ഓണ്‍ലൈന്‍ തട്ടിപ്പുകാരന് നിങ്ങള്‍ തന്നെ ഒടിപി നല്കി… നിങ്ങള്‍ തന്നെ സ്കാമര്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു… എന്നിട്ടും ബാങ്ക് നിങ്ങള്‍ക്ക് പണം തിരികെ നല്‍കേണ്ടി വന്നാലോ? കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. പക്ഷേ, അത്തരമൊരു കേസിലാണ് ഉപഭോക്തൃ കമ്മീഷന് ബാങ്കിനെതിരെ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംഭവം 2023 ജനുവരി 8 ന് ഗുരുഗ്രാമിലാണ് നടന്നത്. ഒരു സ്ത്രീക്ക് ഫെഡ്എക്സ് കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വരുന്നു. അവരുടെ പേരില്‍ അയച്ച ഒരു അന്താരാഷ്ട്ര പാഴ്സലില്‍ രണ്ട് പാസ്പോര്‍ട്ടുകളും അഞ്ച് എടിഎം കാര്‍ഡുകളും 300 ഗ്രാം ലഹരിമരുന്നും ഒരു ലാപ്ടോപ്പും ഉണ്ടെന്നും, തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്തതിനാല്‍ പൊലീസ് നടപടി നേരിടേണ്ടിവരുമെന്നും തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി.
ഭയന്നുപോയ സ്ത്രീ നാല് ഇടപാടുകളിലായി ഏകദേശം 6.93 ലക്ഷം രൂപ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് അയച്ചു. ഓരോ ഇടപാടും ഒടിപി ഉപയോഗിച്ച് സ്ഥിരീകരിച്ചതുമായിരുന്നു.
പിന്നീട് തട്ടിപ്പ് മനസ്സിലായ ഉടന്‍ അവര്‍ ഐസിഐസിഐ ബാങ്കിനെയും സൈബര്‍ ക്രൈം പോര്‍ട്ടലിനെയും പൊലീസിനെയും സമീപിച്ചു. എന്നാല്‍ ബാങ്കിന്റെ വാദം, ഇടപാടുകള്‍ ഉപഭോക്താവ് തന്നെ ഒടിപി വഴി അംഗീകരിച്ചതിനാല്‍ ബാങ്കിന് ഉത്തരവാദിത്വമില്ല എന്നായിരുന്നു.
പക്ഷേ, നാഗ്പൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് മറ്റൊരു നിലപാടാണ് സ്വീകരിച്ചത്.
തട്ടിപ്പുകാരന്റെ, അതേ ബാങ്കിലുള്ള അക്കൗണ്ടില്‍ അസാധാരണമായ ഇടപാടുകള്‍ നടന്നതായി കമ്മീഷന് കണ്ടെത്തി. സാധാരണയായി വളരെ കുറച്ച് ഇടപാടുകള്‍ മാത്രമുണ്ടായിരുന്ന അക്കൗണ്ടില്‍ ഒരു മാസത്തിനിടെ ഏകദേശം 2.84 കോടി രൂപയുടെ ക്രെഡിറ്റ്-ഡെബിറ്റ് ഇടപാടുകളാണ് നടന്നത്.
ഇത്തരം അസാധാരണ ഇടപാടുകള്‍ നിരീക്ഷിക്കുന്നതില്‍ ബാങ്കിന് വീഴ്ച സംഭവിച്ചുവെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. അതുകൊണ്ട് 5.18 ലക്ഷം രൂപ ആ വനിതയ്ക്ക് തിരിച്ചുനല്‍കാനും, തുകയ്ക്ക് 9% വാര്‍ഷിക പലിശ നല്‍കാനും, 25,000 രൂപ നഷ്ടപരിഹാരവും 10,000 കോടതിച്ചെലവും നല്‍കാനും ഉത്തരവിട്ടു.
പക്ഷേ ഒരു കാര്യം ഓര്‍ക്കണം, ഒടിപി നല്‍കിയെന്നത് മാത്രം കൊണ്ട് ബാങ്ക് എല്ലാ തട്ടിപ്പുകള്‍ക്കും ഉത്തരവാദിയാകില്ല. കേസിന്റെ സാഹചര്യവും ബാങ്കിന്റെ ജാഗ്രതയും ഇടപാടുകളുടെ സ്വഭാവവുമാണ് നിര്‍ണായകം. ഒടിപി ചോദിച്ചെത്തുന്ന അപരിചിതര്‍ക്ക് അത് കൈമാറരുതെന്നതാണ് അടിസ്ഥാനപരമായകാര്യം. ഇനി, ഓണ്‍ലൈന്‍ തട്ടിപ്പില്‍പ്പെട്ടാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു നിമിഷം പോലും വൈകാതെ ബാങ്കിനെയും സൈബര്‍ ക്രൈം അധികൃതരെയും അറിയിക്കുക എന്നതാണ്.




