രക്ഷാബന്ധന് പോലുള്ള വിശേഷാവസരങ്ങളില്‍ സഹോദരീസഹോദരന്മാര്ക്ക് മധുരപലഹാരങ്ങളും വസ്ത്രങ്ങളും നല്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് മാറി, അവരുടെ ഭാവി സുരക്ഷിതമാക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ സമ്മാനമായി നല്‍കാം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ദീര്‍ഘകാല സാമ്പത്തിക ഭദ്രത നല്കാന് സഹായിക്കുന്ന ഈ സമ്മാനം എങ്ങനെ നല്‍കാം, ഇതിന്റെ യോഗ്യതകള്‍ എന്തൊക്കെയാണ്, ഏതൊക്കെ നിരക്കുകളാണ് ഇതിനായി നല്‍കേണ്ടത് എന്ന് മനസ്സിലാക്കാം.
രണ്ട് വഴികള്‍
രക്ഷാബന്ധന് പോലുള്ള വിശേഷാവസരങ്ങളില്‍ സഹോദരീസഹോദരന്മാര്ക്ക് പരമ്പരാഗത സമ്മാനങ്ങള്‍ക്ക് പകരം മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ നല്‍കുന്നത് അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന മികച്ചൊരു സാമ്പത്തിക സമ്മാനമാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ സമ്മാനമായി നല്കാന് രണ്ട് വഴികളുണ്ട്. ഒന്ന് ഡീമാറ്റ് അക്കൗണ്ട് വഴിയും, രണ്ടാമത്തേത് ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവര്‍ക്കായി SoA (Statement of Account) വഴിയും. ബ്രോക്കര്‍ ആപ്പുകള്‍ വഴിയോ MF Central, CAMS, KFintech തുടങ്ങിയ പോര്‍ട്ടലുകള്‍ വഴിയോ OTP verification പൂര്‍ത്തിയാക്കി വളരെ എളുപ്പത്തില്‍ യൂണിറ്റുകള്‍ കൈമാറാം. സമ്മാനം സ്വീകരിക്കുന്നയാള്‍ക്ക് മുന്‍പ് ഫണ്ട് ഇെല്ലങ്കില്‍ PAN, KYC, ബാങ്ക് വിവരങ്ങള്‍ നല്കി സൗജന്യമായി പുതിയ ഫോളിയോ അക്കൗണ്ട് തുടങ്ങാവുന്നതാണ്.
ഏതൊക്കെ തരം മ്യൂച്ചല്‍ ഫണ്ട് കൈമാറാം?
എന്നാല്‍ എല്ലാ മ്യൂച്വല്‍ ഫണ്ടുകളും ഏതു സമയത്തും കൈമാറാന്‍ സാധിക്കില്ല. പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ഭൂരിഭാഗം ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് ഫണ്ടുകളും സമ്മാനമായി നല്‍കാം. എന്നാല്‍ ലോക്ക്-ഇന്‍ പീരിയഡ് ഉള്ള ELSS ഫണ്ടുകള്‍ 3 വര്‍ഷത്തിന് ശേഷമേ കൈമാറാന്‍ കഴിയൂ. അതുപോലെ വിരമിക്കല്‍ ഫണ്ടുകള്‍, കുട്ടികളുടെ ഫണ്ടുകള്‍, പണയം വെച്ചതോ ബാധ്യതയുള്ളതോ ആയ ഫണ്ടുകള്‍ എന്നിവ സമ്മാനമായി നല്കാന് സാധിക്കില്ല. കൈമാറ്റം ചെയ്യുന്നതിന് പ്രത്യേകമായി കുറഞ്ഞ ഹോള്‍ഡിംഗ് കാലയളവ് ഒന്നും തന്നെ നിഷ്കര്‍ഷിച്ചിട്ടില്ല.
ചെലവുകള്‍
ഈ സാമ്പത്തിക കൈമാറ്റത്തിന് ചില ചെറിയ ചിലവുകള്‍ വരുന്നുണ്ട്. ഡീമാറ്റ് വഴി കൈമാറുമ്പോള്‍ ബ്രോക്കര്‍ അല്ലെങ്കില്‍ ഡിപി ചാര്‍ജുകള്‍ നല്‍കേണ്ടി വരും. SoA വഴി കൈമാറ്റം ചെയ്യുമ്പോള്‍ 0.015% സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജ് കൈമാറുന്നയാള്‍ നല്‍കണം. കൂടാതെ, മ്യൂച്വല്‍ ഫണ്ടുകള്‍ കൈമാറാനായി മാത്രം വില്‍ക്കരുത്. കാരണം അത് എക്സിറ്റ് ലോഡും മറ്റ് നികുതി ഭാരവും ഉണ്ടാക്കും. പകരം ഡയറക്ട് ട്രാന്‍സ്ഫര്‍ രീതി ഉപയോഗിക്കുന്നതാണ് ഏറ്റവും ലാഭകരം. സമ്മാനമായി നല്‍കുന്നതിന് കുറഞ്ഞ ഹോള്‍ഡിംഗ് കാലയളവ് ആവശ്യമില്ല.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




