ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയിലെ എണ്ണ റിഫൈനറികൾക്ക് കനത്ത നാശനഷ്ടമുണ്ടായതോടെ രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായി. ഇതോടെ ആഭ്യന്തര ആവശ്യം നിറവേറ്റാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് റഷ്യ വൻതോതിൽ പെട്രോൾ ഇറക്കുമതി ചെയ്യുകയാണ്. വോർടെക്സയുടെ (Vortexa) കണക്കുകൾ പ്രകാരം, ഓഗസ്റ്റിൽ റഷ്യയുടെ കടൽമാർഗമുള്ള പെട്രോൾ ഇറക്കുമതി പ്രതിദിനം 1.25 ലക്ഷം ബാരലായി ഉയർന്നു. മാസത്തിൽ ഏകദേശം 4.70 ലക്ഷം ടൺ വരുന്ന ഈ അളവ് റഷ്യയുടെ കടൽമാർഗമുള്ള പെട്രോൾ ഇറക്കുമതിയിലെ റെക്കോർഡ് നിലയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യൻ റിഫൈനറികൾ റഷ്യയിലേക്ക് ഏകദേശം 10 ലക്ഷം ബാരൽ പെട്രോൾ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതിൽ പ്രധാന പങ്കും ‘നയാര എനർജി’യുടെ റിഫൈനറിയിൽ നിന്നുള്ള ഇന്ധനത്തിനാണ്. റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ ഇവിടെ സംസ്കരിച്ച് പെട്രോളാക്കി, അതേ ഇന്ധനം റഷ്യയിലേക്ക് തിരിച്ചയക്കുന്നു എന്നതാണ് ഈ കയറ്റുമതിയുടെ ശ്രദ്ധേയമായ പ്രത്യേകത.
ഉക്രെയ്ന്റെ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് റഷ്യയിലെ ആഭ്യന്തര ഇന്ധന ഉൽപ്പാദനം ഏകദേശം 70 ശതമാനം വരെ ഇടിഞ്ഞു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി റഷ്യൻ എണ്ണ റിഫൈനറികൾക്ക് നേരെ 32 ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. ഇതോടെ ഇന്ത്യയ്ക്ക് പുറമെ തുർക്കി, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും റഷ്യ പെട്രോൾ ഇറക്കുമതി ചെയ്യുകയാണ്. ആഭ്യന്തര ആവശ്യങ്ങൾക്ക് ആവശ്യമായ ഇന്ധനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പെട്രോൾ കയറ്റുമതിക്കുള്ള നിരോധനം 2027 ജനുവരി അവസാനം വരെയും ഡീസൽ കയറ്റുമതിക്കുള്ള നിരോധനം 2026 സെപ്റ്റംബർ 1 വരെയും റഷ്യ നീട്ടിയിട്ടുണ്ട്.
റഷ്യ ഇറക്കുമതി ചെയ്ത പെട്രോളിന്റെ 55 ശതമാനവും, ഏകദേശം 2.60 ലക്ഷം ടണ്ണും, ഉപരോധം നേരിടുന്ന കപ്പലുകളിലൂടെയാണ് രാജ്യത്തെത്തിയതെന്നാണ് വോർടെക്സയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിൽ നിന്നുള്ള ഇന്ധനം മെഡിറ്ററേനിയൻ കടലിൽവെച്ച് കപ്പലുകളുടെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) പ്രവർത്തനരഹിതമാക്കി മറ്റൊരു കപ്പലിലേക്ക് രഹസ്യമായി മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം കപ്പൽ-കപ്പൽ കൈമാറ്റങ്ങളെയാണ് ‘ഡാർക്ക് STS ട്രാൻസ്ഫർ’ (Dark STS transfers) എന്ന് വിളിക്കുന്നത്.
ലോകത്തെ പ്രധാന ക്രൂഡ് ഓയിൽ ഉൽപ്പാദകരിലൊന്നായ റഷ്യയ്ക്ക്, റിഫൈനറികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് സ്വന്തം ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ പെട്രോളിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് രാജ്യത്തിന്റെ ഊർജമേഖലയ്ക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.




