സ്മാർട്ട്ഫോൺ ഇഎംഐയിൽ വാങ്ങിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിനോ വായ്പ നൽകിയ സ്ഥാപനത്തിനോ ഫോൺ റിമോട്ടായി ലോക്ക് ചെയ്യാൻ കഴിയുമോ എന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വ്യക്തത വരുത്തി. പുതിയ നിർദേശങ്ങൾ പ്രകാരം, ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാൻ എടുത്ത വായ്പയുടെ ഇഎംഐ മുടങ്ങിയാൽ മാത്രമേ വായ്പ നൽകിയ സ്ഥാപനത്തിന് ഉപകരണത്തിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയൂ.
എന്നാൽ ഇഎംഐ മുടങ്ങിയ ഉടൻ തന്നെ ഫോൺ ലോക്ക് ചെയ്യാൻ വായ്പാദാതാവിന് കഴിയില്ല. ഇഎംഐ കുടിശ്ശികയായി കുറഞ്ഞത് 30 ദിവസം കഴിഞ്ഞാൽ മാത്രമേ ഫോണിൽ നിയന്ത്രണം ഏർപ്പെടുത്താൻ തുടങ്ങാവൂ. അതും ഫോൺ പൂർണമായി പ്രവർത്തനരഹിതമാക്കാതെ ഘട്ടംഘട്ടമായായിരിക്കണം. ഇഎംഐ കുടിശ്ശിക 60 ദിവസം പിന്നിട്ടാൽ മാത്രമേ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ.
ഫോണിൽ നിയന്ത്രണം ഏർപ്പെടുത്തിയാലും ഇൻകമിങ് കോളുകൾ, എസ്എംഎസ്, എമർജൻസി എസ്ഒഎസ് തുടങ്ങിയ അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കണം. ഉപയോക്താവിന്റെ കോൺടാക്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, കോൾ ലോഗുകൾ, ലൊക്കേഷൻ വിവരങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ വായ്പ തിരിച്ചുപിടിക്കുന്നതിനായി ശേഖരിക്കാനോ ഉപയോഗിക്കാനോ പാടില്ല. ഫോൺ ലോക്ക് ചെയ്യാൻ സാധ്യതയുണ്ടെന്ന കാര്യം വായ്പ നൽകുന്ന സമയത്ത് തന്നെ ഉപഭോക്താവിനെ അറിയിക്കുകയും വേണം.
കുടിശ്ശിക തുക അടച്ചുകഴിഞ്ഞാൽ നിയന്ത്രിച്ച ഫോണിന്റെയോ മറ്റ് ഉപകരണത്തിന്റെയോ പ്രവർത്തനം ഒരു മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിക്കണം. ഇത് വൈകിയാൽ വായ്പ നൽകിയ സ്ഥാപനത്തിന് മണിക്കൂറിന് ₹250 വീതം നഷ്ടപരിഹാരം നൽകേണ്ടിവരും. പുതിയ നിർദേശങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
അതേസമയം, വ്യക്തിഗത ആവശ്യങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ എടുത്ത സാധാരണ വായ്പയുടെ പേരിൽ ഉപഭോക്താവിന്റെ നിലവിലുള്ള ഫോൺ ബാങ്കുകൾക്ക് ലോക്ക് ചെയ്യാൻ കഴിയില്ല. ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാൻ പ്രത്യേകമായി നൽകിയ വായ്പയ്ക്കാണ് ഈ വ്യവസ്ഥ ബാധകമാകുന്നത്.




