ഇന്ത്യയുടെ വാണിജ്യ ആഴക്കടൽ മത്സ്യബന്ധന മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പരിഷ്കാരങ്ങളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഡിജിറ്റൽ ലെറ്റർ ഓഫ് ഓതറൈസേഷനും തീരുവ ഒഴിവാക്കിയുള്ള മത്സ്യബന്ധന സംവിധാനവും അവതരിപ്പിച്ചു. ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലോ രാജ്യാന്തര സമുദ്രാതിർത്തിയിലോ ഇന്ത്യൻ കപ്പലുകൾ പിടിക്കുന്ന മത്സ്യത്തിന് തീരുവ ഈടാക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. വിദേശ തുറമുഖങ്ങളിൽ ഇറക്കുന്ന ഇത്തരം മത്സ്യം ചരക്ക് കയറ്റുമതിയായി കണക്കാക്കുമെന്നും മന്ത്രി അറിയിച്ചു.
സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജി അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 200 മീറ്ററിന് താഴെയുള്ള ആഴക്കടൽ മേഖലയിൽ വൻതോതിലുള്ള മത്സ്യസമ്പത്ത് ഇപ്പോഴും കാര്യമായി ഉപയോഗപ്പെടുത്താതെ കിടക്കുകയാണ്. ആഴക്കടൽ ചെമ്മീൻ, പെർച്ച്, സ്കോംബ്രോയിഡ്, ഫ്ലാറ്റ് ഫിഷ്, ഈൽ തുടങ്ങിയ വിവിധ ഇനം മത്സ്യങ്ങൾ ഈ മേഖലയിൽ സമൃദ്ധമായി ലഭ്യമാണ്.
മത്സ്യ ഉത്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആഗോള മത്സ്യ ഉത്പാദനത്തിന്റെ ഏകദേശം 8 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. ആഴക്കടൽ ദൗത്യവും സമുദ്രവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും വഴി 100 ബില്യൺ ഡോളർ മൂല്യമുള്ള ‘നീല സമ്പദ്വ്യവസ്ഥ’ കെട്ടിപ്പടുക്കുന്നതിനുള്ള പദ്ധതികൾ കേന്ദ്ര സർക്കാർ 2021ൽ ആവിഷ്കരിച്ചിരുന്നു.
2025 ഒക്ടോബറിൽ പുറത്തിറക്കിയ നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രതിവർഷം 7.16 ദശലക്ഷം ടൺ മത്സ്യസമ്പത്ത് ലഭ്യമാക്കാനുള്ള സാധ്യതയുണ്ട്. ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമുദ്രോത്പന്ന കയറ്റുമതി വർധിപ്പിക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും. കൂടാതെ, തീരദേശ മത്സ്യബന്ധന മേഖലയിലെ അമിത സമ്മർദ്ദം കുറയ്ക്കാനും ആഴക്കടൽ മത്സ്യബന്ധനത്തിന്റെ വ്യാപനം സഹായകമാകും.
രാജ്യത്തിന്റെ തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ വരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന് ഏകദേശം 23,72,298 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ മേഖലയിലെ സമുദ്രവിഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും പ്രയോജനപ്പെടുത്താനും ഇന്ത്യയ്ക്ക് പൂർണ അവകാശമുണ്ട്. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ഇനി സൗജന്യമായി ഓൺലൈനിലൂടെ ‘ആക്സസ് പാസ്’ നേടുകയും ഈ മേഖലയിൽ മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യാം.
ഇതിനുപുറമെ, ട്യൂണ പോലുള്ള വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങൾ സമൃദ്ധമായ രാജ്യാന്തര സമുദ്രാതിർത്തികളിലേക്കും മത്സ്യബന്ധനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി ‘ലെറ്റർ ഓഫ് ഓതറൈസേഷൻ’ ജൂലൈ ആദ്യം തന്നെ പുറത്തിറക്കിയിരുന്നു. വിവിധ പദ്ധതികളിലൂടെ മത്സ്യബന്ധന മേഖലയിലേക്ക് 39,000 കോടിയിലധികം രൂപയുടെ നിക്ഷേപം ഇന്ത്യ നടത്തിയിട്ടുണ്ട്. ആഗോള വ്യാപാര രംഗത്തെ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കങ്ങൾ.




