കരുത്തോടെ ആദ്യ പാദ ജിഡിപി
2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദമായ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ ജിഡിപി 7.8% വളര്‍ന്നു. മുന്‍പാദത്തിലെ 8.6% വളര്‍ച്ചയേക്കാള്‍ കുറവാണെങ്കിലും, സാമ്പത്തിക വിദഗ്ധരുടെ 7.3% വളര്‍ച്ചാ പ്രവചനത്തെ മറികടന്ന പ്രകടനമാണിത്. മൊത്തം മൂല്യവര്‍ധന (ജിവിഎ) 8.2% ആയി. സേവനമേഖല 10%, മാനുഫാക്ചറിംഗ് 9.2%, കണ്‍സ്ട്രക്ഷന്‍ 7.7% എന്നിങ്ങനെ വളര്‍ച്ച രേഖപ്പെടുത്തി. സ്വകാര്യ ഉപഭോഗം 7.1% വളര്‍ന്നപ്പോള്‍, നിക്ഷേപത്തിന്റെ സൂചികയായ ഗ്രോസ് ഫിക്സഡ് ക്യാപിറ്റല്‍ ഫോര്മേഷന് 11.9% ഉയര്‍ന്നു. അതേസമയം, കൃഷി, വനം, മത്സ്യബന്ധനം എന്നീ മേഖലകളുടെ വളര്‍ച്ച 3.6% ആയിരുന്നു.
ചെറുകിട ഇ-കൊമേഴ്സ് വില്‍പ്പനക്കാര്‍ക്ക് ജിഎസ്ടി ആശ്വാസം
ചെറുകിട ഇ-കൊമേഴ്സ് വില്‍പ്പനക്കാര്‍ക്ക് ജിഎസ്ടി രജിസ്ട്രേഷന് എളുപ്പമാക്കുന്ന പുതിയ പദ്ധതി അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കാന്‍ സിബിഐസി ഒരുങ്ങുന്നു. സെപ്റ്റംബര്‍ 12-ന് ഡെല്‍ഹിയില്‍ ചേരുന്ന കൗണ്‍സില്‍ യോഗത്തിലാണ് പദ്ധതി പരിഗണിക്കുക. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ സാധനങ്ങള്‍ വില്‍ക്കുന്ന ചെറിയ വിതരണക്കാര്‍ക്ക് ഓരോ സംസ്ഥാനത്തും ജിഎസ്ടി രജിസ്ട്രേഷന് ആവശ്യമാണ്. പുതിയ സംവിധാനത്തില്‍ ഒരു സംസ്ഥാനത്ത് മാത്രം രജിസ്ട്രേഷന് മതിയാകും. അതത് സംസ്ഥാനത്തെ ജിഎസ്ടി അതോറിറ്റിയായിരിക്കും കണക്കുകള്‍ പരിശോധിക്കുക. ഇ-കൊമേഴ്സ് കമ്പനിയുടെ വെയര്‍ഹൗസിനെ വിതരണക്കാരന്റെ ബിസിനസ് സ്ഥലമായി കണക്കാക്കുന്നതും നിര്‍ദേശത്തിലുണ്ട്.
കിര്‍ഗിസ്ഥാനില്‍ മോദി-പെസെഷ്കിയാന് ചര്‍ച്ച; പശ്ചിമേഷ്യ പുകയുന്നു
ഷാംഗ്ഹായ് കോഓപ്പറേഷന്‍ ഓര്ഗനൈസേഷന് ഉച്ചകോടിക്കിടെ കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയനും കൂടിക്കാഴ്ച നടത്തി. ഹോര്‍മുസ് കടലിടുക്കിലെ സമുദ്രസുരക്ഷയും നിലവിലെ പ്രാദേശിക സാഹചര്യവുമാണ് ചര്‍ച്ചയായത്. ദീര്‍ഘകാല സൗഹൃദം തുടരുമെന്ന് ഇരു നേതാക്കളും അറിയിച്ചു. അതേസമയം യുഎസ്-ഇറാന് സംഘര്‍ഷം രൂക്ഷമാണ്. ഇറാന് യുഎഇയിലെ അല്‍ മിന്‍ഹാദ് അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. ജോര്‍ദാനിലെ രണ്ട് വ്യോമ താവളങ്ങളിലും ഇറാന് ആക്രമണം നടത്തി. ഇറാന്റെ എണ്ണ, മിസൈല്‍ ശേഖരമുള്ള ലാറക് ദ്വീപിനെതിരെ യുഎസ് നടത്തിയ ആക്രമണത്തില്‍ ഇറാന് വന്‍ തിരിച്ചടിയേറ്റു.
എണ്ണവില കുതിക്കുന്നു, സ്വര്‍ണത്തില്‍ ഇടിവ്
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ എണ്ണവില കുതിക്കുന്നു. ബ്രെന്റ് ക്രൂഡ് വില 3 ശതമാനത്തോളം ഉയര്‍ന്ന് 91 ഡോളറിലെത്തി. സ്വര്‍ണവിലയില്‍ കനത്ത ഇടിവും ദൃശ്യമാണ്. അന്താരാഷ്ട്ര സ്വര്‍ണവില 4450 ഡോളറിലേക്ക് താഴ്ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 135 രൂപ കുറഞ്ഞ് 14,370 രൂപയിലെത്തി. പവന് 1,080 രൂപ കുറഞ്ഞ് 1,14,960 രൂപയാണ് ഇന്നത്തെ വില.




