ലോകപ്രശസ്ത ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാമുകി അല്ലെങ്കില്‍ പങ്കാളി എന്ന മേല്‍വിലാസം മാത്രമാണ് ജോര്‍ജിന റോഡ്രിഗസിനുള്ളതെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഒരു ആഡംബര വസ്ത്രശാലയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തിരുന്ന സാധാരണക്കാരിയില്‍ നിന്ന് സ്വന്തമായി കോടികളുടെ ആസ്തിയുള്ള മോഡലായും ബിസിനസുകാരിയായും വളര്‍ന്ന അത്ഭുതകരമായ ജീവിതകഥയാണ് ജോര്ജിനയുടേത്. നെറ്റ്ഫ്ളിക്സ് സീരീസുകളിലൂടെയും അന്താരാഷ്ട്ര ബ്രാന്ഡുകളിലൂടെയും സ്വന്തം അധ്വാനത്താല്‍ ജോര്‍ജീന എങ്ങനെയാണ് ഒരു വന്‍ സാമ്രാജ്യം കെട്ടിപ്പടുത്തത്?
കോടികളുടെ ആസ്തി
ജോര്‍ജിനയുടെ നിലവിലെ ആസ്തി ഏകദേശം 10 ദശലക്ഷം ഡോളര്‍ ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഗൂച്ചി സ്റ്റോറിലെ ഒരു സാധാരണ സെയില്‍സ് അസിസ്റ്റന്റായി ജീവിതം തുടങ്ങിയ ജോര്‍ജീന റോഡ്രിഗസ്, പടിപടിയായാണ് ഫാഷന്‍ ലോകത്തെ മുന്‍നിര മോഡലുകളിലൊരാളായി ഉയര്‍ന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള പ്രണയത്തിന് ശേഷം ലഭിച്ച ആഗോള ശ്രദ്ധയെ കൃത്യമായി വിനിയോഗിച്ച അവര്‍, അന്താരാഷ്ട്ര ബ്രാന്‍ഡുകളായ ‘ഗെസ്സ്’, ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ‘യാമമെയ്’, ആഡംബര ജ്വല്ലറിയായ ‘ഷോപ്പാര്ഡ്’ എന്നിവയുടെ പ്രധാന മുഖമായി മാറി. ഇതിനോടൊപ്പം തന്നെ Vogue, Elle, Harper’s Bazaar, Grazia തുടങ്ങിയ പ്രമുഖ ഫാഷന്‍ മാഗസിനുകളുടെ കവര്‍ ചിത്രങ്ങളില്‍ ഇടംനേടാനും മികച്ച മോഡലിംഗ് ഡീലുകളിലൂടെ സ്വന്തമായൊരു ഫാഷന്‍ സാമ്രാജ്യം പടുത്തുയര്‍ത്താനും ജോര്‍ജീനയ്ക്ക് സാധിച്ചു.
നെറ്റ്ഫ്ളിക്സ് സീരീസ്
നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ‘I Am Georgina’ എന്ന അവരുടെ റിയാലിറ്റി ഷോ വന്‍ ഹിറ്റായിരുന്നു.ഇതിന്റെ രണ്ട് സീസണുകളില്‍ നിന്നായി വലിയ തുകയാണ് നെറ്റ്ഫ്ളിക്സ് ജോര്‍ജിനയ്ക്ക് നല്‍കിയത്. ഈ ഷോ അവരുടെ ജനപ്രീതിയും വരുമാനവും ഇരട്ടിയാക്കി.ഇന്‍സ്റ്റാഗ്രാമില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ജോര്‍ജിന, ഒറ്റ സ്പോണ്‍സേര്‍ഡ് പോസ്റ്റിലൂടെ ലക്ഷക്കണക്കിന് രൂപയാണ് സമ്പാദിക്കുന്നത്.
ബിസിനസ്സ് നിക്ഷേപങ്ങള്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം ഇന്സ്പാരിയ എന്ന ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക് ശൃംഖലയുടെ പങ്കാളിയാണ് ജോര്‍ജിന. ഇതില്‍ നിന്നും ഗണ്യമായ തുക വരുമാനമായി ലഭിക്കുന്നുണ്ട്. പോര്‍ച്ചുഗലില്‍ തുടക്കമിട്ട ഈ മെഡിക്കല്‍ ഗ്രൂപ്പ്, മുടി കൊഴിച്ചില്‍ തടയുന്നതിനും ഹെയര്‍ ട്രാന്സ്പ്ലാന്റിനുമായി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു ആഗോള സ്ഥാപനമാണ്. നിലവില്‍ സ്പെയിന്, പോര്‍ച്ചുഗല്‍, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളില്‍ ഇതിന് ശാഖകളുണ്ട്. വെറുമൊരു സാമ്പത്തിക നിക്ഷേപക എന്നതിലുപരി, ഇന്സ്പാരിയയുടെ സ്പാനിഷ് ശാഖകളുടെ അഡ്മിനിസ്ട്രേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നത് ജോര്ജീനയാണ്. ക്ലിനിക്കിന്റെ ദൈനംദിന നടത്തിപ്പിലും പ്രൊമോഷനുകളിലും ബ്രാന്‍ഡിംഗിലും ജോര്‍ജിന സജീവമായി ഇടപെടുന്നുണ്ട്. റൊണാള്‍ഡോയുടെ സാന്നിധ്യത്തോടൊപ്പം ജോര്‍ജിനയുടെ മേല്‍നോട്ടവും ഈ ബിസിനസ്സിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു.
റൊണാള്‍ഡോ എന്ന ബ്രാന്‍ഡിന്റെ മാത്രം തണലില്‍ നില്‍ക്കാതെ, ഉയര്‍ന്ന വിപണി സാധ്യതയുള്ള ഒരു മെഡിക്കല്‍-ബ്യൂട്ടി ബിസിനസ്സിലേക്ക് ഇറങ്ങിച്ചെല്ലാനും അതില്‍ നിന്ന് സ്ഥിരമായ വലിയൊരു വരുമാനമാര്‍ഗ്ഗം ഉണ്ടാക്കിയെടുക്കാനും ജോര്‍ജിനയ്ക്ക് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഇന്സ്പാരിയ.
കേവലം ഒരു പ്രശസ്ത ഫുട്ബോള്‍ താരത്തിന്റെ പങ്കാളി എന്നതിലുപരി, സ്വന്തം കഠിനാധ്വാനവും ബുദ്ധിയും കൊണ്ട് വ്യക്തിമുദ്ര പതിപ്പിക്കുകയും സ്വന്തമായി സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്ത വനിതയാണ് ജോര്‍ജിന റോഡ്രിഗസ്.




