ഇന്ത്യയുടെ വൈദ്യുതി മേഖലയിലെ അടുത്ത വലിയ മാറ്റത്തിന് ആണവോര്‍ജം കേന്ദ്രബിന്ദുവാകുമ്പോള്‍ അദാനി പവര്‍, ടാറ്റ പവര്‍ ഉള്‍പ്പെടെയുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ വിദേശ ആണവ റിയാക്ടര്‍ സാങ്കേതികവിദ്യകളിലേക്ക് തിരിയുന്നു. ഇന്ത്യയുടെ തദ്ദേശീയ റിയാക്ടര്‍ സാങ്കേതികവിദ്യയുടെ ലഭ്യതയും ഉപകരണ വിതരണവുമായി ബന്ധപ്പെട്ട വെല്ലുവിളികളുമാണ് ഇതിന് പ്രധാന കാരണം. യുഎസ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, റഷ്യ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലെ ആണവ റിയാക്ടര്‍ വിതരണക്കാരുമായി റിലയന്‍സ്, അദാനി, ടാറ്റ പവര്‍, ജെഎസ്ഡബ്ല്യു, ജിന്‍ഡാല്‍ ന്യൂക്ലിയര്‍ പവര്‍ തുടങ്ങിയ കമ്പനികള്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
ചെറിയ റിയാക്റ്ററുകള്‍ക്ക് പ്രിയം
സ്മോള്‍ മോഡുലാര്‍ റിയാക്റ്ററുകളിലേക്കാണ് (SMR) സ്വകാര്യ കമ്പനികളുടെ നോട്ടം. 1,000 മെഗാവാട്ട് റിയാക്ടറുകള്‍ക്ക് ആവശ്യമായ വന്‍ പ്രാരംഭ നിക്ഷേപം ഒഴിവാക്കി 220-500 മെഗാവാട്ട് പരിധിയിലുള്ള ചെറിയ യൂണിറ്റുകളില്‍ നിന്ന് തുടങ്ങാനാണ് കമ്പനികളുടെ താല്പര്യം. ഡാറ്റാ സെന്ററുകള്‍, സ്റ്റീല്‍, അലുമിനിയം, സിമന്റ് തുടങ്ങിയ ഊര്‍ജ ഉപഭോഗം കൂടുതലുള്ള വ്യവസായങ്ങള്‍ക്കും ഇത്തരം ചെറിയ റിയാക്ടറുകള്‍ കൂടുതല്‍ അനുയോജ്യമാകുമെന്നാണ് വിലയിരുത്തല്‍.
ആണവോര്‍ജ മേഖലയില്‍ ഇന്ത്യയുടെ പ്രശ്നം സാങ്കേതികവിദ്യ മാത്രം അല്ല. രാജ്യത്ത് ലഭ്യമായ 220 മെഗാവാട്ട് പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്റ്റര്‍ (PHWR) മാതൃകയില്‍ 2011 ന് ശേഷം പുതിയ യൂണിറ്റുകളൊന്നും സ്ഥാപിച്ചിട്ടില്ല. എന്‍പിസിഐഎല്‍ ഇവയുടെ ഡിസൈന്‍ പരിഷ്കരിച്ച് ഭാരത് സ്മോള്‍ റിയാക്റ്റര്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍, ഇതിന്റെ പുതിയ ഡിസൈന്‍ ഡ്രോയിംഗുകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മാത്രമല്ല, 220 മെഗാവാട്ട് റിയാക്ടറുകള്‍ക്ക് ആവശ്യമായ ടര്‍ബൈനുകള്‍ നിര്‍മിച്ചിരുന്ന L&T, BHEL പോലുള്ള ആഭ്യന്തര നിര്‍മാതാക്കള്‍ ഈ സാങ്കേതികവിദ്യയുടെ ഉല്‍പ്പാദനം നിര്‍ത്തിയിട്ടുണ്ട്. വീണ്ടും ഉല്‍പ്പാദനം തുടങ്ങണമെങ്കില്‍ മതിയായ ഓര്‍ഡറുകള്‍ ആവശ്യമാണ്.
ചെലവ് കൂടുതല്‍
അതേസമയം, വിദേശ സാങ്കേതികവിദ്യയ്ക്ക് ചെലവ് വലിയ വെല്ലുവിളിയാണ്. വിദേശ റിയാക്ടറുകളുടെ ശരാശരി ചെലവ്, മെഗാവാട്ടിന് ഏകദേശം 35 കോടി രൂപ വരെ വരാം. രണ്ട് 1,000 മെഗാവാട്ട് റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ഏകദേശം 70,000 കോടി രൂപയുടെ നിക്ഷേപം ആവശ്യമായി വരും. താരതമ്യേന രണ്ട് 220 മെഗാവാട്ട് യൂണിറ്റുകള്‍ക്ക് ഏകദേശം 8,800-11,000 കോടി രൂപ ചെലവാകാം. അതിനാല്‍ ചെറിയ യൂണിറ്റുകളില്‍ നിന്ന് ആരംഭിക്കാനാണ് സ്വകാര്യ കമ്പനികളുടെ താല്പര്യം.
ഇന്ത്യയുടെ വലിയ ലക്ഷ്യങ്ങള്‍
ഇന്ത്യയുടെ ഊര്‍ജ സ്വയംപര്യാപ്തതാ ലക്ഷ്യങ്ങളില്‍ ആണവോര്‍ജത്തിന് സുപ്രധാന സ്ഥാനമുണ്ട്. 2047ഓടെ 100 ഗിഗാവാട്ട് ആണവ വൈദ്യുതി ശേഷിയാണ് രാജ്യം ലക്ഷ്യമിടുന്നത്. നിലവിലെ ആണവശേഷി 8.78 ഗിഗാവാട്ട് മാത്രമാണ്. 2024-25 ല്‍ രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ആണവോര്‍ജത്തിന്റെ പങ്ക് 3.1% ആയിരുന്നു. സര്‍ക്കാര്‍ 2031-32 ഓടെ ശേഷി 22.38 ഗിഗാവാട്ട് ആയി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. ന്യൂക്ലിയാര്‍ എനര്‍ജി മിഷന് വഴി എസ്എംആറുകളുടെ വികസനത്തിന് 20,000 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.
നിയമപരമായ തടസങ്ങള്‍
എന്നാല്‍ വിദേശ റിയാക്ടറുകള്‍ക്ക് മുന്നിലും റെഗുലേറ്ററി വെല്ലുവിളികളുണ്ട്. പുതിയ കരട് ചട്ടപ്രകാരം ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകള്‍ക്ക് അവയുടെ ഉത്ഭവരാജ്യത്തെ ഓപ്പറേഷണല്‍, ലൈസന്‍സിംഗ് സര്ട്ടിഫിക്കേഷനുകള്ക്കൊപ്പം ഇന്ത്യയിലെ ആണവ റെഗുലേറ്ററുടെ പ്രത്യേക ഡിസൈന്‍ അംഗീകാരവും ആവശ്യമാണ്. താരിഫ്, നിക്ഷേപകര്‍ക്ക് ലഭിക്കാവുന്ന റിട്ടേണ്‍, ഇന്ധന കരാറുകള്‍ തുടങ്ങിയ നിര്‍ണായക വാണിജ്യ വിഷയങ്ങളിലും വ്യക്തത കാത്തിരിക്കുകയാണ് കമ്പനികള്‍.




