അറബ് രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്
യുഎസിനെ പിന്തുണക്കുന്ന അറബ് രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ എണ്ണക്കിണറുകളടക്കം അടിസ്ഥാന സൗകര്യങ്ങളെ ആക്രമിച്ചാല്‍ ഒന്നിന് നാലെന്ന കണക്കിന് അക്രമികളെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്ക് നേരെ തിരിച്ചടിക്കുമെന്ന് ഇറാന് വൈസ് പ്രസിഡന്റ് ഇസ്മയില്‍ സാഗബ് എസ്ഫഹാനി പറഞ്ഞു. ഒരു എണ്ണക്കിണറിന് പകരം നാല് എണ്ണക്കിണറുകള്‍ എന്നതാണ് ഇറാന്റെ കണക്കെന്നും എസ്ഫഹാനി പറഞ്ഞു.
വിപണികളില്‍ കുതിപ്പ്
ഇറാന് സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയെങ്കിലും ഇന്ത്യയടക്കം ഏഷ്യന്‍ ഓഹരി വിപണികളില്‍ ഇന്ന് കുതിപ്പ് ദൃശ്യമായി. ജപ്പാന്റെ നിക്കെ സൂചിക 1.4 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 2.15 ശതമാനവും മുന്നേറി. യുഎസിലെ ടെക്, എഐ ഓഹരികളിലെ കുതിപ്പാണ് ഏഷ്യയിലേക്കും പടര്‍ന്നത്. ഇന്ത്യന്‍ ഓഹരി വിപണിയും ഇതിന്റെ ചുവടുപിടിച്ച് മികച്ച മുന്നേറ്റം നടത്തി. സെന്‍സെക്സ് 639 പോയന്റ് മുന്നേറി 77,303 ല്‍ എത്തി. നിഫ്റ്റി 194 പോയന്റ് നേട്ടത്തോടെ 24,092 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇറാന് സംഘര്‍ഷത്തിന്റെ ഏറ്റവും മോശം സമയം കഴിഞ്ഞുപോയെന്ന് വിപണി അനുമാനിക്കുന്നു. നിരവധി ഓഹരികളില്‍ വാങ്ങല്‍ താല്‍പ്പര്യം ദൃശ്യമാണ്.
എണ്ണവില മുകളിലേക്ക്, സ്വര്‍ണത്തില്‍ ചാഞ്ചാട്ടം
ഹോര്‍മുസിലെ പ്രതിസന്ധി അയയാത്തതോടെ ആഗോള എണ്ണവിലയും ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 106.5 ഡോളറിലെത്തി. ക്രൂഡ് വില 100 ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍ ഇന്ത്യയില്‍ ഇന്ധന വിലയില്‍ 6 മാസത്തിനകം ലിറ്ററിന് 20 രൂപ വര്‍ധനവുണ്ടാകുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ എംകേ ഗ്ലോബല്‍ വിലയിരുത്തുന്നു. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4709 ഡോളറിലേക്ക് ഇന്ന് കുറഞ്ഞെങ്കിലും കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 14,155 രൂപയിലെത്തി. പവന് 304 രൂപ വര്‍ധിച്ച് 1,13,240 രൂപയാണ് ഇന്നത്തെ വില.
യുഎസ് മരുന്ന് കമ്പനി ഓര്‍ഗാനോണിനെ ഏറ്റെടുത്ത് സണ്‍ ഫാര്‍മ
ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് ഉല്‍പ്പാദകരായ സണ്‍ ഫാര്‍മ, അമേരിക്കന്‍ മരുന്ന് കമ്പനിയായ ഓര്‍ഗാനോണ്‍ ആന്‍ഡ് കമ്പനിയെ ഏറ്റെടുക്കും. 11.75 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ ഇടപാടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓര്ഗാനോണിന്റെ എഴുപതോളം ഉല്‍പ്പന്നങ്ങളിലൂടെ സണ്‍ ഫാര്‍മയുടെ ആഗോള സാന്നിധ്യം ഇതോടെ വര്‍ധിക്കും. ചൈനയടക്കം 140 ല്‍ ഏറെ രാജ്യങ്ങളിലെ വിപണികളാണ് ഇതോടെ സണ്‍ ഫാര്‍മക്ക് തുറന്നു കിട്ടുക.
ഇന്ത്യ-ന്യൂസിഡന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു
ഒരു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും ന്യൂസിലന്‍ഡും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള എല്ലാ കയറ്റുമതിക്കും ന്യൂസിലന്‍ഡ് നികുതി ഒഴിവാക്കും. ന്യൂസിലന്സില് നിന്നുള്ള 70% ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയും നികുതി ഒഴിവാക്കും. അടുത്ത അഞ്ചുവര്‍ഷത്തിനിടെ ഉഭയകകക്ഷി വ്യാപാരം 5 ബില്യണ്‍ ഡോളറിലേക്ക് ഇരട്ടിപ്പിക്കാനുദ്ദേശിച്ചുള്ളതാണ് കരാര്‍. 15 വര്‍ഷത്തിനിടെ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ന്യൂസിലന്‍ഡ് ഇന്ത്യയില്‍ നടത്തും. ക്ഷീര മേഖലയെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യത്തെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും സംരംഭകര്‍ക്കും എംഎസ്എംഇ മേഖലയ്ക്കും വലിയ അവസരമാവും സ്വതന്ത്ര വ്യാപാര കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.




