ഭൂകമ്പം പോലുള്ള ദുരന്ത സ്ഥലങ്ങളിൽ മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് പാറ്റകളെ ഉപയോഗിക്കാനുള്ള പുതിയ സാങ്കേതികവിദ്യയുമായി ശാസ്ത്രജ്ഞർ. കാമറകളും മിനിയേച്ചർ മെഡിക്കൽ ഇൻജക്ടറുകളും ഘടിപ്പിച്ച സൈബോർഗ് പാറ്റകളെയാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്ലാൻഡിലെയും യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിലെയും ഗവേഷകരാണ് പദ്ധതിക്ക് പിന്നിൽ. ‘പാരാബോർഗ്സ്’ എന്ന് വിളിക്കുന്ന ഈ സൈബോർഗ് പാറ്റകൾക്ക് തകർന്ന കെട്ടിടങ്ങൾ, ഗുഹകൾ, അവശിഷ്ടങ്ങൾക്കിടയിലെ ഇടുങ്ങിയ ഇടങ്ങൾ തുടങ്ങിയ മനുഷ്യ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൂടെ സഞ്ചരിക്കാനാകും.
നോർത്ത് ക്വീൻസ്ലാൻഡിൽ കാണപ്പെടുന്ന ജയന്റ് ബറോയിങ് കോക്രോച്ചുകളെയാണ് ഇതിനായി ഉപയോഗിച്ചത്. ശരീരത്തിൽ ഘടിപ്പിച്ച ഇലക്ട്രോഡുകളിലൂടെ പാറ്റകളുടെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് അവയുടെ ചലനം വിദൂരമായി നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഭാരം കുറഞ്ഞ ഇലക്ട്രോണിക് സംവിധാനങ്ങൾക്കൊപ്പം കാമറകളോ മിനിയേച്ചർ ഇൻജക്ഷൻ സംവിധാനങ്ങളോ പാറ്റകളിൽ ഘടിപ്പിച്ചിട്ടുണ്ട്.
പരീക്ഷണത്തിൽ ഒരു വിഭാഗം പാറ്റകളെ കാമറ ഉപയോഗിച്ച് അപകടത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിനായി ഉപയോഗിച്ചു. മറ്റൊരു വിഭാഗം പാറ്റകളാണ് മരുന്ന് എത്തിക്കുന്നതിനുള്ള ഇൻജക്ഷൻ സംവിധാനം വഹിച്ചത്. ലക്ഷ്യസ്ഥാനത്തിന് 15 സെന്റിമീറ്ററിനുള്ളിൽ എത്തിച്ചപ്പോൾ മരുന്ന് കുത്തിവയ്ക്കുന്നതിൽ 95 ശതമാനം വരെ വിജയനിരക്ക് ഗവേഷകർ രേഖപ്പെടുത്തി. ലക്ഷ്യത്തിലെത്തുന്നതും കൃത്യമായി മരുന്ന് നൽകുന്നതും ഉൾപ്പെടുന്ന മുഴുവൻ പ്രക്രിയയിൽ 72 ശതമാനം വിജയവും ലഭിച്ചു.
നിലവിലെ പരീക്ഷണങ്ങൾ ലബോറട്ടറി സാഹചര്യങ്ങളിൽ സിലിക്കൺ ടാർഗറ്റുകളിലും പന്നിയുടെ ചർമത്തിലുമാണ് നടത്തിയത്. അതിനാൽ യഥാർഥ ദുരന്തമേഖലകളിൽ ഉപയോഗിക്കുന്നതിന് മുമ്പ് സിഗ്നൽ നഷ്ടപ്പെടൽ, സങ്കീർണമായ ഭൂപ്രദേശം, കുത്തിവയ്പ്പിന്റെ സുരക്ഷ തുടങ്ങിയ വെല്ലുവിളികൾ പരിഹരിക്കേണ്ടതുണ്ട്.
ഭാവിയിൽ ഇത്തരം സൈബോർഗ് പാറ്റകളുടെ കൂട്ടത്തെ ദുരന്തമേഖലകളിലേക്ക് അയച്ച്, അപകടത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിനൊപ്പം അടിയന്തര ചികിത്സാ സഹായവും നൽകാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മനുഷ്യ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിൽ വിലപ്പെട്ട സമയം ലാഭിക്കാനും ഇതിലൂടെ സാധിച്ചേക്കും.




