍ഷിപ്പും ദ്വീപില്‍ വരും. നിക്കോബാറിലെ ഗലാത്തിയ ബേയില്‍ 14.2 എംടിഇയു ശേഷിയുള്ള അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമാണ് ഇന്ത്യ നിര്‍മിക്കുക. നിലവില്‍ ഇന്ത്യയുടെ 75% ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നറുകള്‍ വിദേശ രാജ്യങ്ങളിലുള്ള തുറമുഖങ്ങളിലാണ് കൈകാര്യം ചെയ്യുന്നത്. കൊച്ചിയും വിഴിഞ്ഞവുമാണ് രാജ്യത്ത് പ്രവര്‍ത്തന സജ്ജമായ ട്രാന്‍സ്ഷിപ്മെന്റ് ടെര്മിനമലുകള്. വ്യാപാരത്തില്‍ കൂടുതല്‍ നിയന്ത്രണവും സ്വയംപര്യാപ്തതയും കൈവരിക്കാന്‍ ആന്‍ഡമാനിലെ തുറമുഖം ഇന്ത്യയെ സഹായിക്കും. ഇന്ത്യന്‍ മഹാസമുദ്രം ഇന്ത്യന്‍ മഹാസമുദ്രമായിത്തന്നെ, തന്ത്രപരമായി ഇന്ത്യയുടെ നിയന്ത്രണത്തില്‍ ഭാവിയിലും തുടരാന്‍ വേണ്ടിയാണ് ഈ പദ്ധതി.
അപൂര്‍വവും വൈവിധ്യപൂര്‍ണവുമായ ആന്‍ഡമാനിലെ പരിസ്ഥിതിയെയും സസ്യ, ജീവിജാലത്തെയും വികസനത്തിനായും സുരക്ഷയ്ക്കായും ബലി കൊടുക്കുന്നു എന്ന് പരിസ്തിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഈ പദ്ധതിക്ക് അനുമതി നല്‍കിക്കഴിഞ്ഞു. തദ്ദേശീയ ആദിവാസി വിഭാഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിക്കുന്നു എന്നതാണ് മറ്റൊരു ആശങ്ക. എന്നാല്‍ ഷോംപെന്‍, നിക്കോബാറീസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളെ മാത്രമാണ് കുടിയൊഴിപ്പിച്ച് പുനരധിവസിപ്പിക്കേണ്ടി വരികയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറയുന്നു. 921 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ദ്വീപില്‍ മനുഷ്യവാസമുള്ള 84 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ദേശസുരക്ഷ പരമപ്രധാനം തന്നെയാണ്. പരിസ്ഥിതിക്കിണങ്ങിയ വികസനവും അതിനൊപ്പം ഒത്തുപോകട്ടെയെന്ന് പ്രതീക്ഷിക്കാം.




