വിപണിയിലെത്തി വെറും എട്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നേട്ടം സ്വന്തമാക്കിയ വാഹനമാണ് മാരുതി സുസുക്കിയുടെ മിഡ്സൈസ് എസ്യുവിയായ വിക്ടോറിസ്. ഇപ്പോഴിതാ വാഹനത്തിന് വമ്പൻ ഓഫാറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 2026 ജൂലൈ മാസത്തിൽ തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് ആകർഷകമായ ആനുകൂല്യങ്ങളാണ് വിൽപ്പനയ്ക്ക് കൂടുതൽ കരുത്തേകുന്നതിനായി മാരുതി സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മോഡലും വേരിയന്റും പരമാവധി 90,000 രൂപ വരെ അനുസരിച്ച് ആനുകൂല്യങ്ങൾ ലഭിക്കും. സ്ട്രോങ് ഹൈബ്രിഡ് വെർഷനുകൾക്കാണ് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസ്, ലോയൽറ്റി ബെനിഫിറ്റ് എന്നിവ ഉൾപ്പെടെ പരമാവധി 90,000 വരെ ഈ വകഭേദങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. അതേസമയം, സി.എൻ.ജി വേരിയന്റുകൾക്ക് പരമാവധി 80,000 രൂപ വരെയും, പെട്രോൾ മൈൽഡ് ഹൈബ്രിഡ് മോഡലുകൾക്ക് 60,000 രൂപ വരെയും ഡിസ്കൗണ്ടുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓഫറുകൾക്ക് പുറമെ, വിക്ടോറിസിന്റെ നാല് ഉയർന്ന വേരിയന്റുകളുടെ എക്സ്-ഷോറൂം വിലയും മാരുതി സുസുക്കി കുറച്ചിട്ടുണ്ട്. സെഡ്എക്സ്ഐ (ഒ) മാനുവൽ, സെഡ്എക്സ്ഐ (ഒ) ഓട്ടോമാറ്റിക്, സെഡ്എക്സ്ഐ പ്ലസ് (ഒ) മാനുവൽ, സെഡ്എക്സ്ഐ പ്ലസ് (ഒ) ഓട്ടോമാറ്റിക് എന്നീ നാല് മോഡലുകൾക്കും 39,000 രൂപ വീതമാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
വില പരിഷ്കരണത്തിന് പിന്നാലെ വിക്ടോറിസിന്റെ സെഡ്എക്സ്ഐ (ഒ) മാനുവൽ വേരിയന്റിന്റെ എക്സ്-ഷോറൂം വില 13.69 ലക്ഷം രൂപയായും, സെഡ്എക്സ്ഐ (ഒ) ഓട്ടോമാറ്റിക് പതിപ്പിന്റെ വില 15.29 ലക്ഷം രൂപയായും നിശ്ചയിച്ചു. അതേസമയം, സെഡ്എക്സ്ഐ പ്ലസ് (ഒ) മാനുവൽ വേരിയന്റിന് 15.43 ലക്ഷം രൂപയും, സെഡ്എക്സ്ഐ പ്ലസ് (ഒ) ഓട്ടോമാറ്റിക് പതിപ്പിന് 17.38 ലക്ഷം രൂപയുമാണ് പുതിയ എക്സ്-ഷോറൂം വില.
ഈ വിലക്കുറവിലൂടെ പനോരമിക് സൺറൂഫ് ഉൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകളുള്ള ഉയർന്ന വേരിയന്റുകൾ കൂടുതൽ മത്സരാധിഷ്ഠിതമായ വിലയിൽ ലഭ്യമാകുമെന്ന് വാഹന വിപണി വിലയിരുത്തുന്നു. ഇതുവഴി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും മിഡ്-സൈസ് എസ്യുവി വിഭാഗത്തിലെ വിപണി വിഹിതം വർധിപ്പിക്കാനുമാണ് മാരുതി സുസുക്കിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.




