ഇന്ത്യന്‍ ടെലികോം രംഗത്ത് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് വോഡഫോണ്‍ ഐഡിയ (Vi). സെപ്റ്റംബര്‍ ആദ്യ വാരം മുതല്‍ വിപണിയിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും റീട്ടെയില്‍ ഷോപ്പുകളിലും ബ്രാന്‍ഡിംഗിലെ ഈ പുതിയ മാറ്റം കണ്ടുതുടങ്ങും.
ബോളിവുഡ് സൂപ്പര്‍ താരമായ ഷാഹ് രുഖ് ഖാനാണ് വിഐയുടെ ഈ പുതിയ യാത്രയുടെ ബ്രാന്‍ഡ് അംബാസഡര്‍. ‘വിഐ മാറുകയാണ്… തയാറായിരിക്കൂ’ എന്നതാണ് പ്രധാന ക്യാംപെയിന് ലൈന്‍. കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടുപോകാനാണ് കമ്പനി ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. 2020 ല്‍ വോഡഫോണും ഐഡിയയും ഒന്നായി ‘വിഐ’ ആയി മാറിയതിനു ശേഷമുള്ള ഏറ്റവും വലിയ ബ്രാന്‍ഡിംഗ് മാറ്റമാണിത്. ഷാരൂഖ് ഖാന്റെ ജനപ്രീതിയും 5ജി വിപുലീകരണവും മുന്‍നിര്‍ത്തി വിപണിയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാണ് വിഐ ശ്രമിക്കുന്നത്.
ലോഗോയിലെ പ്രധാന മാറ്റങ്ങള്‍
നിലവിലുള്ള ലോഗോ കൂടുതല്‍ വൃത്താകൃതിയിലുള്ള ഡൈനാമിക് സ്്ഫിയര് രൂപത്തിലേക്ക് മാറ്റി. പോസിറ്റീവ് എനര്‍ജിയും ഭാവിയിലേക്കുള്ള സാധ്യതകളും സൂചിപ്പിക്കാനാണ് ഈ പുതിയ ഡിസൈന്‍.
ഓഫറുകള്‍
വരും ആഴ്ചകളില്‍ പുതിയ ഓഫറുകളും മികച്ച ഉപഭോക്തൃ സേവനങ്ങളും വിഐ വിപണിയിലെത്തിക്കും. ടെലികോം കമ്പനി എന്നതിനപ്പുറം ഉപഭോക്താക്കള്‍ക്ക് തണലാകുന്ന ഒരു ‘ടെക്നോളജി പാര്‍ട്ണര്‍’ ആയി മാറുകയാണ് വിഐയെന്ന് സിഇഒ അഭിജിത് കിഷോര്‍ പറഞ്ഞു.
ലക്ഷ്യം 5ജി
രാജ്യത്താകമാനം 5ജി സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ നീക്കം. 17 സര്‍ക്കിളുകളില്‍ മിഡ്-ബാന്‍ഡ് 5ജി സ്പെക്ട്രവും 16 സര്‍ക്കിളുകളില്‍ എംഎംവേവ് സ്പെക്ട്രവും നിലവില്‍ വിഐക്ക് സ്വന്തമായുണ്ട്. 17 സര്‍ക്കിളുകളിലായി 5ജി നെറ്റ്വര്‍ക്ക് വേഗത്തില്‍ സജ്ജമായിക്കൊണ്ടിരിക്കുകയാണ്.




