കൊച്ചി: കേരള വിപണിയില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ഹെലിയോസ് മ്യൂച്വല്‍ ഫണ്ട്. കേരളത്തിലെ ഉയര്‍ന്ന സാമ്പത്തിക സാക്ഷരതയും പ്രവാസികളില്‍ നിന്നുള്ള സമ്പത്ത് സമാഹരണ സാധ്യതയും പ്രയോജനപ്പെടുത്താനാണ് ഹെലിയോസിന്റെ പദ്ധതി. ഹെലിയോസ് സ്മോള്‍ കാപ് ഫണ്ട് എന്എഫ്ഒയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ 15 മെട്രോ ഇതര നഗരങ്ങളില്‍ കൊച്ചിയുമുണ്ട്. ഇതോടെ ഹെലിയോസിന് മികച്ച പ്രാരംഭ മുന്നേറ്റം നല്കിയ വിപണിയായി കേരളം മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ 40 ല്‍ അധികം പ്രാദേശിക, സ്വതന്ത്ര ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാരെ എംപാനല്‍ ചെയ്തുകൊണ്ട് ശക്തമായ വിതരണ ശൃംഖലയാണ് ഹെലിയോസ് കെട്ടിപ്പടുത്തിരിക്കുന്നത്.
വളരെ കുറഞ്ഞ സമയത്തിനിടെ കമ്പനിയുടെ മ്യൂച്വല്‍ ഫണ്ട് ബിസിനസ് 10,000 കോടി രൂപ പിന്നിട്ടെന്ന് ഹെലിയോസ് ഇന്ത്യ ബിസിനസ് ഹെഡ് ദേവിപ്രസാദ് നായര്‍ പറഞ്ഞു. ഹെലിയോസിന്റെ വ്യത്യസ്തമായ നിക്ഷേപ സമീപനത്തിനും ജനങ്ങളുടെ വര്‍ധിച്ചു വരുന്ന വിശ്വാസത്തിനും തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വളര്‍ച്ചാ യാത്രയിലെ നിര്‍ണായകമായ അടുത്ത ഘട്ടത്തെയാണ് കേരളം പ്രതിനിധീകരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ഓഫീസുകളിലൂടെ നേരിട്ടുള്ള സാന്നിധ്യത്തിനൊപ്പം ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാവും കേരളത്തിലെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
ഗുണനിലവാരമില്ലാത്ത ബിസിനസുകളെ കൃത്യമായ മാനദണ്ഡങ്ങളിലൂടെ ഒഴിവാക്കി മികച്ച ബിസിനസുകളെ കണ്ടെത്തുന്ന ‘എലിമിനേഷന് ഇന്‍വെസ്റ്റിംഗ്’ ശെലിയാണ് ഹെലിയോസ് പിന്തുടരുന്നത്. ഫ്ളെക്സി ക്യാപ് ഫണ്ടുകള്‍, ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ക്യാപ് തുടങ്ങി ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളും ഹൈബ്രിഡ്, ഫിക്സഡ് ഇന്‍കം ഫണ്ടുകളുമടക്കം വിശാലമായ പോര്‍ട്ട്ഫോളിയോയാണ് ഹെലിയോസ് മുന്നോട്ടുവെക്കുന്നത്. പിഎംഎസ്, എഐഎഫ് സേവനങ്ങളും നല്‍കുന്നുണ്ട്.




