കുട്ടികളുടെ പഠനം ഓണ്‍ലൈനായതോടെ ഫോണ്‍ കൈയില്‍ കൊടുക്കാതിരിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയിലാണ് പല രക്ഷിതാക്കളും. എന്നാല്‍, പഠനത്തിന്റെ മറവില്‍ മൊബൈല്‍ ഗെയിമുകള്‍ക്ക് പിന്നാലെ പായുന്ന പിഞ്ചുമനസ്സുകള്‍ കുടുംബങ്ങളെ തള്ളിവിടുന്നത് വന്‍ സാമ്പത്തിക ദുരന്തത്തിലേക്കാണ്. അത്തരത്തില്‍, സ്കൂള്‍ പഠനത്തിനെന്ന് പറഞ്ഞ് അച്ഛന്റെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയ മകന്, ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി 42,000-ത്തിലധികം രൂപ കളഞ്ഞെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ ചോര്‍ന്നതോടെ എന്തുചെയ്യണമെന്നറിയാതെ കണ്ണീരണിഞ്ഞിരിക്കുകയാണ് സാധാരണക്കാരനായ പിതാവും കുടുംബവും.
ഇന്ത്യയില്‍ കുട്ടികള്‍ മാതാപിതാക്കളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിമുകളില്‍ പണം ചിലവഴിക്കുന്ന സംഭവങ്ങള്‍ വലിയ രീതിയില്‍ വര്‍ധിച്ചുവരികയാണ്. ആയിരങ്ങള്‍ മുതല്‍ ലക്ഷക്കണക്കിന് രൂപ വരെ മാതാപിതാക്കള്‍ അറിയാതെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെടുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
പഠനത്തിന്റെ മറവില്‍
സ്കൂള്‍ പഠന ആവശ്യങ്ങള്‍ക്കാണെന്ന് വിശ്വസിപ്പിച്ചാണ് മകന് പിതാവില്‍ നിന്ന് സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയത്. എന്നാല്‍ പഠനത്തിന് പകരം കുട്ടി മൊബൈലില്‍ ഗെയിമുകള്‍ കളിക്കുകയും, ഗെയിമുകളിലെ ഫീച്ചറുകളും ബാഡ്ജുകളും വാങ്ങാനായി പിതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തുക ചെലവാക്കുകയുമായിരുന്നു. ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പിതാവ് വിവരം അറിയുന്നത്. എന്നാല്‍ അപ്പോഴേക്കും 42,000 രൂപയിലധികം നഷ്ടപ്പെട്ടിരുന്നു.
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?
ഫ്രീ ഫയര്‍, റോബ്ലോക്സ് തുടങ്ങിയ ജനപ്രിയ ഗെയിമുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ ഗെയിമിലെ കഥാപാത്രങ്ങള്‍ക്ക് നല്ല വസ്ത്രങ്ങള്‍, തോക്കുകള്‍ തുടങ്ങിയ ആക്സസറികള്‍, അല്ലെങ്കില്‍ അടുത്ത ലെവലിലേക്ക് പോകാനുള്ള പോയിന്റുകള്‍ എന്നിവ ലഭിക്കാന്‍ പണം നല്‍കണം. ഫോണിലെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പോകുന്നത് മാതാപിതാക്കള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ യഥാര്‍ത്ഥ പണമാണെന്ന് പലപ്പോഴും ചെറിയ കുട്ടികള്‍ക്ക് മനസ്സിലാകുന്നില്ല. അത് ഗെയിമിലെ വെറുമൊരു ‘കോയിന്’ ആണെന്ന് മാത്രമാണ് അവര്‍ കരുതുന്നത്. മാതാപിതാക്കളുടെ ഫോണില്‍ ഗൂഗിള്‍ പേ, ഫോണ്‍പേ അല്ലെങ്കില്‍ ബാങ്ക് കാര്‍ഡുകളുടെ വിവരങ്ങള്‍ സേവ് ചെയ്തിട്ടുണ്ടാകും. ഒരു ക്ലിക്കില്‍ തന്നെ പണം കൈമാറാന്‍ ഇത് കുട്ടികള്‍ക്ക് എളുപ്പമാക്കുന്നു. കൂട്ടുകാരുടെ ഇടയില്‍ ഗെയിമിംഗിലെ വലിയ റാങ്ക് കാണിക്കാനും, ഗെയിമുവായി ബന്ധപ്പെട്ട അപൂര്‍വ്വമായ വസ്തുക്കള്‍ സ്വന്തമാക്കാനും കുട്ടികള്‍ ആഗ്രഹിക്കുന്നതും കാര്യങ്ങള്‍ വഷളാക്കുന്നുണ്ട്.
രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുക
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും കുട്ടികള്‍ അടിമപ്പെടുന്നത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് വിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. യുപഐ പിന് നമ്പറുകള്‍, ബാങ്ക് അക്കൗണ്ട് പാസ്വേഡുകള് എന്നിവ കുട്ടികള്‍ക്ക് അറിയാത്ത രീതിയില്‍ സുരക്ഷിതമാക്കുക. ഫോണില്‍ വരുന്ന ബാങ്ക് സന്ദേശങ്ങളും ഒടിപികളും ക്രമമായി പരിശോധിക്കുക. കുട്ടികളുടെ ഫോണ്‍ ഉപയോഗവും പ്ലേ സ്റ്റോറിലെ വാങ്ങലുകളും പരിമിതപ്പെടുത്താന്‍ ഫോണുകളിലെ പാരന്റല്‍ കണ്ട്രോള് ഫീച്ചറുകള്‍ ഉപയോഗപ്പെടുത്തുക.




