ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമായി ആസ്റ്റർ മെഡ്സിറ്റിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ’ ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവർത്തനം ആരംഭിച്ചു. വിപുലമായ പ്രസവപൂർവ്വ രോഗനിർണയം, ഗർഭസ്ഥ ശിശുക്കളുടെ നിരീക്ഷണം, അമ്മയ്ക്കും കുഞ്ഞിനും വിദഗ്ദ്ധ പരിചരണം എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ കേന്ദ്രം. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഗർഭിണികൾക്ക് അത്യന്താപേക്ഷിതമായ ഫീറ്റൽ സ്കാനിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന ‘ജനനീയം – സൗജന്യ ഫീറ്റൽ സ്കാൻ’ പദ്ധതിയുടെ ഡിജിറ്റൽ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിച്ചു.
“സ്വകാര്യ ആശുപത്രികളിൽ വിജയകരമായി നടക്കുന്ന നല്ല പദ്ധതികൾ സർക്കാർ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കും. ആസ്റ്റർ മെഡ്സിറ്റിയിലെ സെന്റർ ഫോർ ഫീറ്റൽ മെഡിസിനിൽ തുടക്കം കുറിച്ച ‘ജനനീയം’ പദ്ധതി അത്തരത്തിൽ ഒന്നാണ്. ഭാവിയിൽ, അമ്മമാർക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള അവസരം ഒരുക്കുന്നതിലൂടെ ആരോഗ്യ രംഗത്ത് വലിയൊരു നേട്ടമാണ് കൈവരിക്കുന്നത്,” ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. തൃശൂരിൽ അച്ഛൻ വിഷം നൽകിയ കുട്ടിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ എല്ലാ പിന്തുണയും നൽകിയ ആസ്റ്റർ മെഡ്സിറ്റിയോട് മന്ത്രി പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ-1 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. രമേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
‘ജനനീയം’ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് നിർദ്ദേശിക്കുന്ന രോഗികൾക്ക് ദിവസേന അഞ്ച് സൗജന്യ സ്കാനിംഗുകൾ ലഭ്യമാക്കും. അനോമലി സ്കാൻ, 3ഡി/4ഡി ഫീറ്റൽ വിലയിരുത്തൽ, ഫീറ്റൽ എക്കോകാർഡിയോഗ്രാഫി, ഫീറ്റൽ ന്യൂറോസണോഗ്രാം എന്നിവ ഉൾപ്പെടെയുള്ള പരിശോധനകളും, രണ്ടാമതൊരു വിദഗ്ദ്ധാഭിപ്രായം ആവശ്യമായി വരുന്ന കേസുകളും പൂർണ്ണമായും സൗജന്യമായിരിക്കും.
ഗർഭകാലത്തുടനീളം അമ്മമാർക്ക് കൃത്യമായ രോഗനിർണയവും സമയബന്ധിതമായ ചികിത്സയും അനുകമ്പയോടെയുള്ള പിന്തുണയും ഉറപ്പാക്കുന്ന രീതിയിലാണ് കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ഫീറ്റൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ബിജോയ് കെ. ബാലകൃഷ്ണൻ പറഞ്ഞു.
സാധാരണമൊ സങ്കീർണ്ണമൊ ആയ ഗർഭധാരണ കേസുകളിൽ ഓരോ രോഗിക്കും വ്യക്തിഗത പരിചരണം ഉറപ്പാക്കാൻ ഫീറ്റൽ മെഡിസിൻ വിദഗ്ദ്ധർ, പ്രസവചികിത്സാ വിദഗ്ധർ, നിയോനാറ്റോളജിസ്റ്റുകൾ, ജനിതക വിദഗ്ദ്ധർ, പീഡിയാട്രിക് സബ്സ്പെഷ്യലിസ്റ്റുകൾ എന്നിവർ ഈ പുതിയ കേന്ദ്രത്തിന് കീഴിൽ ഒരുമിച്ച് പ്രവർത്തിക്കും.
ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ-1 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. രമേഷ് കുമാർ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സെൻട്രൽ കേരള റീജിയണൽ സിഇഒ ഡോ. നളന്ദ ജയദേവ്, ആസ്റ്റർ മെഡ്സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ടി. ആർ. ജോൺ, ഫീറ്റൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ബിജോയ് കെ. ബാലകൃഷ്ണൻ, ഫീറ്റൽ മെഡിസിൻ സർവീസ് ലൈൻ മാനേജർ ജെഫി സ്റ്റീഫൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.




