ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക് കമ്പനികളിലൊന്നായ ആപ്പിളിന്റെ തലപ്പത്ത് നിര്‍ണായക മാറ്റം. 2011 മുതല്‍ കമ്പനിയുടെ സിഇഒ ആയിരുന്ന ടിം കുക്ക് സ്ഥാനമൊഴിഞ്ഞു. ആപ്പിളിന്റെ ഹാര്ഡ്വെയര് എന്‍ജിനീയറിംഗ് വിഭാഗത്തെ നയിച്ചിരുന്ന ജോണ്‍ ടെര്‍ണസാണ് പുതിയ സിഇഒ. കുക്ക് ആപ്പിള്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും. സര്‍ക്കാര്‍, റെഗുലേറ്ററി ബന്ധങ്ങള്‍ ഉള്‍പ്പെടെ കമ്പനിക്ക് നിര്‍ണായകമായ ചില മേഖലകളില്‍ അദ്ദേഹത്തിന്റെ പരിചയവും ബന്ധങ്ങളും തുടര്‍ന്നും പ്രയോജനപ്പെടുത്താനാണ് തീരുമാനം.
സ്റ്റീവ് ജോബ്സിന് ശേഷം ആപ്പിളിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ ഒന്നര പതിറ്റാണ്ടാണ് കുക്കിന്റെ കാലഘട്ടം. 2011ല്‍ കുക്ക് ചുമതലയേല്‍ക്കുമ്പോള്‍ ഏകദേശം 350 ബില്യണ്‍ ഡോളറായിരുന്ന ആപ്പിളിന്റെ വിപണി മൂല്യം 4 ട്രില്യണ്‍ ഡോളറിലെത്തി. കമ്പനിയുടെ വാര്‍ഷിക വരുമാനം 2011ലെ 108 ബില്യണ്‍ ഡോളറില്‍നിന്ന് 2025ല്‍ 416 ബില്യണ്‍ ഡോളറിലേറെയായി. വരുമാനം ഏകദേശം നാലിരട്ടിയായി വര്‍ധിച്ചു.
ആപ്പിള്‍ വളര്‍ന്ന കുക്ക് യുഗം
കുക്കിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്ന് ആപ്പിളിനെ ഐഫോണ്‍ കേന്ദ്രീകൃത കമ്പനിയില്‍നിന്ന് വിപുലമായ ടെക്-ഇക്കോസിസ്റ്റമാക്കി മാറ്റിയതാണ്. അദ്ദേഹത്തിന്റെ കാലത്ത് Apple Watch, AirPods, Apple Vision Pro തുടങ്ങിയ പുതിയ ഉല്‍പ്പന്ന വിഭാഗങ്ങള്‍ എത്തി. അതോടൊപ്പം iCloud, Apple Pay, Apple Music, Apple TV+ തുടങ്ങിയ സേവനങ്ങളും വന്‍ വളര്‍ച്ച നേടി. ആപ്പിളിന്റെ സര്‍വീസ് ബിസിനസ് 100 ബില്യണ്‍ ഡോളറിന് മുകളിലുള്ള വാര്‍ഷിക ബിസിനസായി വളര്‍ന്നത് കുക്കിന്റെ തന്ത്രങ്ങളുടെ നേട്ടമാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ സേവനങ്ങളില്‍നിന്നുള്ള വരുമാനം ഏകദേശം 109 ബില്യണ്‍ ഡോളറായിരുന്നു.
ഐഫോണിനും കുക്കിന്റെ കാലത്ത് വലിയ വളര്‍ച്ചയുണ്ടായി. 2011ല്‍ ഏകദേശം 47 ബില്യണ്‍ ഡോളറായിരുന്ന iPhone വില്‍പ്പന 2025ല്‍ 210 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അതേസമയം ഐഫോണിനപ്പുറം വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കാനും കുക്ക് ശ്രദ്ധിച്ചു. വെയറബിള്‍സ് വിഭാഗത്തിന്റെ വളര്‍ച്ച അതിന്റെ ഉദാഹരണമാണ്. Apple Watch, AirPods എന്നിവ ഇന്ന് ആപ്പിളിന്റെ പ്രധാന ഉല്‍പ്പന്നങ്ങളായി മാറിയിരിക്കുന്നു.
