ഓഗസ്റ്റ് മാസത്തില്‍ നമ്മളെ ബാധിക്കുന്ന എന്തൊക്കെ സുപ്രധാന സാമ്പത്തിക മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കാം. റിസര്‍വ് ബാങ്കിന്റെ ധനകാര്യ നയ പ്രഖ്യാപനം മുതല്‍ റെയില്‍വേ തത്കാല്‍ ടിക്കറ്റ് ബുക്കിംഗിലെ മാറ്റങ്ങള്‍ വരെ നിരവധി സാമ്പത്തിക സംഭവവികാസങ്ങള്‍ ഓഗസ്റ്റില്‍ നടക്കുന്നുണ്ട്.
ആദായ നികുതി റിട്ടേണുകള്‍ ഓഗസ്റ്റ് 31 വരെ
ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് തന്നെ. ബിസിനസില്‍ നിന്ന് വരുമാനം നേടുന്നവരും സ്വയം തൊഴില്‍ അടക്കം പ്രൊഫഷണല്‍ ജോലികള്‍ ചെയ്യുന്നവരും ഈ മാസം 31 ന് മുന്‍പ് ആദായ നികുതി റിട്ടേണുകള്‍ നല്‍കണം. ഫ്രീലാന്‍സര്‍മാര്‍, ചെറുകിട ബിസിനസ് ഉടമകള്‍, ഓഹരി വിപണിയില്‍ ഇന്‍ട്രാഡേ, ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന് ട്രേഡിംഗ് ചെയ്തവര്‍ എന്നിവരും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുക. നികുതി ഓഡിറ്റിംഗ് ബാധകമല്ലാത്ത ആളുകള്‍ ഐടിആര്‍-3, ഐടിആര്‍-4 ഫോമുകളിലാണ് റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടത്. ഓഗസ്റ്റ് 31 ന് അകം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഐടി നിയമത്തിന്റെ സെക്ഷന്‍ 234എഫ് പ്രകാരം 5,000 രൂപ വരെ പിഴ ചുമത്തപ്പെടും.
തത്കാല്‍ ബുക്കിംഗിന് ടോക്കണുകള്‍ രാവിലെ 8.30 മുതല്‍
രണ്ടാമതായി റെയില്‍വേ തത്കാല്‍ ബുക്കിംഗിലെ മാറ്റമാണ്. ഓഗസ്റ്റ് ഒന്ന് മുതല്‍ തത്കാല്‍ ബുക്കിംഗിന് റെയില്‍വേ, റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ഒരു ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ബുക്കിംഗ് വേഗത്തിലാക്കാനും തിരക്ക് ഒഴിവാക്കാനുമാണ് ഈ സംവിധാനം. എസി ട്രെയിനുകളിലേക്കുള്ള തത്കാല്‍ ടോക്കണുകള്‍ രാവിലെ 8.30 മുതല്‍ 9 മണി വരെയാണ് ലഭിക്കുക. നോണ്‍ എസി, സ്ലീപ്പര്‍ തത്കാലിനുള്ള ടോക്കണുകള്‍ 9 മണി മുതല്‍ 9.30 വരെയും.
പലിശഭാരം ഉയരുമോ?
പലിശ ഭാരം ഉയരുമോ അതോ ആശ്വാസം ലഭിക്കുമോ? ഓഗസ്റ്റ് 5 ന് 3 ദിവസത്തെ നയ അവലോകന യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് നയപ്രഖ്യാപനം നടത്തും. ഇത്തവണ പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന പ്രതീക്ഷയാണ് പൊതുവെ വിപണിയില്‍ നിലനില്‍ക്കുന്നത്. എന്നിരുന്നാലും പശ്ചിമേഷ്യന്‍ യുദ്ധവും ക്രൂഡ് വിലവര്‍ധനയും പണപ്പെരുപ്പ ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആര്‍ബിഐ നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തുമോ എന്നും രാജ്യം ഉറ്റു നോക്കുന്നു.
ചാര്‍ജുകള്‍ ഉയര്‍ത്തി ബാങ്കുകള്‍
നാലാമതായി, ഓഗസ്റ്റ് 1 മുതല്‍ വിവിധ ബാങ്കുകള്‍ തങ്ങളുടെ സര്‍വീസ് ചാര്‍ജുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എസ്എംഎസ് അലര്‍ട്ട് ഫീ 30 പൈസയായി വര്‍ധിപ്പിച്ചിരിക്കുന്നു. ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക ഫീ, ട്രാന്സാക്ഷന് ഫീ, മറ്റ് സര്‍വീസ് ചാര്‍ജുകള്‍ എന്നിവയിലെ മാറ്റങ്ങള്‍ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് മനസിലാക്കുക. കൊട്ടാക് മഹീന്ദ്ര ബാങ്കും ആക്സിസ് ബാങ്കും ഡെബിറ്റ് കാര്‍ഡിന്റെ ഡിസിസി ഫീ 3.5% ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
ഡെറിവേറ്റീവ് ട്രേഡിംഗിന്റെ സമയം മാറുന്നു
അഞ്ചാമതായി, ഓഹരി വിപണിയില്‍ ഓഗസ്റ്റ് 3 മുതല്‍ ഒരു നിര്‍ണായക സമയമാറ്റം വന്നിരിക്കുന്നു. എഫ് ആന്‍ഡ് ഒ വിഭാഗത്തിലുള്ള ഓഹരികളുടെ നോര്‍മല്‍ ട്രേഡിംഗ് ഇനി 3.15 ന് അവസാനിക്കും. 3.35 വരെ ക്ലോസിംഗ് ഓക്ഷന് സെഷന് അഥവാ സിഎഎസ് ആയിരിക്കും. എഫ് ആന്‍ഡ് ഒ ഡെറിവേറ്റീവുകളുടെ ട്രേഡിംഗ് സമയം 10 മിനിറ്റ് കൂടി 3.40 വരെ ആക്കിയിട്ടുണ്ട്. വൈകിട്ട് 3.50 മുതല്‍ 4 മണി വരെയായിരിക്കും പോസ്റ്റ് ക്ലോസിംഗ് സെഷന്. ട്രേഡര്‍മാര്‍ ഈ പുതിയ സമയക്രമം ശ്രദ്ധിക്കുക.




