സംസ്ഥാനത്ത് കുതിച്ചുയർന്ന് സവാള വില. ഓണം സീസൺ അവസാനിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സവാളയുടെ വരവ് കുറഞ്ഞതാണ് വില വർധനവിന് പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ കിലോഗ്രാമിന് 80 രൂപ വരെയാണ് സവാളയുടെ വില ഉയർന്നിരിക്കുന്നത്. വരും ദിവസങ്ങളിലും വില വർധിച്ച് കിലോഗ്രാമിന് 100 രൂപ കടക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
ചില്ലറ വിപണിയിൽ സവാളയ്ക്ക് നിലവിൽ കിലോഗ്രാമിന് 50 മുതൽ 80 രൂപ വരെയാണ് വില. ചെറിയുള്ളിയുടെ വിലയും കിലോയ്ക്ക് 80 രൂപയിലെത്തി. ഏപ്രിൽ, മേയ് മാസങ്ങളിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന സവാളയുടെ വിലയാണ് ഇപ്പോൾ ഇരട്ടിയോളം വർധിച്ചിരിക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സവാളയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിലും സവാളയുടെ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തൽ.