ചിപ്പില്‍ സ്വാശ്രയത്വം
സാങ്കേതികവിദ്യയില്‍ ആപ്പിളിന്റെ സ്വയംപര്യാപ്തത വര്‍ധിപ്പിച്ചതും കുക്കിന്റെ പ്രധാന പാരമ്പര്യമാണ്. ഇന്റല്‍ ചിപ്പുകളില്നിന്ന് ആപ്പിള്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത ചിപ്പുകളിളേക്കുള്ള മാറ്റം കമ്പനിക്ക് സ്വന്തം ഹാര്ഡ്വെയര്-സോഫ്റ്റ്വെയര് ഏകീകരണം കൂടുതല്‍ ശക്തമാക്കാനും പ്രകടനത്തിലും ഊര്‍ജക്ഷമതയിലും നേട്ടമുണ്ടാക്കാനും സഹായിച്ചു.
ആഗോള സാന്നിധ്യവും ഈ കാലത്ത് വര്‍ധിച്ചു. ഇന്ന് ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും 200ലേറെ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമാണ്. കമ്പനിയുടെ സജീവ ഡിവൈസ് ഇന്‍സ്റ്റാള്‍ഡ് ബേസ് 2.5 ബില്യണിലേറെയായി. ജീവനക്കാരുടെ എണ്ണം കുക്കിന്റെ കാലത്ത് ഒരു ലക്ഷത്തിലേറെ വര്‍ധിക്കുകയും ചെയ്തു.
ടെര്‍ണസിന് മുന്നില്‍ കടുത്ത വെല്ലുവിളികള്‍
എന്നാല്‍ കുക്കിന്റെ പിന്‍ഗാമിയായ ടെര്‍ണസിന് മുന്നിലുള്ളത് എളുപ്പമുള്ള ദൗത്യമല്ല. 2001ല്‍ ആപ്പിളിന്റെ പ്രൊഡക്ട് ഡിസൈന്‍ ടീമില്‍ ചേര്‍ന്ന ടെര്‍ണസ് 2013ല്‍ ഹാര്ഡ്വെയര് എന്‍ജിനീയറിങ് വൈസ് പ്രസിഡന്റായി. 2021ല്‍ സീനിയര്‍ വൈസ് പ്രസിഡന്റായി. iPhone, Mac, iPad, Apple Watch, AirPods തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വികസനത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
കുക്കിന്റെ ഓപ്പറേഷന്‍സ്-സപ്ലൈ ചെയിന്‍ കേന്ദ്രീകൃത നേതൃത്വത്തിന് പകരം കൂടുതല്‍ ഉല്‍പ്പന്ന-എന്‍ജിനീയറിങ് കേന്ദ്രീകൃത സമീപനം ടെര്‍ണസ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ആപ്പിളിന് എഐ രംഗത്ത് കൂടുതല്‍ വേഗത കൈവരിക്കേണ്ടതും പുതിയ ഉല്‍പ്പന്നങ്ങളിലൂടെ വീണ്ടും വലിയ ഇന്നൊവേഷന് തരംഗം സൃഷ്ടിക്കേണ്ടതും പ്രധാന വെല്ലുവിളികളാണ്. അതേസമയം ചൈനയിലെ സപ്ലൈ ചെയിന്‍, ഉയര്‍ന്ന ഘടകച്ചെലവ്, സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ കടുത്ത മത്സരം എന്നിവയും ടെര്‍ണസിന്റെ മുന്നിലുണ്ട്.
അതിനാല്‍ കുക്കിന്റെ കാലം ആപ്പിളിനെ കൂടുതല്‍ വലുതും ലാഭകരവും വൈവിധ്യമാര്‍ന്നതുമായ കമ്പനിയാക്കി മാറ്റിയ കാലമായിരുന്നെങ്കില്‍, ടെര്‍ണസിന്റെ കാലം അതിന്റെ അടുത്ത വലിയ ഇന്നൊവേഷന് എന്തായിരിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമാകണം. കുക്ക് എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരുന്നത് മാറ്റത്തിന് സ്ഥിരത നല്‍കും; എന്നാല്‍ ആപ്പിളിന്റെ അടുത്ത അധ്യായം എഴുതേണ്ടത് ഇനി ജോണ്‍ ടെര്‍ണസാണ്.




