ജനവിധിയിലൂടെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായി ചരിത്രം കുറിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ദീര്‍ഘകാല ഭരണ റെക്കോഡാണ് മോദി മറികടന്നത്. സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണിത്.
2014 മേയ് 26-നാണ് നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2019-ലും 2024-ലും നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ച് അദ്ദേഹം തുടര്‍ച്ചയായി മൂന്നാം തവണയും രാജ്യത്തിന്റെ ഭരണച്ചുമതല ഏറ്റെടുത്തു. ഇതോടെ മൂന്ന് ടേമുകളിലായി 4,399 ദിനങ്ങള്‍ പ്രധാനമന്ത്രി പദത്തില്‍ പൂര്‍ത്തിയാക്കി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഇന്ത്യ ഭരിച്ച നേതാവെന്ന നേട്ടമാണ് മോദി സ്വന്തമാക്കിയത്.
മോദി അധികാരത്തിലെത്തുമ്പോള്‍ ഏകദേശം 2 ട്രില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ വലിപ്പം. ഒരു ദശാബ്ദത്തിനിടെ ഇത് 4 ട്രില്യണ്‍ ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുകയും കൂടുതല്‍ സ്വാധീനമുള്ള ലോക ശക്തിയായി ഉയരുകയും ചെയ്തു. യുപിഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളിലൂടെ ധനകാര്യ മേഖലയിലെ ഡിജിറ്റല്‍ വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നല്കി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ റിയല്‍ ടൈം ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലൊന്നാണ് ഇന്ത്യയുടേത്.
റെയില്‍വേയുടെ ആധുനികവല്‍ക്കരണം, വന്ദേഭാരത് ട്രെയിനുകളുടെ വ്യാപനം, ദേശീയപാത വികസനം, ഗ്രാമീണ റോഡ് ശൃംഖലയുടെ ശക്തിപ്പെടുത്തല്‍, വിമാനത്താവളങ്ങളുടെ എണ്ണം വര്‍ധിപ്പിക്കല്‍ എന്നിവ മോദി ഭരണകാലത്തിന്റെ പ്രധാന സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതികളുടെ ഭാഗമായി പ്രതിരോധ മേഖലയിലെ ആഭ്യന്തര ഉല്പാദനവും കയറ്റുമതിയും റെക്കോഡ് ഉയരത്തിലെത്തിയതും ശ്രദ്ധേയമാണ്.
അതേസമയം, തൊഴില്‍ സൃഷ്ടി, കാര്‍ഷിക മേഖലയിലെ വരുമാന വര്‍ധന, വരുമാന അസമത്വം കുറയ്ക്കല്‍ തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളികള്‍ തുടരുകയാണ്. കൃത്രിമ ബുദ്ധി, സെമികണ്ടക്റ്റര്‍ നിര്‍മാണം തുടങ്ങിയ ഭാവി സാങ്കേതിക മേഖലകളില്‍ ആഗോള മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ വേഗത്തില്‍ മുന്നേറേണ്ടതുണ്ടെന്ന വിലയിരുത്തലും ശക്തമാണ്. ഏറ്റവുമൊടുവില്‍ ഇറാന് യുദ്ധവും എണ്ണവില വര്‍ധനയും രൂപയുടെ മൂല്യമിടിവും പോലെയുള്ള പ്രതിസന്ധികളും മോദിക്ക് മുന്നില്‍ കനത്ത വെല്ലുവിളിയായുണ്ട്.
പരസ്പരം ആക്രമിച്ച് ഇറാനും യുഎസും, എണ്ണവില കുതിക്കുന്നു
സമാധാനമില്ലാതെ വീണ്ടും പശ്ചിമേഷ്യ. യുഎസിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാന് ഹോര്‍മുസില്‍ വെടിവെച്ചു വീഴ്ത്തിയതിന് പിന്നാലെ ഇറാനില്‍ യുഎസ് സേന വ്യോമാക്രമണം നടത്തി. തിരച്ചടിയായി ബഹ്റൈനിലെ യുഎസ് നാവികസേനാ കപ്പല്‍ ഇറാന് ആക്രമിച്ചു.
സമാധാനം മൂന്നു ദിവസത്തിനകമെന്ന ട്രംപിന്റെ പ്രസ്താവനയെ താല്‍ക്കാലികമായി അപ്രസക്തമാക്കുന്നതാണ് ഇന്നത്തെ സംഭവ വികാസങ്ങള്‍. ഇന്നലെ മുതല്‍ താഴാനാരംഭിച്ച ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു തുടങ്ങി. ബ്രെന്റ് ക്രൂഡ് വില 1.7% ഉയര്‍ന്ന് 92.96 ല്‍ എത്തി. യുഎസ് ഡബ്ല്യുടിഐ ക്രൂഡ് വില 2% ഉയര്‍ന്ന് 90 ഡോളറിലേക്കുമെത്തി.
സ്വര്‍ണത്തില്‍ കനത്ത ഇടിവ്
സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ് ദൃശ്യമായി. അന്താരാഷ്ട്ര സ്വര്‍ണവില 2.68% ഇടിഞ്ഞ് 4147 ഡോളറിലെത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയിലെത്തി. പവന് 3,160 രൂപ കുറഞ്ഞ് 1,09,160 രൂപയാണ് ഇന്നത്തെ വില. ഇറാന് വീണ്ടും സംഘര്ഷമുഖരിതമായതും പെട്രോളിയം വില ഉയരുന്നതുമാണ് സ്വര്‍ണത്തിനെ പിന്നോട്ടടിപ്പിക്കുന്നത്.
വിപണി വീണ്ടും സമ്മര്‍ദ്ദത്തില്‍
ഓഹരി വിപണിയിലും ഇന്ന് സമ്മര്‍ദ്ദം ദൃശ്യമായിരുന്നു. 74,613 വരെ മുന്നേറിയ സെന്‍സെക്സ് പിന്നീട് 630 പോയന്റ് ഇടിഞ്ഞ് 73,983 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും 23,425 വരെ മുന്നേറിയെങ്കിലും പിന്നീട് 23214 ലേക്കിറങ്ങി വ്യാപാരം അവസാനിപ്പിച്ചു. എഫ്എംസിജി ഓഹരികളും പ്രൈവറ്റ് ബാങ്ക് ഓഹരികളുമാണ് ഇന്ന് നേട്ടം നിലനിര്‍ത്തിയത്. ആക്സിസ്, കൊട്ടാക് മഹീന്ദ്ര, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ ഒരു ശതമാനത്തിലേറെ മുന്നേറി.




