ക്രെഡിറ്റ് കാര്‍ഡിലോ ഡെബിറ്റ് കാര്‍ഡിയോ ഓട്ടോപേ സജ്ജീകരിച്ചിട്ടുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ ഇതുസംബന്ധിച്ച് ആര്‍ബിഐ പുറപ്പെടുവിച്ച ചില പുതിയ നിയമങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. ഓട്ടോപേ അഥവാ ആവര്‍ത്തിച്ചുവരുന്ന പേയ്മെന്റുകള്‍ തനിയെ ഡെബിറ്റ് ആകുന്ന ഇ-മാന്‍ഡേറ്റ് സംവിധാനത്തിന് ആര്‍ബിഐ കൃത്യമായൊരു ചട്ടക്കൂട് അവതരിപ്പിച്ചിരിക്കുകയാണ്. ഇ-മാന്‍ഡേറ്റ് നിബന്ധനകളില്‍ വ്യക്തത വരുത്തി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സംരക്ഷണമൊരുക്കുകയും ഡിജിറ്റല്‍ പേയ്മെന്റുകള്‍ ലളിതമാക്കുകയും ചെയ്യുകയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ ആര്‍ബിഐ ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട ഓട്ടോപേ സംബന്ധിച്ച പുതിയ മാറ്റങ്ങള്‍ എന്തെല്ലാമാണെന്നറിയാം.
എന്താണ് ഓട്ടോപേ?
ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നോ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നോ യുപിഐയില്‍ നിന്നോ ആവര്‍ത്തിച്ചുവരുന്ന പേയ്മെന്റുകള്‍ ഓട്ടോമാറ്റിക് ആയി സെറ്റില്‍ ചെയ്യുന്ന ഡിജിറ്റല്‍ പേയ്മെന്റ് സേവനമാണ് ഓട്ടോപേ അഥവാ ഇ-മാന്‍ഡേറ്റ്. എല്ലാ മാസവും ആവര്‍ത്തിച്ചുവരുന്ന പേയ്മെന്റുകള്‍ മറന്നുപോകാതെ അടയ്ക്കാന്‍ നല്ലൊരു ഉപാധിയാണ് ഓട്ടോപേ.
ആര്‍ബിഐ മുന്നോട്ടുവെച്ചിരിക്കുന്ന കൃത്യമായ നിയമങ്ങള്‍ അനുസരിച്ചാണ് ഓട്ടോപേ സംവിധാനം പ്രവര്‍ത്തിക്കുന്നത്. കാലാകാലങ്ങളില്‍ ഈ നിയമങ്ങള്‍ പരിഷ്കരിക്കാറുമുണ്ട്. പുതിയ പരിഷ്കാരം അനുസരിച്ച് 15,000 രൂപ വരെയുള്ള ഓട്ടോപേയ്മെന്റുകള്‍ക്ക് ഒടിപിയോ മറ്റ് സ്ഥിരീകരണങ്ങളോ ആവശ്യമില്ല. ഒരിക്കല്‍ ഉപഭോക്താവ് അത് സെറ്റ് ചെയ്താല്‍ പിന്നീട് എല്ലാ തവണയും അത് കൃത്യമായി അടഞ്ഞുപോകും. പ്രതിമാസ വരിസംഖ്യ, എസ്ഐപി (സിസ്റ്റമിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍), ബ്രോഡ്ബാന്‍ഡ് ചാര്‍ജുകള്‍, മറ്റ് ബില്ലുകള്‍ എല്ലാം ഇങ്ങനെ അടയ്ക്കാം. ഡിജിറ്റല്‍ പേയ്മെന്റുകളെ ആശ്രയിക്കുന്ന അനേകം ഉപയോക്താക്കള്‍ക്ക് ഇത് ഒരു അനുഗ്രഹമാണ്.
പേയ്മെന്റുകള്‍ സുഗമമാകും
ആവര്‍ത്തിച്ചുവരുന്ന പേയ്മെന്റുകള്‍ ഒടിപിയോ സ്ഥിരീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ കൊണ്ട് പലപ്പപ്പോഴും പരാജയപ്പെടാറുണ്ട്. ഒടിപി വരുന്നതിലെ കാലതാമസം, അല്ലെങ്കില്‍ ഫോണ്‍ നെറ്റ്വര്‍ക്ക് ഇല്ലാത്തത്, അല്ലെങ്കില്‍ ഒടിപി ശ്രദ്ധിക്കാത്തത് പോലുള്ള അവസരങ്ങളില്‍ ഓട്ടോപേയ്മെന്റുകള് മുടങ്ങിപ്പോകാം. ആളുകള്‍ ഉറക്കത്തിലോ യാത്രയിലോ ഉള്ള അഴസരങ്ങളിലും പേയ്മെന്റ് റിക്വസ്റ്റുകള്‍ പരാജയപ്പെടാറുണ്ട്. ഇതുമൂലം സബ്സ്ക്രിപ്ഷനുകളില്‍ തടസ്സം വരികയും എസ്ഐപികളും ഇന്‍ഷുറന്‍സ് പ്രീമിയവും മുടങ്ങുകയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളില്‍ പിഴ വരികയും ചെയ്യാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ആര്‍ബിഐ ഓട്ടോപേ നിബന്ധനകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ഓട്ടോപേ ലളിതമാകുമെങ്കിലും ആദ്യതവണ, അതായത് ഓട്ടോപേ സജ്ജീകരിക്കുമ്പോള്‍ ഒടിപി മുഖേനയോ മറ്റേതെങ്കിലും സ്ഥിരീകരണ മാര്‍ഗങ്ങള്‍ മുഖേനയോ പേയ്മെന്റ് സ്ഥിരീകരിക്കണം. അതിനുശേഷം ഈ പേയ്മെന്റ് ആവര്‍ത്തിക്കുന്നതാണെങ്കില്‍ ഓട്ടോപേ സജ്ജീകരിക്കാം. പിന്നീട് ഒടിപിയോ മറ്റ് സ്ഥിരീകരണമോ വേണ്ടതില്ല.
15,000 രൂപ വരെയുള്ള തുകകള്‍ക്കാണ് ഓട്ടോപേയില്‍ ഒടിപിയോ മറ്റ് സ്ഥിരീകരണമോ ആവശ്യമില്ലാത്തതെങ്കിലും ചില വിഭാഗങ്ങളില്‍ തുകയ്ക്ക് ഇളവുണ്ട്. ഉദാഹരണത്തിന്, ഇന്‍ഷുറന്‍സ് പ്രീമിയം, മ്യൂച്വല്‍ ഫണ്ട് സബ്സ്ക്രിപ്ഷനുകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റ് എന്നിവയ്ക്ക് 1 ലക്ഷം രൂപ വരെയാണ് പരിധി.
മുന്നറിയിപ്പുകള്‍ വരും
പുതിയ നിബന്ധന അനുസരിച്ച് ഓട്ടോപേ മുഖേന പേയ്മെന്റ് നടക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഉപഭോക്താക്കള്‍ക്ക് അത് സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശം വരും. അപ്രതീക്ഷിതമായി പണം ഡെബിറ്റ് ചെയ്യുന്നത് ഒഴിവാക്കുന്നതിനും ആവര്‍ത്തിച്ചുവരുന്ന പേയ്മെന്റുകള്‍ സുരക്ഷിതമായി നടത്തുന്നതിനും ഇത് സഹായകമാകും.




