ഇന്ത്യയിൽ സ്വകാര്യ ക്രിപ്റ്റോകറൻസികൾക്കെതിരായ നിലപാട് വീണ്ടും ശക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). രാജ്യത്തിന്റെ ധനകാര്യ സ്ഥിരതയ്ക്കും പണനയത്തിനും സ്വകാര്യ ക്രിപ്റ്റോകറൻസികൾ ഗുരുതര ഭീഷണിയാണെന്ന് ആർബിഐ ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ ക്രിപ്റ്റോ കറൻസികൾക്ക് വിലക്കേർപ്പെടുത്തുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടതെന്ന് ആർബിഐ നിർദ്ദേശിച്ചു.
ആർബിഐയുടെ ആഭ്യന്തര രേഖകൾ പ്രകാരം, ബാങ്കുകൾ ഉൾപ്പെടെയുള്ള നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങൾ സ്വകാര്യ ക്രിപ്റ്റോ ആസ്തികളിലും സ്റ്റേബിൾകോയിനുകളിലും നിക്ഷേപം നടത്തുന്നതും അവയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഏർപ്പെടുന്നതും വിലക്കണമെന്നാണ് ശുപാർശ. വിദേശ കറൻസികളുമായി ബന്ധിപ്പിച്ചുള്ള സ്റ്റേബിൾകോയിനുകൾ രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തെ ബാധിക്കുമെന്നും രൂപ അടിസ്ഥാനമാക്കിയുള്ള സ്റ്റേബിൾകോയിനുകൾ സർക്കാരിന്റെ വരുമാനത്തെയും ധനകാര്യ സംവിധാനത്തിന്റെ സ്ഥിരതയെയും പ്രതികൂലമായി ബാധിക്കുമെന്നും ആർബിഐ വിലയിരുത്തി.
അതേസമയം, അമേരിക്കയിൽ ഡൊണാൾഡ് ട്രമ്പ് ക്രിപ്റ്റോ വ്യവസായത്തിന് അനുകൂലമായ നയങ്ങൾ മുന്നോട്ടുവെച്ചതും ഡിജിറ്റൽ ആസ്തികളുമായി ബന്ധപ്പെട്ട സംരംഭങ്ങളിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയതും ആഗോളതലത്തിൽ ക്രിപ്റ്റോ വിപണിക്ക് പുതിയ ഉണർവ് നൽകിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന നിലപാടിൽ തന്നെയാണ് ആർബിഐ ഉറച്ചുനിൽക്കുന്നത്.
ക്രിപ്റ്റോ ഇടപാടുകളിലൂടെ നികുതിവെട്ടിപ്പ് വ്യാപകമാണെന്ന ആശങ്കയും ആർബിഐയും സർക്കാർ സംവിധാനങ്ങളും പങ്കുവെക്കുന്നു. വിദേശ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലൂടെയും സ്വകാര്യ ഡിജിറ്റൽ വാലറ്റുകളിലൂടെയും നടക്കുന്ന ഇടപാടുകൾ ഫലപ്രദമായി നിരീക്ഷിക്കാൻ പ്രയാസമാണെന്നും നിരവധി നിക്ഷേപകർ ഇത്തരം നിക്ഷേപങ്ങൾ ആദായനികുതി റിട്ടേണിൽ വെളിപ്പെടുത്തുന്നില്ലെന്നുമാണ് വിലയിരുത്തൽ.
നിലവിൽ ഇന്ത്യയിൽ ക്രിപ്റ്റോകറൻസികൾ പൂർണമായി വിലക്കിയിട്ടില്ല. എന്നാൽ അവയ്ക്ക് നിയമപരമായ കറൻസിയുടെ പദവിയും നൽകിയിട്ടില്ല. ക്രിപ്റ്റോ നിയന്ത്രണവുമായി ബന്ധപ്പെട്ട അന്തിമ നയം കേന്ദ്രസർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആർബിഐയുടെ പുതിയ ശുപാർശകൾ മേഖലയിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുമെന്ന സൂചനയാണ് നൽകുന്നത്.




