സാങ്കേതികവിദ്യ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത് മൂലധനത്തിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നായിരിക്കും വാട്ട്സ്ആപ്പ് സ്ഥാപകനായ ജാൻ കൗമിന്റെ മറുപടി. ആശയമാണ് പ്രധാനമെന്ന് വാദിക്കുന്ന ജാൻ വികസിപ്പിച്ച വാട്സാപ്പിന്റെ തുടക്കം മൂലധന നിക്ഷേപമായി ഒരു തുകയും ചെലവഴിക്കാതെയായിരുന്നു. അങ്ങനെ ലളിതമായി തുടങ്ങിയ ജാൻ കൗമിന്റെ വാട്ട്സ്ആപ്പ് 19 ബില്യൺ ഡോളറിനാണു 2014 ൽ ഫേസ്ബുക്ക് ഏറ്റെടുത്തത്.
ലളിതമായ തുടക്കം
സിലിക്കൺ വാലിയുടെ തിളക്കത്തിൽ നിന്നും വളരെ അകലെയാണ് ജാൻ കൗമിന്റെ കഥ ആരംഭിക്കുന്നത്. ഉക്രെയ്നിൽ ജനിച്ച കൗം, സാമ്പത്തിക ബുദ്ധിമുട്ടുകളും സാംസ്കാരികമായ ഒട്ടേറെ വെല്ലുവിളികളും നേരിട്ടുകൊണ്ടാണ് തന്റെ കൗമാരപ്രായത്തിൽ അമേരിക്കയിലേക്ക് കുടിയേറിയത്.പഠനത്തിൽ മികവ് പുലർത്തിയിരുന്ന അദ്ദേഹത്തിന് വളരെ ചെറിയ പ്രായം മുതൽക്ക് തന്നെ ബിസിനസിൽ നല്ല താല്പര്യമുണ്ടായിരുന്നു.
വാട്ട്സ്ആപ്പിന് തുടക്കം കുറയ്ക്കുന്നതിന് ഏറെ മുമ്പ്, കൗം യാഹൂവിൽ ജോലി ജോലി ലഭിച്ചു. സോഫ്റ്റ്വെയർ എഞ്ചിനീയറിംഗിൽ മികച്ച അനുഭവപാഠങ്ങളും പരിശീലനവും നേടിയത് അവിടെ നിന്നുമാണ്. എന്നാൽ വ്യക്തിപരമായ സന്ദേശങ്ങൾ അയക്കുന്നതിനു ചെലവ് കുറഞ്ഞതും സൗകര്യമേറിയതുമായ മാർഗം ആവശ്യമാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഈ ചിന്തയാണ് വിപ്ലവകരമായ വാട്ട്സ്ആപ്പ് ആശയത്തിന് തുടക്കമിട്ടത്. പരമ്പരാഗത മൊബൈൽ കാരിയറുകൾ ഒഴിവാക്കി ആഗോളതലത്തിൽ ആശയവിനിമയം നടത്താൻ ലളിതവും വേഗതയേറിയതും താങ്ങാനാവുന്നതുമായ ഒരു മാർഗമുണ്ടെങ്കിൽ അതിനു മികച്ച വിപണന സാധ്യത ഉണ്ടാകുമെന്ന തിരിച്ചറിവിലാണ് വാട്സാപ്പ് രൂപീകരിക്കപ്പെടുന്നത്.
ഇതിനായി തെന്റെ ജോലി കഴിഞ്ഞുള്ള സമയം വിനിയോഗിക്കുക എന്നതായിരുന്നു ജാൻ കൗമിന്റെ തീരുമാനം. തുടക്കത്തിൽ, ഉപയോക്താക്കൾക്ക് അവരുടെ മാനസികാവസ്ഥ അനുസരിച്ച് സ്റ്റാറ്റസുകൾ പങ്കിടാൻ അനുവദിക്കുന്ന ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് ആപ്പായിട്ടാണ് വാട്ട്സ്ആപ്പ് വിഭാവനം ചെയ്തത്. എന്നാൽ സന്ദേശമയയ്ക്കൽ തന്നെയാണ് യഥാർത്ഥ ആവശ്യമെന്നു പിന്നീട് കൗമും അദ്ദേഹത്തിന്റെ സഹസ്ഥാപകനായ ബ്രയാൻ ആക്ടണും മനസ്സിലാക്കി.
മൊബൈൽ ഫോണുകൾ സർവ്വവ്യാപിയായി മാറുകയും പരമ്പരാഗത എസ്എംഎസ് ആഗോളതലത്തിൽ സന്ദേശങ്ങൾ അയക്കുന്നതിനു ചെലവേറിയാതായി മാറുകയും ചെയ്തതോടെ, ദശലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടി സ്ട്രീംലൈൻ ചെയ്ത, ഇന്റർനെറ്റ് അധിഷ്ഠിത മെസ്സേജിങ് സർവീസ് എന്ന നിലക്കാണ് 2009 ൽ വാട്സാപ്പിന് തുടക്കമായത്.
അമിതമായ പരസ്യങ്ങളോ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള ഫീച്ചറുകളോ ഉൾപ്പെടുത്തി ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാതെ സ്വകാര്യത, വേഗത, അനായാസ ഉപയോഗം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഒരു ആപ്പ് നിർമ്മിക്കുക എന്ന ലക്ഷ്യത്തോട് അദ്ദേഹം നീതികാട്ടി എന്ന് വേണം പറയാൻ. അതിനാൽ തന്നെ ഈ മിനിമലിസ്റ്റ് സമീപനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വാട്ട്സ്ആപ്പിന്റെ ലളിതമായ ഇന്റർഫേസ്, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, ക്രോസ്-പ്ലാറ്റ്ഫോം പ്രവർത്തനം എന്നിവ ലോകമെമ്പാടുമുള്ള ജനങ്ങളെ വാട്സാപ്പിലേക്ക് വേഗത്തിൽ ആകർഷിച്ചു.
