പ്രമുഖ സ്വര്‍ണപ്പണയ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍ വന്‍ നേതൃമാറ്റത്തിനും വികസനത്തിനും വഴിയൊരുങ്ങുന്നു. പതിറ്റാണ്ടുകളായി സ്ഥാപനത്തെ നയിച്ച വി പി നന്ദകുമാറില്‍ നിന്ന് പ്രൊഫഷണല്‍ മാനേജ്മെന്റിലേക്ക് കമ്പനിയുടെ ഭരണം കൈമാറുകയാണ്. അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റലിന്റെ കോടികളുടെ നിക്ഷേപവും പുതിയ സിഇഒയുടെ വരവും കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവാകും.
ആശിഷ് സിംഗ് പുതിയ സിഇഒ
മണപ്പുറം ഫിനാന്‍സിന്റെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായി ആശിഷ് സിംഗ് ചുമതലയേല്‍ക്കും. 2027 ജനുവരി 1 മുതലാണ് ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നത്.
1992 മുതല്‍ കമ്പനിയെ നയിച്ചിരുന്ന പ്രൊമോട്ടര്‍ വി പി നന്ദകുമാര്‍ എംഡി സ്ഥാനത്തുനിന്ന് മാറി, നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ ചുമതല ഏറ്റെടുക്കും. ഇതോടെ കുടുംബം നേരിട്ട് ഭരിച്ചിരുന്ന കമ്പനി, പ്രൊഫഷണല്‍ മാനേജ്മെന്റിന് കീഴിലേക്ക് മാറുകയാണ്.
ബെയ്ന്‍ ക്യാപിറ്റലുമായുള്ള കരാര്‍
അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറം ഫിനാന്‍സില്‍ 4,385 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കമ്പനിയുടെ സഹ-പ്രൊമോട്ടര്‍ പദവി ബെയ്ന്‍ ക്യാപിറ്റലിന് ലഭിക്കും. ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.
ആരാണ് ആശിഷ് സിംഗ്?
ബാങ്കിംഗ് മേഖലയില്‍ 25 വര്‍ഷത്തിലധികം പരിചയസമ്പത്തുള്ള വ്യക്തിയാണ് ആശിഷ് സിംഗ്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ റീട്ടെയില്‍ ബാങ്കിംഗ് മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, ഫുള്ളര്‍ട്ടണ്‍ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവൃത്തിപരിചയമുണ്ട്.
2027 ജനുവരി 1 മുതല്‍ 5 വര്‍ഷത്തേക്കാണ് ആശിഷ് സിംഗിനെ MD & CEO ആയി നിയമിച്ചിരിക്കുന്നത്. നിലവിലെ എംഡി വി പി നന്ദകുമാര്‍ 2026 ഡിസംബര്‍ 31 വരെ ചുമതലയില്‍ തുടരും. അതിനുശേഷമാണ് ആശിഷ് സിംഗ് ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കുക. മണപ്പുറം ഫിനാന്‍സ് ബെയ്ന്‍ ക്യാപിറ്റലുമായി ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് ഈ നേതൃമാറ്റം. കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് സിഇഒ അടക്കമുള്ള ഉന്നത ഭരണസമിതിയിലെ ചില അംഗങ്ങളെ നിര്‍ദ്ദേശിക്കാനുള്ള അവകാശം ബെയ്ന്‍ ക്യാപിറ്റലിനുണ്ട്. അങ്ങനെ നിര്‍ദ്ദേശിക്കപ്പെട്ട പ്രൊഫഷണലാണ് ആശിഷ് സിംഗ്. റീട്ടെയില്‍ ബാങ്കിംഗ്, സാമ്പത്തിക വികസനം, പുതിയ ഉല്‍പ്പന്നങ്ങളുടെ വികസനം എന്നിവയിലാണ് അദ്ദേഹത്തിന്റെ പ്രധാന പരിചയം.
സുതാര്യതയും മികച്ച ഭരണവും
കുടുംബത്തിലെ അംഗങ്ങള്‍ തന്നെ കമ്പനി ഭരിക്കുമ്പോള്‍ ചിലപ്പോള്‍ ആ മേഖലയില്‍ വലിയ പരിചയസമ്പത്ത് ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ പ്രൊഫഷണല്‍ രീതിയില്‍ വരുമ്പോള്‍, ബാങ്കിംഗ്, ഫിനാന്‍സ്, ഐടി തുടങ്ങി അതാത് മേഖലകളില്‍ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള വിദഗ്ദ്ധര്‍ കമ്പനിയെ നന്നായി നയിക്കും. സ്വന്തക്കാരെയോ ബന്ധുക്കളെയോ നോക്കാതെ പൂര്‍ണ്ണമായും നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവര്‍ത്തനം. ഇത് കമ്പനിയുടെ സുതാര്യത വര്‍ദ്ധിപ്പിക്കും. നിക്ഷേപകര്‍ക്കും സാധാരണക്കാര്‍ക്കും കമ്പനിയിലുള്ള വിശ്വാസം ഇരട്ടിക്കും.
വന്‍കിട നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാം
വിദേശ നിക്ഷേപ സ്ഥാപനങ്ങളും വലിയ ബാങ്കുകളും വ്യക്തികേന്ദ്രീകൃതമായ കമ്പനികളേക്കാള്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നത് പ്രൊഫഷണലുകള്‍ നടത്തുന്ന സുരക്ഷിതമായ കമ്പനികളിലാണ്. കുടുംബ ബിസിനസുകളില്‍ പലപ്പോഴും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിലാകാം തീരുമാനങ്ങള്‍ എടുക്കുന്നത്. എന്നാല്‍ പ്രൊഫഷണല്‍ ബോര്‍ഡ് കൃത്യമായ മാര്‍ക്കറ്റ് പഠനങ്ങള്‍ക്കും ഡാറ്റകള്‍ക്കും മുന്‍ഗണന നല്കി മാത്രം തീരുമാനങ്ങളെടുക്കുന്നു.
സ്ഥാപകന്‍ ഉണ്ടാക്കിയ അടിത്തറയില്‍ നിന്ന് കമ്പനിയെ ആഗോള തലത്തിലേക്കോ അല്ലെങ്കില്‍ മറ്റ് പുതിയ ബിസിനസ് മേഖലകളിലേക്കോ വേഗത്തില്‍ വളര്‍ത്താന്‍ പ്രൊഫഷണല്‍ സിഇഒമാര്‍ക്ക് സാധിക്കും.
ഒന്നാം പാദത്തില്‍ നേട്ടം
മണപ്പുറം ഫിനാന്‍സ് സമീപകാലത്ത് ലാഭത്തിലും ബിസിനസിലും വന്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 341% വര്‍ധിച്ച് 585 കോടിയായി ഉയര്‍ന്നു. സ്വര്‍ണപ്പണയ വായ്പകളില്‍ 98% വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്.




