കാനഡയില്‍ പഠിക്കുന്ന നിങ്ങളുടെ മക്കള്‍ക്ക് ഇനി ഇന്ത്യയില്‍ നിന്ന് പണം അയക്കാന്‍ മണിക്കൂറുകളോ ദിവസങ്ങളോ കാത്തിരിക്കേണ്ടി വന്നാലോ? അല്ലെങ്കില്‍ അനാവശ്യമായ വലിയ സര്‍വീസ് ചാര്‍ജുകള്‍ നല്‍കേണ്ടി വന്നാലോ? ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ഇന്ത്യയും കാനഡയും തമ്മില്‍ പുതിയൊരു ധാരണയിലെത്തിയിരിക്കുകയാണ്. വിദേശത്തേക്ക് പണമയക്കുന്നത് കൂടുതല്‍ വേഗത്തിലാക്കാനും, കാനഡയില്‍ നമ്മുടെ സ്വന്തം യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനും അവസരമൊരുങ്ങുന്ന ഈ പുതിയ മാറ്റം ലക്ഷക്കണക്കിന് പ്രവാസി മലയാളി കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നത് വലിയ ആശ്വാസമാണ്.
ചെലവ് കുറയും
ഇന്ത്യയും കാനഡയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും ധനമന്ത്രിമാര്‍ പങ്കെടുത്ത ഒരു പ്രധാന ചര്‍ച്ച ടൊറന്റോയില്‍ വച്ച് നടന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമനും കനേഡിയന്‍ ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്നും ചേര്‍ന്നാണ് ഈ സംഭാഷണത്തിന് നേതൃത്വം നല്‍കിയത്. ഈ ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പണമിടപാടുകള്‍ എളുപ്പമാക്കുകയും, നിക്ഷേപ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്. കാനഡയില്‍ ഇന്ത്യയുടെ യുപിഐ പേയ്മെന്റ് സംവിധാനം ലഭ്യമാക്കുന്നതിനെക്കുറിച്ചും, അതിര്‍ത്തി കടന്നുള്ള പണമിടപാടുകളുടെ ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. കൂടാതെ, വരും വര്‍ഷങ്ങളില്‍ ബാങ്കിംഗ്, ഡിജിറ്റല്‍ സാങ്കേതികവിദ്യ, നിര്‍ണായക ധാതുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും തീരുമാനമായി.
ഇന്ത്യയുടെ മികവ്
കാനഡയില്‍ പഠിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വലിയ ആശ്വാസം നല്കുന്ന തീരുമാനങ്ങളാണ് ഈ യോഗത്തില്‍ ഉരുത്തിരിഞ്ഞത്. നിലവില്‍ നാല് ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ പഠിക്കുന്നത്. അവര്‍ക്ക് ഫീസും മറ്റ് ചെലവുകള്‍ക്കുമുള്ള പണം ഇന്ത്യയില്‍ നിന്ന് അയച്ചുനല്‍കുന്നത് കൂടുതല്‍ വേഗത്തിലും ചെലവുകുറഞ്ഞ രീതിയിലും സാധ്യമാക്കാന്‍ യുപിഐ സാങ്കേതികവിദ്യ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ പണമടയ്ക്കാനുള്ള സൗകര്യമൊരുക്കുന്നത് ഇന്ത്യയിലുള്ള മാതാപിതാക്കള്‍ക്ക് വലിയൊരു മനസ്സമാധാനം നല്‍കുമെന്ന് കനേഡിയന്‍ ധനമന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ വഴി ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിച്ച ഇന്ത്യയുടെ മികച്ച അനുഭവങ്ങള്‍ മന്ത്രി നിര്‍മ്മല സീതാരാമന് ഈ ചര്‍ച്ചയില്‍ പങ്കുവെക്കുകയും ചെയ്തു.
പുതിയ നിക്ഷേപ അവസരങ്ങള്‍
വരും വര്‍ഷങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 2030-ഓടെ വ്യാപാരം ഏകദേശം 4.65 ലക്ഷം കോടി രൂപയായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി 2026 അവസാനത്തോടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പൂര്‍ത്തിയാക്കാനും, ഉഭയകക്ഷി നിക്ഷേപ കരാറുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനും ഇരുപക്ഷവും താല്‍പ്പര്യം പ്രകടിപ്പിച്ചു. നിലവില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന കനേഡിയന്‍ പെന്ഷന് ഫണ്ടുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം, പുതിയ നിക്ഷേപ അവസരങ്ങള്‍ കണ്ടെത്താനും ധാരണയായിട്ടുണ്ട്.




