ആണവശക്തി സുരക്ഷിതമെന്ന് ഖമനേയി
ഇറാന്റെ ആണവ ശക്തിക്കും മിസൈല്‍ കരുത്തിനും ഒരു പോറലുമേറ്റിട്ടില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ ഖമനേയി അവകാശപ്പെട്ടു. ഇറാന്റെ തന്ത്രപരമായ ആയുധങ്ങളെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ പോലെ കാത്തുസൂക്ഷിക്കുമെന്നും ഖമനേയി പറഞ്ഞു. ശത്രു സൈനികര്‍ക്ക് ഹൃദയാഘാതം ഉണ്ടാക്കുന്ന ആയുധം യുഎസ്-ഇസ്രയേല്‍ സൈന്യത്തിന് മേല്‍ പ്രയോഗിക്കുമെന്ന് ഇറാന് നാവികസേനാ മേധാവി ഷഹറാം ഇറാനി മുന്നറിയിപ്പ് നല്കി.
പുടിന്-ട്രംപ് ചര്‍ച്ച
അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഇറാന് യുദ്ധ സാഹചര്യം ചര്‍ച്ച ചെയ്തു. ഒന്നര മണിക്കൂറോളമാണ് ഇരു നേതാക്കളും സംസാരിച്ചത്. വെടിനിര്‍ത്തല്‍ തീരുമാനത്തെ പുടിന് സ്വാഗതം ചെയ്തു. യുഎസും ഇറാനും വീണ്ടും ആക്രമണതത്തിലേക്ക് നീങ്ങിയാല്‍ ലോകത്തിനു തന്നെ അത് വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പുടിന് മുന്നറിയിപ്പ് നല്കി.
95.35 വരെ ഇടിഞ്ഞ് രൂപ
അന്താരാഷ്ട്ര എണ്ണവിലയില്‍ നേരിയ കുറവ് വ്യാഴാഴ്ച ദൃശ്യമായി. 111 ഡോളറിലേക്ക് ബ്രെന്റ് ക്രൂഡ് വില താഴ്ന്നു. അതേ സമയം സ്വര്‍ണത്തിന്റെ മൂല്യം ഉയരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 1.9% ഉയര്‍ന്ന് 4630 ഡോളറിലെത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 13,810 രൂപയിലെത്തി. പവന് 160 വര്‍ധിച്ച് 1,10,480 രൂപയുമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 95.35 എന്ന പുതിയ റെക്കോഡ് സൃഷ്ടിച്ച് ഇടിഞ്ഞു. ദിനാന്ത്യത്തില്‍ 94.96 ലേക്ക് രൂപ നില മെച്ചപ്പെടുത്തി.
അദാനി പോര്‍ട്സിന് മികച്ച ക്യു4 ഫലം
ഇന്ന് പ്രഖ്യാപിച്ച നാലാം പാദ ഫലങ്ങള്‍ പരിശോധിക്കാം. അദാനി പോര്‍ട്സിന്റെ അറ്റ ലാഭം നാലാം പാദത്തില്‍ 10% ഉയര്‍ന്ന് 3,329 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം 26.5% വര്‍ധിച്ച് 10,737 കോടി രൂപയായി. 7.5 രൂപ ലാഭവിഹിതവും അദാനി പോര്‍ട്സ് പ്രഖ്യാപിച്ചു. അതേസമയം മറ്റൊരു അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ റിസല്‍ട്ട് നിരാശപ്പെടുത്തി. 221 കോടി രൂപയുടെ അറ്റ നഷ്ടത്തിലാണ് നാലാം പാദത്തില്‍ കമ്പനി. എയര്‍പോര്‍ട്ട്, ഡാറ്റ സെന്റര്‍ ബിസിനസുകള്‍ നേട്ടത്തിലായിരുന്നെങ്കിലും കല്‍ക്കരി വിപണന ബിസിനസിലാണ് അദാനി എന്റര്‍പ്രൈസസിന് തിരിച്ചടിയേറ്റത്.
പ്രിയങ്കയുടെ അനോമലിയെ ഏറ്റെടുത്ത് റിലയന്‍സ്
പ്രിയങ്ക ചോപ്രയുടെ ഹെയര്‍ കെയര്‍ ബ്രാന്‍ഡായ അനോമലിയെ ഏറ്റെടുത്ത് റിയയന്‍സ് റീട്ടെയ്ല്‍. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ബ്രാന്‍ഡാണ് 2021 ല്‍ പ്രിയങ്ക സ്ഥാപിച്ച വീഗന്‍ ഹൈ പെര്‍ഫോമന്‍സ് ഹെയര്‍കെയര്‍ ബ്രാന്‍ഡായ അനോമലി. പ്രിയങ്ക സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി ചുമതലയേല്‍ക്കും. പുതിയ തലമുറയിലേക്ക് കടന്നു ചെല്ലാനുള്ള തന്ത്രപരമായ ഏറ്റെടുപ്പാണിതെന്ന് റിലയന്‍സ് റീട്ടെയ്ല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു.




