പുതിയ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ. പുതിയ വിരാട് വി1 സീരീസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുമെന്നാണ് ലാവ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കമ്പനി പുറത്തിറക്കിയ ടീസറുകൾ പ്രകാരം, വിരാട് വി1 5ജി, വിരാട് വി1 4ജി എന്നീ രണ്ട് ഫോണുകളാണ് അവതരിപ്പിക്കുക. ലാവയുടെ വിരാട് സീരീസിലെ ആദ്യ സ്മാർട്ട്ഫോണുകളായിരിക്കും ഇവ.
ആധുനിക ഡിസൈൻ, മികച്ച പ്രകടനം, മത്സരാധിഷ്ഠിത വില എന്നിവ ലക്ഷ്യമിട്ടാണ് പുതിയ മോഡൽ വിപണിയിലെത്തുന്നത്. ഫോണുകൾ ഓൺലൈനായി ഫ്ലിപ്കാർട്ടിലൂടെ വിൽപനയ്ക്കെത്തും. ഇതിനായി ഫ്ലിപ്കാർട്ടിൽ പ്രത്യേക മൈക്രോസൈറ്റ് കമ്പനി സജ്ജമാക്കിയിട്ടുണ്ട്.
പുതിയ സ്മാർട്ട്ഫോണിൽ ഉയർന്ന റിഫ്രഷ് റേറ്റുള്ള എഎംഒഎൽഇഡി ഡിസ്പ്ലേ, 5ജി പ്രോസസർ, ഉയർന്ന റെസലൂഷൻ ക്യാമറ, വലിയ ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് പിന്തുണ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യൻ വിപണിയിൽ ബജറ്റ്, മിഡ്-റേഞ്ച് വിഭാഗങ്ങളിൽ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലാവ പുതിയ മോഡൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ‘മേക്ക് ഇൻ ഇന്ത്യ’ ആശയത്തിന് പ്രാധാന്യം നൽകി ആഭ്യന്തര നിർമ്മാണത്തിനും വിൽപ്പനാനന്തര സേവനത്തിനും കമ്പനി കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. 17 വർഷത്തെ പ്രവർത്തനത്തിനിടെ ഓഫ്ലൈൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലാവ, ഓൺലൈൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ സീരീസാണ് വിരാട് വി1 എന്നതും ശ്രദ്ധേയമാണ്.




