ഉന്നതവിദ്യാഭ്യാസത്തിനായി ലക്ഷങ്ങൾ ചെലവാക്കാൻ തയ്യാറെടുക്കുമ്പോൾ നിങ്ങളുടെ കുടുംബത്തിന്റെ കയ്യിലെ എല്ലാ സമ്പാദ്യവും ഫിക്സഡ് ഡിപ്പോസിറ്റുകളും എടുത്തു ചെലവഴിക്കാൻ പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് വലിയൊരു സാമ്പത്തിക നഷ്ടമാണ് സംഭവിക്കാൻ പോകുന്നത്! അതെ, സ്വന്തം പണം മുഴുവൻ ചെലവാക്കുന്നതിനേക്കാൾ വളരെ ലാഭകരമായി ഒരു എഡ്യൂക്കേഷൻ ലോൺ ഉപയോഗിച്ച് നിങ്ങൾക്ക് പഠനം പൂർത്തിയാക്കാൻ സാധിക്കും. പലിശയിലെ ലാഭം, നികുതി ഇളവുകൾ, പഠനം കഴിഞ്ഞുള്ള തിരിച്ചടവ് തുടങ്ങി ബാങ്കുകൾ നൽകുന്ന വായ്പകൾക്ക് പിന്നിൽ നിങ്ങൾ അറിയാത്ത നിരവധി വൻ ആനുകൂല്യങ്ങളുണ്ട്. വിദ്യാഭ്യാസ വായ്പ എടുക്കുന്നതുകൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ് ?
സ്വന്തം സമ്പാദ്യം സുരക്ഷിതമായി നിലനിർത്താം
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നിങ്ങളുടെ അല്ലെങ്കിൽ മാതാപിതാക്കളുടെ സേവിങ്സ്, ഫിക്സഡ് ഡിപ്പോസിറ്റ് , മ്യൂച്വൽ ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങൾ പിൻവലിക്കേണ്ടതില്ല. ഇവയിൽ നിന്നും പലിശ ലഭിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ലോൺ ഉപയോഗിച്ച് പഠനച്ചെലവുകൾ നടത്താം.
സർക്കാരിന്റെ പലിശ ഇളവ് പദ്ധതികൾ
കുടുംബത്തിന്റെ വാർഷിക വരുമാനം 4.5 ലക്ഷത്തിൽ താഴെയാണെങ്കിൽ സർക്കാരിന്റെ സെൻട്രൽ സെക്ടർ പലിശ സബ്സിഡി പദ്ധതി ലഭിക്കും. ഇത് പ്രകാരം പഠനകാലയളവിലെ മുഴുവൻ പലിശയും സർക്കാർ വഹിക്കും.
പഠനം കഴിഞ്ഞ ശേഷം അടച്ചുതുടങ്ങിയാൽ മതി
പഠിക്കുന്ന സമയത്ത് തന്നെ തിരിച്ചടവ് തുടങ്ങേണ്ടതില്ല. കോഴ്സ് കഴിയുന്നതുവരെയും, അതിനുശേഷം 6 മാസം മുതൽ 1 വർഷം വരെയുമുള്ള സമയത്തെയാണ് ‘മൊറട്ടോറിയം കാലയളവ്’ എന്ന് പറയുന്നത്. പഠനം പൂർത്തിയാക്കി ജോലി ലഭിച്ച ശേഷം തിരിച്ചടവ് ആരംഭിച്ചാൽ മതിയാകും.
കുറഞ്ഞ പലിശ നിരക്കുകൾ
പേഴ്സണൽ ലോണുകളെ അപേക്ഷിച്ച് എഡ്യൂക്കേഷൻ ലോണുകൾക്ക് പലിശനിരക്ക് വളരെ കുറവാണ്. ആർ.ബി.ഐയുടെ റെപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയാണ് ഇത് തീരുമാനിക്കുന്നത്. മുൻനിര സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കുകയോ അല്ലെങ്കിൽ സെക്യൂരിറ്റി നൽകുകയോ ചെയ്താൽ പലിശയിൽ ഇനിയും ഇളവുകൾ ലഭിക്കും.
