കൊണാര്‍ക്ക് അവതരിപ്പിച്ച് ഏഥര്‍
ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ച് ഏഥര്‍ എനര്‍ജി. കൊണാര്‍ക്ക് എന്ന പേരിലുള്ള സ്കൂട്ടറിന്റെ 100 കിലോമീറ്റര്‍ റേഞ്ച് നല്കുന്ന വേരിയന്റിന് 99,999 രൂപയാണ് വില. 125 കിലോമീറ്റര്‍ പതിപ്പിന് 1,21,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. രണ്ടു സ്കൂട്ടറുകളും സെപ്റ്റംബറില്‍ വില്‍പ്പനയ്ക്കെത്തും. കൂടുതല്‍ മാസ്-മാര്‍ക്കറ്റ് ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. 161, 200 കിലോമീറ്റര്‍ റേഞ്ചുള്ള കൊണാര്‍ക്ക് സ്കൂ്ട്ടറുകള് 2027 മൂന്നാം പാദത്തില്‍ എത്തും. Ather ന്റെ പുതിയ ഇഎല്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ആദ്യ പ്രൊഡക്ഷന്‍ സ്കൂട്ടറാണ് Konarc.
വെനസ്വേലയുമായി ലോകത്തെ ഏറ്റവും വലിയ എണ്ണക്കരാര്‍ ഒപ്പിട്ടെന്ന് ട്രംപ്
വെനസ്വേലയുമായി ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കരാര്‍ ഉണ്ടാക്കിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കരാര്‍ പ്രകാരം വെനസ്വേലയുടെ 65 ബില്യണ്‍ ബാരലിലേറെ വരുന്ന എണ്ണശേഖരത്തിന്റെ നിയന്ത്രണം യുഎസിന് ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു. കരാറിന്റെ സാമ്പത്തിക വ്യവസ്ഥകളോ വെനസ്വേലയ്ക്ക് ലഭിക്കുന്ന പ്രതിഫലമോ ട്രംപ് വ്യക്തമാക്കിയിട്ടില്ല. കരാര്‍ വെനസ്വേലയില്‍ ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ സ്വകാര്യ നിക്ഷേപത്തിനും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സൂചിപ്പിച്ചു.
5ജി മൊബൈല്‍ നെറ്റ്വര്‍ക്കുകളുടെ റേഡിയേഷന് പരിധി ഇരട്ടിയാക്കി
5ജി മൊബൈല്‍ നെറ്റ്വര്‍ക്കുകളുടെ റേഡിയേഷന് പരിധി (EMF power-denstiy) ചതുരശ്ര മീറ്ററിന് 5 വാട്ട് എന്നതില്‍നിന്ന് ചതുരശ്ര മീറ്ററിന് 10 വാട്ടിലേക്ക് ഇരട്ടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ നിയമം അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വന്നേക്കും. ഇതോടെ ഓരോ ടവറിനും കൂടുതല്‍ പ്രദേശം കവര്‍ ചെയ്യാനാകുന്നതിനാല്‍ പുതിയ ടവറുകളുടെ എണ്ണം കുറയ്ക്കാനും നെറ്റ്വര്‍ക്ക് വികസനച്ചെലവ് താഴ്ത്താനും ടെലികോം കമ്പനികള്‍ക്ക് സാധിച്ചേക്കും. 5ജി ടവറുകള്‍ വര്‍ധിപ്പിച്ചു വരുന്ന Vodafone Idea-യ്ക്കായിരിക്കും ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക. ഇതിനകം വലിയ 5G ശൃംഖലയുള്ള Jio, Airtel എന്നിവയ്ക്കും നിലവിലെ അടിസ്ഥാനസൗകര്യം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനാകും.
പാക്കറ്റ് ഭക്ഷ്യവസ്തുക്കള്‍ക്ക് മുന്നറിയിപ്പ് ലേബല്‍
പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവയുടെ അളവ് നിശ്ചിത പരിധിക്ക് മുകളിലുള്ള പാക്ക് ചെയ്ത ഭക്ഷണങ്ങളില്‍ പാക്കറ്റിന്റെ മുന്‍ഭാഗത്ത് ചുവന്ന നിറത്തില്‍ മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധമാക്കാന്‍ FSSAI നിര്‍ദേശം. ICMR-NIN നിശ്ചയിക്കുന്ന പോഷകപരിധി കവിയുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് ലേബല്‍ ബാധകമാകുക. ‘High Sugar’, ‘High Salt’, ‘High Fat’ തുടങ്ങിയ മുന്നറിയിപ്പുകള്‍ ഷട്ഭുജ ആകൃതിയിലുള്ള ലേബലില്‍ നല്‍കും; ഒന്നിലധികം പോഷകങ്ങള്‍ പരിധി കവിയുന്നെങ്കില് സംയുക്ത മുന്നറിയിപ്പും നല്‍കണം. രണ്ട് ഘട്ടമായാണ് ഇത് നടപ്പാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്-ആദ്യ ഘട്ടത്തില്‍ രണ്ടോ അതിലധികമോ പോഷകങ്ങള്‍ അധികമുള്ള ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്കും. രണ്ടാം ഘട്ടത്തില്‍ ഏതെങ്കിലും ഒരു പോഷകത്തിന്റെ പരിധി കവിയുന്ന ഉല്‍പ്പന്നങ്ങള്‍ക്കും മുന്നറിയിപ്പ് വരും. പാല്, നെയ്യ്, ഭക്ഷ്യ എണ്ണ, പഞ്ചസാര, ശര്‍ക്കര, തേന്‍ തുടങ്ങി ഒറ്റ ഘടകങ്ങളടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും പ്രകൃതിദത്തമായ ഉല്‍പ്പന്നങ്ങള്‍ക്കും ഇളവ് നിര്‍ദേശിച്ചിട്ടുണ്ട്.
വിദേശ നിക്ഷേപകരെ ക്ഷണിച്ച് ധനമന്ത്രി
ഇന്ത്യയെ വെറുമൊരു വമ്പന്‍ വിപണിയായി കാണാതെ ലോകത്തിനായി ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും നിര്‍മിക്കുന്ന ആഗോള പ്ലാറ്റ്ഫോമായി ഉപയോഗിക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ആഗോള നിക്ഷേപകരോട് ആവശ്യപ്പെട്ടു. ചിക്കാഗോയില്‍ നടന്ന ഉന്നതതല ബിസിനസ് റൗണ്ട്ടേബിളിലാണ് നിര്‍മാണ, ടെക്നോളജി, ഇന്നൊവേഷന് കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ധനമന്ത്രി നിക്ഷേപകരെ ക്ഷണിച്ചത്. എഐ, ഡിജിറ്റല്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഫുഡ് പ്രോസസിങ്, പ്രതിരോധം, സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ വന്‍ അവസരങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗിഫ്റ്റ് സിറ്റിയില്‍ 2026 ജൂണ്‍ വരെ 1,250 സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിര്‍മല വ്യക്തമാക്കി.




