നിങ്ങളുടെ വരുമാനം എത്രയാണെന്ന് ആരെങ്കിലും ചോദിച്ചാൽ കൃത്യം ഉത്തരം പറയാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക. ആ ഒരു തുറന്നുപറച്ചിൽ നിങ്ങളെ മറ്റുള്ളവരുടെ എടിഎം മെഷീൻ ആക്കി മാറ്റിയേക്കാം.
മാസം നല്ലൊരു തുക ശമ്പളം വാങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാൽ ശമ്പളം മൂന്നിരട്ടിയായി വർദ്ധിച്ചപ്പോൾ സന്തോഷിക്കുന്നതിന് പകരം വലിയൊരു സാമ്പത്തിക കെണിയിൽ അകപ്പെട്ടുപോയ ഒരു ഐടി ജീവനക്കാരന്റെ കഥയാണിത്. സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ച ആ സാമ്പത്തിക പാഠം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
വരുമാനം തിരിച്ചടിച്ചു
ജോലിയുടെ തുടക്കത്തിൽ പ്രതിമാസം 50,000 മുതൽ 60,000 രൂപ വരെ ശമ്പളം വാങ്ങിയിരുന്ന ഇദ്ദേഹം, അതിൽ നല്ലൊരു പങ്ക് സമ്പാദിക്കുന്നതിനോടൊപ്പം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും 10,000 മുതൽ 25,000 വരെയുള്ള ചെറിയ തുകകൾ കടമായി നൽകുകയും ചെയ്തിരുന്നു. നൽകിയ പണം കൃത്യമായി തിരികെ ലഭിച്ചിരുന്നതിനാൽ തുടക്കത്തിൽ അതൊരു ബാദ്ധ്യതയായി തോന്നിയിരുന്നില്ല. എന്നാൽ പിന്നീട് ഇദ്ദേഹത്തിന്റെ ശമ്പളം മൂന്നിരട്ടിയായി വർദ്ധിക്കുകയും, വിവാഹാലോചനകൾക്കായി നൽകിയ ബയോഡാറ്റയിലൂടെ കൃത്യമായ വരുമാനം ബന്ധുക്കൾക്കിടയിൽ പരസ്യമാവുകയും ചെയ്തതോടെ കാര്യങ്ങൾ പൂർണ്ണമായി മാറിമറിഞ്ഞു.
എ ടി എം മെഷീൻ ആയി മാറി
ശമ്പളം കൂടുതലാണെന്ന് അറിഞ്ഞതോടെ ബന്ധുക്കളും സുഹൃത്തുക്കളും അടിക്കടി പണം ആവശ്യപ്പെടാൻ തുടങ്ങി.
ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കാൻ, ഫോണിന്റെയും വണ്ടിയുടെയും ഇ എം ഐ അടയ്ക്കാൻ, അല്ലെങ്കിൽ യാത്രകൾ പോകാൻ പോലും ആളുകൾ ഇദ്ദേഹത്തോട് കടം ചോദിച്ചു തുടങ്ങി. ചോദിക്കുന്നവർ പണം തിരിച്ചു നൽകാറുണ്ടെങ്കിലും, ഇദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ നിന്ന് എപ്പോഴും ഏകദേശം 1.5 ലക്ഷത്തോളം രൂപ മറ്റുള്ളവരുടെ കൈയിലായിരിക്കും. ഒരാൾ തിരിച്ചുതരുമ്പോഴേക്കും അടുത്തയാൾ കടം ചോദിച്ചെത്തും. അങ്ങനെ അറിയാതെ തന്നെ ഇദ്ദേഹം എല്ലാവരുടെയും ഒരു ‘എമർജൻസി ഫണ്ട്’ ആയി മാറി.
പാഠം പഠിച്ചു
കടം വാങ്ങുന്നവരിൽ ഭൂരിഭാഗം പേരും സാമ്പത്തിക അടിയന്തരാവസ്ഥയിലല്ല, മറിച്ച് ശരിയായ രീതിയിൽ പണം പ്ലാൻ ചെയ്യാത്തതുകൊണ്ടാണ് കടം വാങ്ങേണ്ടി വരുന്നത്. ആഡംബര ഫോണുകൾ, ക്രെഡിറ്റ് കാർഡ് അമിതോപയോഗം മുതലായവയാണ് പ്രശ്നം. നിങ്ങള്ക്ക് ഉയർന്ന ശമ്പളമുണ്ടെങ്കിൽ 10,000 അല്ലെങ്കിൽ 15,000 രൂപ നിങ്ങള്ക്ക് ഒരു വലിയ കാര്യമല്ലെന്ന് മറ്റുള്ളവർ കരുതും. എന്നാൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളോ നിക്ഷേപങ്ങളോ കുടുംബപരമായ ഉത്തരവാദിത്തങ്ങളോ അവർ പരിഗണിക്കില്ല. കടം നൽകുന്നത് നിർത്താൻ തുടങ്ങിയപ്പോൾ പല ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇദ്ദേഹത്തോട് അമർഷം ഉണ്ടായി. പണം കൂടിയപ്പോൾ സ്വഭാവം മാറി എന്ന് അവർ കുറ്റപ്പെടുത്തി.
അടിയന്തര ആവശ്യങ്ങൾ വരുമ്പോൾ ബന്ധുക്കളെ സഹായിക്കുന്നതിൽ തെറ്റില്ല. എന്നാൽ മറ്റുള്ളവരുടെ ദൈനംദിന ജീവിതച്ചെലവുകൾക്കും ആഡംബരങ്ങൾക്കും വേണ്ടിയുള്ള സ്ഥിരം ബാങ്കായി മാറാതിരിക്കാൻ സാമ്പത്തിക അതിരുകൾ നിശ്ചയിക്കുക. നിങ്ങളുടെ ശമ്പളം ആവശ്യമില്ലാതെ മറ്റുള്ളവരോട് തുറന്നു പറയാതിരിക്കുക തുടങ്ങിയ ജീവിത അനുഭവ പാഠങ്ങളാണ് ഈ യുവാവ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്.