ആദായനികുതി ഇളവുകൾ
എഡ്യൂക്കേഷൻ ലോണിന്റെ പലിശ തിരിച്ചടവിലൂടെ ആദായനികുതിയിൽ പൂർണ്ണമായ ഇളവ് നേടാം. ഇതിന് പരിധിയില്ല, തുടർച്ചയായി 8 വർഷം വരെ ഈ ഇളവ് ലഭ്യമാണ്.
TCS ഇളവ്
വിദേശത്ത് പോയി പഠിക്കാൻ സ്വന്തം പണം അയക്കുമ്പോൾ 7 ലക്ഷത്തിന് മുകളിൽ 5% TCS നികുതി നൽകണം. എന്നാൽ എഡ്യൂക്കേഷൻ ലോൺ വഴി ഈ തുക അയക്കുമ്പോൾ 0.5% TCS നൽകിയാൽ മതി.
പഠനത്തിന്റെ എല്ലാ ചെലവുകളും വഹിക്കുന്നു
ട്യൂഷൻ ഫീസ് മാത്രമല്ല, ലോൺ തുക കൊണ്ട് താഴെ പറയുന്ന ചെലവുകളും നടത്താം
- ഹോസ്റ്റൽ, മെസ്സ് ഫീസ്
- പുസ്തകങ്ങൾ, ലാപ്ടോപ്പ്, മറ്റ് പഠനോപകരണങ്ങൾ
- വിദേശത്ത് പോകുന്നവർക്കുള്ള യാത്രാക്കൂലി
- കോളേജ് ആവശ്യപ്പെടുന്ന റീഫണ്ടബിൾ ഡിപ്പോസിറ്റുകൾ
- ജാമ്യമില്ലാതെ വായ്പ ലഭിക്കുന്നു
സാധാരണയായി 7 ലക്ഷം വരെയുള്ള ലോണുകൾക്ക് ഈടോ ജാമ്യമോ ആവശ്യമില്ല. കൂടാതെ, ആക്സിസ് ബാങ്ക് പോലുള്ള പ്രമുഖ ബാങ്കുകൾ വിദേശത്തെ പ്രമുഖ സർവ്വകലാശാലകളിൽ പഠിക്കുന്നതിന് ജാമ്യമില്ലാതെ ഉയർന്ന തുക ,ഉദാഹരണത്തിന് 75 ലക്ഷം വരെ നൽകുന്നുണ്ട്.
നല്ല സിബിൽ സ്കോർ ഉണ്ടാക്കിയെടുക്കാം
ഒരു വിദ്യാർത്ഥിയുടെ ആദ്യത്തെ വലിയ കടമ്പയാണ് എഡ്യൂക്കേഷൻ ലോൺ. പഠനശേഷം കൃത്യസമയത്ത് EMI തിരിച്ചടക്കുന്നത് വഴി ചെറുപ്പത്തിൽ തന്നെ നല്ലൊരു സിബിൽ സ്കോർ ഉണ്ടാക്കിയെടുക്കാൻ കഴിയും. ഇത് ഭാവിയിൽ ഭവന വായ്പ, കാർ വായ്പ തുടങ്ങിയവ എളുപ്പത്തിൽ ലഭിക്കാൻ സഹായിക്കും.
ചുരുക്കത്തിൽ സ്വന്തം സമ്പാദ്യം നഷ്ടപ്പെടുത്താതെ, നികുതി ഇളവുകളോടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാനും സാമ്പത്തിക ഉത്തരവാദിത്തം വളർത്തിയെടുക്കാനും എഡ്യൂക്കേഷൻ ലോൺ സഹായിക്കും.