പോക്കറ്റ് മണിയിൽ നിന്നും ഒരു ബില്യൺ ഡോളർ ബിസിനസ്സ് കെട്ടിപ്പടുക്കുന്നു
വൻ നിക്ഷേപങ്ങളേക്കാൾ സ്മാർട്ട് എഞ്ചിനീയറിംഗും ഉപഭോക്താക്കളുടെ വിശ്വാസവുമാണ് വാട്ട്സ്ആപ്പിന്റെ പെട്ടന്നുള്ള വളർച്ചയ്ക്ക് പ്രചോദനം നൽകിയത്. വാട്സാപ്പിന്റെ ആദ്യകാലങ്ങളിൽ കൗം വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിങ് ഒഴിവാക്കി, പകരം സ്ഥാപനത്തിന്റെ ഓർഗാനിക് ഗ്രോത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെലവ് ചുരുക്കി ബിസിനസ് വളർത്തുന്നതിനായി ജാൻ സ്വീകരിച്ച ലീൻ സ്റ്റാർട്ടപ്പ് തന്ത്രം അക്ഷരാർത്ഥത്തിൽ സ്ഥാപനത്തിന്റെ നടത്തിപ്പ് ചെലവ് കുറയ്ക്കുകയും കമ്പനിയെ ബാഹ്യ സമ്മർദ്ദങ്ങളില്ലാതെ അതിന്റെ പ്രധാന മൂല്യങ്ങൾ നിലനിർത്താൻ അനുവദിക്കുകയും ചെയ്തു.
പരമ്പരാഗത രീതിയിലുള്ള പരസ്യ-അധിഷ്ഠിത വരുമാന സ്രോതസ്സുകളിൽ നിന്ന് വാട്ട്സ്ആപ്പിന്റെ മാതൃക മാറി നിന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. പകരം, ആദ്യ സൗജന്യ വർഷ ഉപയോഗത്തിനുശേഷം അത് നാമമാത്രമായ വാർഷിക ഫീസ് മാത്രം ഈടാക്കി – ലാഭത്തേക്കാൾ ഉപഭോക്തൃ അനുഭാവത്തോടുള്ള ഒരു സമീപനമായിരുന്നു അത്. ഓരോ വർഷവും പുതിയ ഫീച്ചറുകൾ വാട്സാപ്പിൽ ഉൾപ്പെടുത്തുന്നതിലും സ്ഥാപകൻ എന്ന നിലയിൽ ജാൻ ശ്രദ്ധിച്ചു.
നാഴികക്കല്ലായ ഏറ്റെടുക്കൽ
2014-ൽ, ഫേസ്ബുക്ക് വാട്സാപ്പിന്റെ സാമൂഹിക സ്വാധീനം തിരിച്ചറിഞ്ഞു. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ 19 ബില്യൺ ഡോളറിന് അത് സ്വന്തമാക്കി. ഈ കരാർ കൗമിന്റെ ലക്ഷ്യങ്ങളെ സാധൂകരിക്കുക മാത്രമല്ല, ഉപഭോക്തൃ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ മികച്ച ആശയം ഉണ്ടെങ്കിൽ വലിയ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് ഇല്ലാതെ തന്നെ ഏതൊരു ഉൽപ്പന്നത്തിനും മികച്ച രീതിയിലുള്ള വിപണി മൂല്യം സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിക്കുകയും ചെയ്തു.
ജാൻ കൗമിന്റെ യാത്രയിൽ നിന്നുള്ള പാഠങ്ങൾ
ജാൻ കൗമിന്റെ വിജയകഥ ഒരു സാങ്കേതിക വിജയത്തേക്കാൾ ഏറെ മുകളിലാണ് . വിജയിക്കാനുള്ള ത്വര മനസ്സിൽ സൂക്ഷിക്കുന്ന സംരംഭകർക്കുള്ള ഒരു ബ്ലൂപ്രിന്റാണ് ഇത്. മികച്ച ബിസിനസുകൾ യഥാർത്ഥ ആവശ്യങ്ങൾ മനസിലാക്കി അതിനുള്ള സൊല്യൂഷൻ കണ്ടുകൊണ്ടാണ് ആരംഭിക്കുകയും വിജയത്തിലെത്തുകയും ചെയ്യുന്നതെന്ന് ഈ വിജയം തെളിയിക്കുന്നു. ഏത് രംഗത്തേയും സങ്കീർണ്ണത ഉപയോക്താക്കളെ പിന്തിരിപ്പിക്കും. വാട്ട്സാപ്പിന്റെ മിനിമലിസ്റ്റ് ഡിസൈൻ അതിന്റെ ബഹുജന സ്വീകാര്യതയ്ക്ക് പ്രധാനമായിരുന്നു.ഇതോടൊപ്പം സ്വാഭാവിക വളർച്ചയിലും റിസോഴ്സ് മാനേജ്മെന്റിലും ശ്രദ്ധ ചെലുത്തുന്നത് കൊണ്ട് മികച്ച വിജയം സൃഷ്ടിക്കാൻ സഹായിക്കും എന്നും ഈ വിജയം തെളിയിക്കുന്നു.




