ഇന്തോനേഷ്യക്ക് ലഭിക്കും ബ്രഹ്മോസ്
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ ഉയരങ്ങളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യ സന്ദര്‍ശനത്തിനിടെ, ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വാങ്ങാനുള്ള പ്രതിരോധ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. കരാറിന്റെ മൂല്യം ഏകദേശം 3,000 കോടി രൂപയോളമാണ്. ആദ്യഘട്ടത്തില്‍ തീര മേഖലയുടെ സംരക്ഷണത്തിനായി ഒരു ബ്രഹ്മോസ് മിസൈല്‍ ബാറ്ററിയാണ് ഇന്തോനേഷ്യ വാങ്ങുക. ഇന്ത്യയുടെ അസ്ത്ര എയര്‍-ടു-എയര്‍ മിസൈലും പ്രതിരോധ ഉടമ്പടിയുടെ ഭാഗമായി ഇന്തോനേഷ്യക്ക് ലഭിക്കും.
ഫിലിപ്പീന്‍സിനും വിയറ്റ്നാമിനും പിന്നാലെ ബ്രഹ്മോസ് മിസൈല്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്തോനേഷ്യ ഇതോടെ മാറുകയാണ്. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിക്കും ഇന്‍ഡോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന പങ്കാളിത്തത്തിനും ഇത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. യുഎഇ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ചിലി തുടങ്ങി ഡസനോളം രാജ്യങ്ങള്‍ ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
—————
ഇറാന് വീണ്ടും സംഘര്‍ഷത്തിലേക്ക്?
ഒരിടവേളയ്ക്ക് ശേഷം ഇറാനില്‍ വീണ്ടും സംഘര്‍ഷ സാധ്യത ഉയരുകയാണ്. ഹോര്‍മുസില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന് ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇറാനെ തീര്ത്തുകളുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണ ശുദ്ധീകരണ ശാലകളും തകര്‍ക്കുമെന്നും ട്രംപ് പറഞ്ഞു. ഭീഷണിക്ക് പിന്നാലെ ബ്രെന്റ് ക്രൂഡ് വില 72.67 ഡോളറിലേക്ക് ഉയര്‍ന്നു.
——————
കൊച്ചിന് ഷിപ്യാര്ഡ് ഓഹരികളുടെ ഒഎഫ്എസ് ആരംഭിച്ചു; ഓഹരി വില 4% ഇടിഞ്ഞു
കൊച്ചിന് ഷിപ്യാര്ഡിന്റെ 5% ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ ആരംഭിച്ചു. 1,400 രൂപ നിരക്കിലാണ് കേന്ദ്ര സര്‍്ക്കാര്‍ ഓഹരികള്‍ വില്‍ക്കുന്നത്. ഇന്ന് റീട്ടെയ്ല്‍ ഇതര വിഭാഗക്കാര്‍ക്കും നാളെ റീട്ടെയ്ലര്മാര്ക്കും ഒഎഫ്എസില്‍ പങ്കെടുത്ത് ഓഹരികള്‍ വാങ്ങാം. ഡിസ്കൗണ്ടില്‍ ഓഹരികള്‍ വില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് കൊച്ചിന് ഷിപ്യാര്ഡ് ഓഹരിവില 4% ഇടിഞ്ഞ് 1,445 രൂപയിലെത്തി.
————————-
ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം തന്നെയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. കൊച്ചി-തൂശൂര്‍ ഗോള്‍ഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സ്വര്‍ണവിലയില്‍ കനത്ത ഇടിവാണ് സംഭവിക്കുന്നത്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,315 രൂപയിലെത്തി. പവന് 1,000 രൂപ കുറഞ്ഞ് 1,06,520 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര സ്വര്‍ണവില ഒരു ശതമാനത്തോളം ഇടിഞ്ഞ് 4,134 ഡോളറിലേക്കെത്തി. ക്രൂഡ് ഓയിലിന്റെയും ഡോളറിന്റെയും മൂല്യം ഉയരാനാരംഭിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായിരിക്കുന്നത്.
—————-




